Connect with us

Kerala

അമിത് ഷായുടെ സന്ദര്‍ശനം; കണ്ണൂര്‍ വിമാനത്താവള പരിധിയില്‍ മൂന്ന് ദിവസത്തേക്ക് ഡ്രോണ്‍ നിരോധനം

വിമാനങ്ങള്‍ ഇറങ്ങുന്നതിനോ പറന്നുയരുന്നതിനോ തടസ്സമാവുന്ന രീതിയില്‍ ഇത്തരത്തില്‍ ഏതെങ്കിലും പ്രവര്‍ത്തനം കണ്ടാല്‍ അടുത്ത പോലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കണമെന്നും ജില്ലാ കലക്ടര്‍

Published

|

Last Updated

കണ്ണൂര്‍ \  കണ്ണൂര്‍ വിമാനത്താവളത്തിന്റെ അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ വെള്ളിയാഴ്ച രാവിലെ മുതല്‍ മൂന്ന് ദിവസത്തേക്ക് ഡ്രോണ്‍, പാരാഗ്ലൈഡര്‍, ഹോട്ട് എയര്‍ ബലൂണുകള്‍, മറ്റേതെങ്കിലും ആളില്ലാത്ത വ്യോമ വാഹനങ്ങള്‍ എന്നിവ ഉപയോഗിക്കുന്നത് നിരോധിച്ചു ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്ര സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തിലാണ് നിരോധനം. പൊലീസ്, പാരാമിലിറ്ററി, എയര്‍ഫോഴ്സ്, എസ്പിജി തുടങ്ങിയവയ്ക്ക് നിരോധനം ബാധകമല്ലെന്ന് അറിയിപ്പില്‍ കലക്ടര്‍ പറഞ്ഞു.

വിമാനത്താവളത്തിന്റെ അതിര്‍ത്തി മുതല്‍ അഞ്ച് കിലോമീറ്റര്‍ എന്ന നിലക്കാണ് ചുറ്റളവ് കണക്കാക്കിയത്. വിമാനങ്ങള്‍ ഇറങ്ങുന്നതിനോ പറന്നുയരുന്നതിനോ തടസ്സമാവുന്ന രീതിയില്‍ ഇത്തരത്തില്‍ ഏതെങ്കിലും പ്രവര്‍ത്തനം കണ്ടാല്‍ അടുത്ത പോലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കണമെന്നും ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ അറയിച്ചു.

ഡ്രോണ്‍ പറത്തുന്നതിനെതിരെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവള ലിമിറ്റഡ് (സിയാല്‍) പോലീസില്‍ പരാതി നല്‍കിയിരുന്നു. അധികൃതരുടെ അനുമതിയില്ലാതെ ഡ്രോണ്‍ പറത്തുന്നതും ഉത്സവകാലങ്ങളില്‍ പരസ്യപ്രചരണാര്‍ഥം ലേസര്‍ ബീമുകള്‍ ഉപയോഗിക്കുന്നതും വ്യോമയാനത്തിന് ഭീഷണിയാണെന്ന് കാണിച്ചാണ് പരാതി നല്‍കിയത്.

Latest