Career Notification
പുതിയ സാധ്യതകളുമായി ലോജിസ്റ്റിക്‌സ്
ഉത്പന്നങ്ങളുടെ ഉത്ഭവം മുതൽ ഉപഭോഗ സ്ഥലം വരെയുള്ള ഘടകങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയമായി പഠനശാഖയാണ് ലോജിസ്റ്റിക്‌സ്.
ഉത്പന്നങ്ങളുടെ ഉത്ഭവം മുതൽ ഉപഭോഗ സ്ഥലം വരെയുള്ള ഘടകങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയമായ പഠനശാഖയാണ് ലോജിസ്റ്റിക്‌സ്. ഇന്നത്തെ ഹൈപ്പർ കണക്റ്റഡ് സമ്പദ്‌വ്യവസ്ഥയിൽ സപ്ലൈ ചെയിൻ- ലോജിസ്റ്റിക്‌സ് മേഖലകളുടെ പ്രാധാന്യം വർധിപ്പിച്ചിരിക്കുന്നു. പുതിയ ലോക വ്യവസ്ഥയുടെ ഉദയവും സാങ്കേതിക പുരോഗതിയും വിതരണ ശൃംഖലയുടെ റോൾ പ്രൊഫഷനൽ തലത്തിലേക്ക് ഉയർത്തുകയും ചെയ്തു. ഒരു റിലേ റേസ് പോലെയുള്ള ലോജിസ്റ്റിക്‌സ്- സപ്ലൈ ചെയിൻ രീതിക്രമങ്ങളെക്കുറിച്ച് പഠിക്കുക എന്നത് കൗതുകകരമാണ്.
കോഴ്‌സ് ഉള്ളടക്കം
സപ്ലൈ ചെയിൻ, ലോജിസ്റ്റിക്‌സ് കോഴ്‌സുകൾ ഉത്പന്നങ്ങളുടെ സംഭരണം, പാക്കിംഗ്, ഗതാഗതം, വിതരണം, വെയർഹൗസ് മാനേജ്‌മെന്റ് തുടങ്ങിയവ പഠിപ്പിക്കുന്നു. ഇൻവെന്ററി മാനേജ്‌മെന്റ്, റൂട്ട് പ്ലാനിംഗ്, സപ്ലൈ ചെയിൻ അനലിറ്റിക്‌സ് തുടങ്ങിയവ ശാസ്ത്രീയമായി മനസ്സിലാക്കാൻ സാധിക്കുന്നു. ഉത്പാദന കേന്ദ്രം മുതൽ ഉപഭോക്താവ് വരെ സാധനങ്ങളുടെ സുഗമമായ സംഭരണവും നീക്കവും ആസൂത്രണം ചെയ്യുന്ന രീതി ശാസ്ത്രവും വിദ്യാർഥികൾക്ക് സ്വായത്തമാക്കാം. അതോടൊപ്പം വിവിധ രാജ്യങ്ങളിലെ വാണിജ്യ നിയമങ്ങൾ, ചരക്കുനീക്ക നിയന്ത്രണങ്ങൾ, ട്രാൻസ്‌പോർട്ടേഷൻ, കസ്റ്റംസ് റെഗുലേഷൻസ്, വിദേശ നാണയ വിനിമയം, ചരക്ക് കയറ്റുമതി ഇറക്കുമതി നടപടിക്രമങ്ങൾ, അന്താരാഷ്ട്ര വ്യാപാരം, ഷിപ്പിംഗ് ഡോക്യുമെന്റേഷൻ തുടങ്ങിയ വിഷയങ്ങളും പഠിക്കാം.
ഏത് മേഖല പഠിക്കണം
ഈ പഠന ശാഖയിൽ വിവിധ മേഖലകളുണ്ട്. സപ്ലൈ ചെയിൻ- ലോജിസ്റ്റിക്‌സ് വിഷയത്തിൽ സൂപ്പർവൈസറി വിഭാഗമോ മാനേജ്‌മെന്റ് വിഭാഗമോ എന്ന രീതിയിലുള്ള കോഴ്‌സുകൾ അഭിരുചിക്കനുസരിച്ച് തിരഞ്ഞെടുക്കാം. ഹയർ സെക്കൻഡറി കഴിഞ്ഞവർക്കും ബിരുദധാരികൾക്കുമുള്ള പഠന പ്രോഗ്രാമുകളുണ്ട്. കൂടാതെ ഡിപ്ലോമ കോഴ്‌സുകളുമുണ്ട്. ഇവ ഏതൊക്കെയാണെന്ന് മനസ്സിലാക്കാം.
ബി ബി എ,ബി കോം, എം ബി എ
ബി ബി എയിൽ ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ്/സപ്ലൈ ചെയിൻ മാനേജ്‌മെന്റ്/ഷിപ്പിംഗ് ആൻഡ് ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ്കോഴ്സുകളും ബി കോമിൽ ലോജിസ്റ്റിക്‌സ് ആൻഡ് സപ്ലൈ ചെയിനും എം ബി എയിൽ ലോജിസ്റ്റിക്‌സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ്/ഗ്ലോബൽ സപ്ലൈ ചെയിൻ മാനേജ്‌മെന്റ്/സപ്ലൈ ചെയിൻ അനലിറ്റിക്‌സ് ആൻഡ് മാനേജ്‌മെന്റ്/ഷിപ്പിംഗ് ആൻഡ് ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ്/ഇന്റർനാഷനൽ ട്രാൻസ്‌പോർട്ടേഷൻ ആൻഡ് ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ്കോഴ്സുകളുമാണ് ഉൾപ്പെട്ടിരിക്കുന്നത്. കൂടാതെ ബി എസ് സി, ഡിപ്ലോമ, അഡ്വാൻസ്ഡ് ഡിപ്ലോമ കോഴ്‌സുകളും ചിലയിടങ്ങളിലുണ്ട്.
സ്ഥാപനങ്ങൾ
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോജിസ്റ്റിക്‌സ്, ചെന്നൈ.
ബി കോം (ഷിപ്പിംഗ് ആൻഡ് ലോജിസ്റ്റിക്‌സ്), ബി എസ്‌സി (ഐ ടി ആൻഡ് ലോജിസ്റ്റിക്‌സ്), ബി ബി എ (ഷിപ്പിംഗ് ആൻഡ് ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ്), എം ബി എയിലും പി ജി ഡി എയിലും (ഷിപ്പിംഗ് ആൻഡ് ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ്/ലോജിസ്റ്റിക്‌സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ്), ഈ പ്രോഗ്രാമുകൾ കൂടാതെ ലോജിസ്റ്റിക്‌സ് ആൻഡ് ഷിപ്പിംഗ്/ ലോജിസ്റ്റിക്‌സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ് എന്നിവയിൽ ഡിപ്ലോമ/അഡ്വാൻസ്ഡ് ഡിപ്ലോമ കോഴ്‌സുകളും പഠിക്കാം. www.iilschennai.com
കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോജിസ്റ്റിക്‌സ് ചെന്നൈ
എം ബി എ (ഷിപ്പിംഗ് ആൻഡ് ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ്/ ലോജിസ്റ്റിക്‌സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ്/സപ്ലൈ ചെയിൻ അനലിറ്റിക്‌സ് ആൻഡ് മാനേജ്‌മെന്റ്). ഇതേ വിഷയങ്ങളിൽ പി ജി ഡി എം കോഴ്‌സുകളുമുണ്ട്. കൂടാതെ ഇന്റഗ്രേറ്റഡ് എം ബി എ/ എക്‌സിക്യൂട്ടീവ് എം ബി എ/ ഒരു വർഷ പി ജി ഡി എം എന്നിവയും. വിവരങ്ങൾക്ക് www.ciilogistics.com സന്ദർശിക്കുക.
പെട്രോളിയം ആൻഡ് എനർജി സ്റ്റഡീസ് യൂനിഴ്‌സിറ്റി- ഡെറാഡൂൺ
ബി ബി എ (ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ്), എം ബി എ (ലോജിസ്റ്റിക്‌സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ്). ഇതേ വിഷയങ്ങളിൽ ഓൺലൈനായി എം ബി എ പഠനവും നൽകുന്നുണ്ട്. www.upes.in.
ഇന്ത്യൻ മാരിടൈം യൂനിവേഴ്‌സിറ്റി
വിവിധ ക്യാമ്പസുകളിൽ ലോജിസ്റ്റിക്‌സ് പഠന പ്രോഗ്രാമുകളുണ്ട്. ലോജിസ്റ്റിക്‌സ് റീട്ടെയിലിംഗ് ആൻഡ് ഇ കോമേഴ്‌സ് ബി ബി എ (കൊച്ചി/ചെന്നൈ), മാരിടൈം ലോജിസ്റ്റിക്‌സ് ബി ബി എ (വിശാഖപട്ടണം) , ഇന്റർനാഷനൽ ട്രാൻസ്‌പോർട്ടേഷൻ ആൻഡ് ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ് എം ബി എ (കൊച്ചി/ചെന്നൈ/വിശാഖപട്ടണം/കൊൽക്കത്ത). www.imu.edu.in.
മറ്റ് സ്ഥാപനങ്ങൾ
ഐ ഐ എം, ബോംബെ (എം ബി എ ലോജിസ്റ്റിക്‌സ് റെഗുലർ/വിദൂര പഠനം), ഐ ഐ എം, ഉദയപ്പൂർ (എം ബി എ ഗ്ലോബൽ സപ്ലൈ ചെയിൻ മാനേജ്‌മെന്റ്), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ട്രേഡ്, ഡൽഹി/ കൊൽക്കത്ത (എം ബി എ സപ്ലൈ ചെയിൻ ആൻഡ് ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ്), ഇന്ത്യൻ റെയിൽവേയ്‌സ് ലോജിസ്റ്റിക്‌സ് ആൻഡ് മെറ്റീരിയൽ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ട്, ഡൽഹി (പബ്ലിക് പ്രൊക്വയർമെന്റ് ആൻഡ് സപ്ലൈ മാനേജ്‌മെന്റ് ഡിപ്ലോമ/ സപ്ലൈ ചെയിൻ മാനേജ്‌മെന്റ് അഡ്വാൻസ്ഡ് ഡിപ്ലോമ), ഇന്ദിരാഗാന്ധി നാഷനൽ ഓപൺ യൂനിവേഴ്‌സിറ്റി, ഡൽഹി (എം ബി എ സപ്ലൈ ചെയിൻ മാനേജ്‌മെന്റ് വിദൂര പഠനം വഴി).
പഠനം കേരളത്തിൽ
കൊച്ചിൻ യൂനിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിയിൽ സപ്ലൈ ചെയിൻ ആൻഡ് ഓപറേഷൻസ് മാനേജ്‌മെന്റ്ഐച്ഛിക വിഷയമായി എടുത്ത് എം ബി എക്ക് പഠിക്കാം(www.cusat.ac.in). തിരുവനന്തപുരം ആസ്ഥാനമായുള്ള കേരള ട്രാവൽ ആൻഡ് ടൂറിസം ഇൻസ്റ്റിറ്റ്യൂട്ടിൽ ലോജിസ്റ്റിക്‌സ്/ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ് ഡിപ്ലോമ കോഴ്‌സുകളുണ്ട്. ഹയർ സെക്കൻഡറി പാസ്സായവർക്ക് അപേക്ഷിക്കാം (www.kittsedu.org). സംസ്ഥാന സർക്കാറിന്റെ സെന്റർ ഫോർ കണ്ടിന്യൂയിംഗ് എജ്യൂക്കേഷൻ വഴി ഒരു വർഷത്തെ പ്രൊഫഷനൽ ഡിപ്ലോമ ഇൻ ഷിപ്പിംഗ് ആൻഡ് ലോജിസ്റ്റിക്‌സ് കോഴ്‌സിന് എസ് എസ് എൽ സി ജയിച്ചവർക്കും ആറ് മാസത്തെ അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ലോജിസ്റ്റിക്‌സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്റിന് ഹയർ സെക്കൻഡറി പാസ്സായവർക്കും ചേരാം. ഐ എച്ച് ആർ ഡി കോളജുകളിൽ ഈ വിഷയങ്ങളിൽ ഡിപ്ലോമ കോഴ്‌സുകളുണ്ട്.
തൊഴിലവസരങ്ങൾ
ഇ കൊമേഴ്‌സ് മുന്നേറ്റവും വ്യോമയാന തുറമുഖ രംഗത്തെ വേഗതയും ലോജിസ്റ്റിക്‌സ് വിഷയം പഠിച്ചിറങ്ങുന്നവരുടെ തൊഴിലവസരങ്ങൾ വർധിപ്പിച്ചിട്ടുണ്ട്. ഗതാഗതം, ചരക്ക് നീക്കം, വിഭവസംഭരണം, വെയർഹൗസ് സ്ട്രാറ്റജി, പാക്കിംഗ് തുടങ്ങിയവയാണ് ഇതിനുള്ള മേഖലകൾ. തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ, ഷിപ്പിംഗ് സ്ഥാപനങ്ങൾ, ചരക്ക് ഗതാഗ കമ്പനികൾ തുടങ്ങിയവയിൽ ജോലിയിൽ പ്രവേശിക്കാം. ലോജിസ്റ്റിക്‌സ് മാനേജർ, വെയർഹൗസ് മാനേജർ, ട്രാൻസ്‌പോർട്ടേഷൻ മാനേജർ, ഇൻവെന്ററി സ്‌പെഷ്യലിസ്റ്റ്, സപ്ലൈ ചെയിൻ അനലിസ്റ്റ്, ലോജിസ്റ്റിക്‌സ് സോഫ്റ്റ്‌വെയർ മാനേജർ, വെയർ ഹൗസ് മാനേജർ തുടങ്ങിയ തൊഴിലവസരങ്ങൾ ഇന്ത്യക്കകത്തും പുറത്തും നിരവധിയുണ്ട്.






