Connect with us

International

അബുദാബിയിലെ ബറക ആണവനിലയത്തിന് സമീപം ഡ്രോൺ ആക്രമണം; ജനറേറ്ററിന് തീപിടിച്ചു, സുരക്ഷാ ആശങ്കകളില്ലെന്ന് അധികൃതർ

ആക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും ആണവനിലയത്തിന്റെ സുരക്ഷിതത്വത്തെയോ റേഡിയേഷൻ അളവിനെയോ ബാധിക്കുന്ന തരത്തിലുള്ള യാതൊരുവിധ റേഡിയോ ആക്ടീവ് ചോർച്ചയും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അബുദാബി മീഡിയ ഓഫീസ് ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ വ്യക്തമാക്കി

Published

|

Last Updated

അബുദാബി | യു എ ഇയിലെ അബുദാബി അൽ ദഫ്ര മേഖലയിൽ പ്രവർത്തിക്കുന്ന ബറക ആണവോർജ്ജ നിലയത്തിന് നേരെ ഡ്രോൺ ആക്രമണം. ആക്രമണത്തെ തുടർന്ന് ആണവനിലയത്തിന്റെ ഉൾപ്രദേശത്തിന് പുറത്തുള്ള ഇലക്ട്രിക്കൽ ജനറേറ്ററിൽ വൻ തീപിടിത്തമുണ്ടായി. ഞായറാഴ്ചയാണ് സംഭവം നടന്നത്. അബുദാബിയിലെ സിവിൽ ഡിഫൻസ് അടക്കമുള്ള സുരക്ഷാ സേനകൾ ഉടനടി സ്ഥലത്തെത്തി തീപിടിത്തം പൂർണ്ണമായും നിയന്ത്രണവിധേയമാക്കി.

ആക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും ആണവനിലയത്തിന്റെ സുരക്ഷിതത്വത്തെയോ റേഡിയേഷൻ അളവിനെയോ ബാധിക്കുന്ന തരത്തിലുള്ള യാതൊരുവിധ റേഡിയോ ആക്ടീവ് ചോർച്ചയും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അബുദാബി മീഡിയ ഓഫീസ് ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. ആണവനിലയത്തിന്റെ പ്രധാന സുരക്ഷാ വേലികൾക്ക് പുറത്തുള്ള ഭാഗത്താണ് സംഭവം നടന്നത്.

യു എ ഇയിലെ ആണവ രംഗത്തെ നിയന്ത്രണ ബോർഡായ ഫെഡറൽ അതോറിറ്റി ഫോർ ന്യൂക്ലിയർ റെഗുലേഷൻ (എഫ് എ എൻ ആർ) സംഭവത്തിൽ വിശദീകരണം നൽകിയിട്ടുണ്ട്. തീപിടിത്തം ആണവനിലയത്തിന്റെ സുരക്ഷയെയോ അതിന്റെ പ്രധാന സംവിധാനങ്ങളുടെ പ്രവർത്തന സജ്ജതയെയോ യാതൊരു വിധത്തിലും ബാധിച്ചിട്ടില്ലെന്നും നിലയത്തിലെ എല്ലാ യൂണിറ്റുകളും സാധാരണ നിലയിൽ തന്നെയാണ് പ്രവർത്തിക്കുന്നതെന്നും അധികൃതർ സ്ഥിരീകരിച്ചു.

മേഖലയിൽ ആവശ്യമായ എല്ലാ മുൻകരുതൽ നടപടികളും അധികൃതർ സ്വീകരിച്ചിട്ടുണ്ട്. ഈ സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് ഔദ്യോഗികമായി പുറത്തുവിടുമെന്ന് അധികൃതർ അറിയിച്ചു. സമൂഹമാധ്യമങ്ങളിലൂടെയും മറ്റും വ്യാജ വാർത്തകളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കരുതെന്നും പൊതുജനങ്ങൾ ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും അബുദാബി മീഡിയ ഓഫീസ് കർശന നിർദേശം നൽകിയിട്ടുണ്ട്.

നിലവിലെ പ്രാദേശിക യുദ്ധസാഹചര്യങ്ങൾക്കിടയിൽ ബറക ആണവനിലയത്തിന് നേരെ നടക്കുന്ന ആദ്യ ഡ്രോൺ ആക്രമണമാണിത്.

Content Highlights:

A drone strike caused a fire at an external electrical generator outside the inner perimeter of the Barakah Nuclear Energy Plant in Abu Dhabi’s Al Dhafra region. UAE authorities quickly contained the blaze, reporting no injuries or changes in radiological safety levels. The Federal Authority for Nuclear Regulation (FANR) confirmed that the plant’s essential systems remain unaffected and all units are operating normally. Officials have urged the public to rely strictly on verified information from official sources.

Latest