Connect with us

Kozhikode

പി ഡി എഫ് പൂര്‍ത്തീകരിച്ച ഡോ. മുഹമ്മദ് റോഷന്‍ നൂറാനിയെ ആദരിച്ചു

ജാമിഅ മര്‍കസ് ഫൗണ്ടര്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ നേതൃത്വത്തിലായിരുന്നു ആദരം.

Published

|

Last Updated

പൂനൂര്‍ | നെഹ്റു പോസ്റ്റ് ഡോക്ടറല്‍ ഫുള്‍ബ്രൈറ്റ് ഫെല്ലോഷിപ്പ് നേടി യു എസിലെ യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ ബെര്‍ക്ലിയില്‍ നിന്ന് പി ഡി എഫ് പൂര്‍ത്തീകരിച്ച് വന്ന ജാമിഅ മര്‍കസ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് മേധാവിയും ഗവേഷകനുമായ ഡോ. മുഹമ്മദ് റോഷന്‍ നൂറാനിയെ ആദരിച്ചു. ജാമിഅ മര്‍കസ് ഫൗണ്ടര്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ നേതൃത്വത്തിലായിരുന്നു ആദരം. യു എസ് ഡിപാര്‍ട്ട്‌മെന്റ് ഓഫ് സ്റ്റേറ്റിന്റെയും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെയും ധനസഹായത്തോടെ യുണൈറ്റഡ് സ്റ്റേറ്റ്‌സ്-ഇന്ത്യ എജ്യുക്കേഷണല്‍ ഫൗണ്ടേഷന്‍ (യു എസ് ഐ ഇ എഫ്) ഏര്‍പ്പെടുത്തിയ നെഹ്റു പോസ്റ്റ് ഡോക്ടറല്‍ ഫുള്‍ബ്രൈറ്റ് ഫെല്ലോഷിപ്പ് അന്താരാഷ്ട്ര അക്കാദമിക്ക് രംഗത്ത് ഏറ്റവും വിലമതിക്കപ്പെടുന്ന ഗവേഷണ അവാര്‍ഡുകളിലൊന്നാണ്.

യു എസിലെ പബ്ലിക് യൂണിവേഴ്സിറ്റികളില്‍ ഒന്നാമതും ലോകത്തിലെ തന്നെ മികച്ച 10 വിഭ്യാഭ്യാസ കേന്ദ്രങ്ങളിലൊന്നുമായ യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ ബെര്‍ക്കിലീയില്‍ നിന്നും രണ്ടു വര്‍ഷത്തെ ഗവേഷണ പഠനത്തിന് ശേഷമാണ് അദ്ദേഹം തിരിച്ചെത്തിയിരിക്കുന്നത്. ‘ആധുനിക കാലഘട്ടത്തില്‍ ഇസ്‌ലാമിക ജ്ഞാനോത്പാദനത്തിന്റെ രീതിശാസ്ത്രവും പണ്ഡിതരും’ എന്ന വിഷയത്തിലായിരുന്നു അദ്ദേഹത്തിന്റെ ഗവേഷണം.

മര്‍കസ് സെന്റര്‍ ഫോര്‍ എക്സലന്‍സായ പൂനൂര്‍ ജാമിഅ മദീനത്തുന്നൂറിലെ ബിരുദ പഠന ശേഷം ഡല്‍ഹി ജാമിഅ മില്ലിയ സര്‍വകലാശാലയില്‍ നിന്ന് സോഷ്യോളജിയില്‍ ബിരുദാനന്തര ബിരുദം നേടിയ റോഷന്‍ നൂറാനി ചെന്നൈ ഐ ഐ ടി ഡിപാര്‍ട്ട്‌മെന്റ് ഓഫ് ഹ്യുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സസില്‍ നിന്ന് പി എച്ച് ഡി ഗവേഷണവും നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. ‘മാപ്പിള മുസ്‌ലിംകള്‍ക്കിടയില്‍ പ്രവാചകന്‍ മുഹമ്മദ് നബിയോടുള്ള വൈകാരിക ബന്ധവും ആത്മീയ രീതിശാസ്ത്രവും’ എന്നതായിരുന്നു ഗവേഷണ വിഷയം. തുര്‍ക്കി, അമേരിക്ക, മലേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ വിവിധ സര്‍വകലാശാലകള്‍ നടത്തിയ അക്കാദമിക് കോണ്‍ഫറന്‍സുകളില്‍ പേപ്പര്‍ അവതരിപ്പിക്കുകയും നിരവധി അക്കാദമിക്-നോണ്‍ അക്കാദമിക്ക് ജേര്‍ണലുകളില്‍ പ്രബന്ധം പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. മതം, സാമൂഹിക ശാസ്ത്രം, പ്രാദേശിക സംസ്‌കാരങ്ങള്‍, നരവംശശാസ്ത്രം, ഇസ്‌ലാമിന്റെ ബൗദ്ധിക ചരിത്രം, ദക്ഷിണേഷ്യയിലെ ഇസ്‌ലാം എന്നിവയാണ് അദ്ദേഹത്തിന്റെ താത്പര്യ മേഖലകള്‍.

മലപ്പുറം ആക്കോട് സ്വദേശിയായ മുഹമ്മദ് റോഷന്‍ നൂറാനി ചീരക്കോളില്‍ കോണത്ത് വീട്ടില്‍ പരേതനായ സി കെ അബൂബക്കറിന്റെയും എ വി സഫിയയുടെയും മകനാണ്. മുന്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാനും മര്‍കസ് ഡയറക്ടര്‍ ജനറലുമായ സി മുഹമ്മദ് ഫൈസിയുടെ മകള്‍ ഡോ. ഹാഫിസയാണ് ഭാര്യ. മക്കള്‍: ഹസന്‍ ഫാത്തിഹ്, ഹാത്തിം അബൂബക്കര്‍, ഹാമീം അംജദ്.

 

 

 

---- facebook comment plugin here -----