Kerala
സേവ് ബോക്സ് ആപ് തട്ടിപ്പ് കേസ്; നടന്‍ ജയസൂര്യയുടെ 39 ലക്ഷത്തിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി ഇ ഡി
തട്ടിപ്പിലൂടെ സേവ് ബോക്‌സ് നേടിയ കള്ളപ്പണം കൈമാറിയവരുടെ പട്ടികയില്‍ ജയസൂര്യയും ഉള്‍പ്പെട്ടതാണ് അന്വേഷണത്തിന് വഴിയൊരുക്കിയത്
കൊച്ചി| സേവ് ബോക്സ് ആപ് തട്ടിപ്പ് കേസില്‍ നടന്‍ ജയസൂര്യയ്ക്കെതിരെ നടപടിയുമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് (ഇഡി). ജയസൂര്യയുടെ 39 ലക്ഷത്തിന്റെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി. കേസില്‍ ജയസൂര്യയെ പ്രതിചേര്‍ത്തതിന് പിന്നാലെയാണ് ഇഡി നടപടി. സ്ഥാപനത്തിന്റെ ബ്രാന്‍ഡ് അംബാസഡര്‍ ആയിരുന്നു നടന്‍. കേസില്‍ ജയസൂര്യയെ ഇ ഡി ണ്ട് തവണ ചോദ്യം ചെയ്തിരുന്നു. സേവ് ബോക്‌സ് ആപ്പിനെ സാധാരണക്കാര്‍ക്കിടയില്‍ പ്രമോട്ട് ചെയ്യുന്ന തരത്തില്‍ അഭിനയിച്ചെന്ന ആരോപണത്തെ തുടര്‍ന്നാണ് നടനെ ഇഡി ചോദ്യം ചെയ്തത്.
തട്ടിപ്പിലൂടെ സേവ് ബോക്‌സ് നേടിയ കള്ളപ്പണം കൈമാറിയവരുടെ പട്ടികയില്‍ ജയസൂര്യയും ഉള്‍പ്പെട്ടതാണ് അന്വേഷണത്തിന് വഴിയൊരുക്കിയത്. നിക്ഷേപമെന്ന പേരില്‍ നിരവധി ആളുകളില്‍ നിന്ന് കോടികള്‍ തട്ടിയതിന് സേവ് ബോക്‌സ് ആപ്പ് ഉടമ തൃശൂര്‍ സ്വദേശി സാത്വിക് റഹീമിനെ 2023ല്‍ തൃശൂര്‍ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സാത്വിക് റഹീമുമായുള്ള ബന്ധവും സാമ്പത്തിക ഇടപാടുമാണ് ഇ ഡി അന്വേഷിക്കുന്നത്.
അതേസമയം പരസ്യ ആവശ്യങ്ങള്‍ക്കും മറ്റും സമീപിക്കുന്നവര്‍ എന്തൊക്കെ തട്ടിപ്പുകള്‍ നടത്തുമെന്ന് ആര്‍ക്കെങ്കിലും ഊഹിക്കാനാകുമോ എന്നായിരുന്നു സംഭവത്തില്‍ ജയസൂര്യ നേരത്തെ പ്രതികരിച്ചത്.






