Connect with us

Kerala

കേരള വികസനത്തിൻ്റെ ചാലകശക്തി: കിഫ്ബിക്ക് 25 വയസ്സ്; രജത ജൂബിലി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കം

1999 നവംബർ 11-ന് നിലവിൽ വന്ന കിഫ്ബി ഒരു ലക്ഷം കോടിയോളം രൂപ മൂല്യം വരുന്ന വൻകിട പദ്ധതികൾ ഏറ്റെടുത്ത് സംസ്ഥാനത്തിൻ്റെ വികസന പ്രക്രിയയിൽ സുപ്രധാന ചാലകശക്തിയായി മാറുകയുണ്ടായി.

Published

|

Last Updated

തിരുവനന്തപുരം | കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസന മേഖലയിൽ നിർണ്ണായകമായ സംഭാവനകൾ നൽകിക്കൊണ്ടിരിക്കുന്ന കിഫ്ബി പ്രവർത്തനത്തിൻ്റെ കാൽനൂറ്റാണ്ട് പൂർത്തിയാക്കി. 1999 നവംബർ 11-ന് നിലവിൽ വന്ന കിഫ്ബി ഒരു ലക്ഷം കോടിയോളം രൂപ മൂല്യം വരുന്ന വൻകിട പദ്ധതികൾ ഏറ്റെടുത്ത് സംസ്ഥാനത്തിൻ്റെ വികസന പ്രക്രിയയിൽ സുപ്രധാന ചാലകശക്തിയായി മാറുകയുണ്ടായി. കിഫ്ബിയുടെ രജത ജൂബിലി ആഘോഷങ്ങൾ ഇന്ന് വൈകിട്ട് 6 മണിക്ക് നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

90,562 കോടിയുടെ പദ്ധതികൾക്ക് അംഗീകാരം

നിലവിൽ 1190 പദ്ധതികളിലായി 90,562 കോടി രൂപയുടെ പദ്ധതികൾക്കാണ് കിഫ്ബി അംഗീകാരം നൽകി മുന്നോട്ട് പോകുന്നത്. നിർമ്മാണ പദ്ധതികൾ, ദേശീയപാതകൾക്കും വ്യാവസായിക അടിസ്ഥാന സൗകര്യങ്ങൾക്കുമുള്ള ഭൂമി ഏറ്റെടുക്കൽ, ആരോഗ്യ-വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാവശ്യമായ ഉപകരണങ്ങൾ ലഭ്യമാക്കൽ എന്നിവ ഉൾപ്പെടെ വിവിധ പദ്ധതികൾക്കായി 37,388 കോടി രൂപ കിഫ്ബി ഇതിനോടകം ചെലവഴിച്ചിട്ടുണ്ട്.

നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി കിഫ്ബി സ്മരണികയും മലയാളം മാസികയും പ്രകാശനം ചെയ്യും. പൊതുവിദ്യാഭ്യാസം, തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി, ഭക്ഷ്യ, സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ. ജി.ആർ. അനിൽ, സ്പോർട്സ്, വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, വി.കെ. പ്രശാന്ത് എം.എൽ.എ, ഡോ. ശശി തരൂർഎം.പി, തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. ഡി. സുരേഷ് കുമാർ തുടങ്ങിയവരും പങ്കെടുക്കും. ഉദ്ഘാടന ചടങ്ങിന് ശേഷം സംഗീത നിശയും അരങ്ങേറും.

Latest