Connect with us

Ongoing News

ജയത്തിന് തുല്യമായ സമനില; രഞ്ജിയില്‍ കേരളം സെമിയില്‍

ക്വാര്‍ട്ടറില്‍ ജമ്മു കശ്മീരിനോട് സമനില പിടിച്ചാണ് കേരളം സെമി ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തത്. ആദ്യ ഇന്നിങ്‌സില്‍ നേടിയ ഒരു റണ്‍സ് ലീഡിന്റെ ബലത്തിലാണ് സെമി പ്രവേശം.

Published

|

Last Updated

പൂനെ | രഞ്ജി ട്രോഫിയില്‍ ജയത്തിന് സമാനമായ സമനിലയോടെ കേരളം സെമിയില്‍. ക്വാര്‍ട്ടറില്‍ ജമ്മു കശ്മീരിനോട് സമനില പിടിച്ചാണ് കേരളം സെമി ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തത്.

ആദ്യ ഇന്നിങ്‌സില്‍ നേടിയ ഒരു റണ്‍സ് ലീഡിന്റെ ബലത്തിലാണ് സെമി പ്രവേശം. ഈമാസം 17ന് തുടങ്ങുന്ന സെമിയില്‍ ഗുജറാത്താണ് കേരളത്തിന്റെ എതിരാളി. രണ്ടാം സെമിയില്‍ മുംബൈ, വിദര്‍ഭയുമായി ഏറ്റുമുട്ടും. ഇത് രണ്ടാം തവണയാണ് കേരളം രഞ്ജി ട്രോഫി സെമിയില്‍ ഇടം കണ്ടെത്തുന്നത്. 2018-19 സീസണിലായിരുന്നു കേരളം ആദ്യമായി സെമിയിലെത്തിയത്. 2017-18 സീസണിലാണ് ആദ്യമായി ക്വാര്‍ട്ടറിലെത്തിയത്.

ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വറി നേടിയ സല്‍മാന്‍ നിസാര്‍ രണ്ടാം ഇന്നിങ്‌സിലും കേരളത്തിനായി തിളങ്ങി. മധ്യനിരയുടെ തകര്‍ച്ചയോടെ പരാജയ ഭീഷണി നേരിട്ട കേരളം സല്‍മാന്‍ നിസാറിന്റെയും മുഹമ്മദ് അസറുദ്ദീന്റെയും ഉജ്ജ്വലമായ ചെറുത്തുനില്‍പ്പോടെ സമനില നേടുകയായിരുന്നു.

399 വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കേരളം 100ന് രണ്ട് എന്ന നിലയിലാണ് നാലാം ദിനം ക്രീസിലിറങ്ങിയത്. വലിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റു വീശി വിക്കറ്റ് കളയാതെ സമനിലക്കു വേണ്ടി തന്നെയാണ് കേരളം കളിച്ചത്. കളി അവസാനിക്കുമ്പോള്‍ ആറ് വിക്കറ്റിന് 291 റണ്‍സ് എന്ന നിലയിലായിരുന്നു കേരളം.

ജമ്മു കശ്മീരിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 280 റണ്‍സിന് മറുപടിയായി കേരളം 281 റണ്‍സെടുത്തിരുന്നു. ഈ ഒരു റണ്‍സിന്റെ ലീഡാണ് കേരളത്തിന് തുണയായത്. രണ്ടാം ഇന്നിങ്‌സില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് ജമ്മു കശ്മീര്‍ 399 റണ്‍സെടുത്തത്. സ്‌കോര്‍: ജമ്മു കശ്മീര്‍, ആദ്യ ഇന്നിങ്‌സ്- 280, രണ്ടാം ഇന്നിങ്‌സ്- 399, കേരളം- 281, 291/6.

---- facebook comment plugin here -----

Latest