Kerala
എയ്ഡഡ് സ്‌കൂൾ നിയമനങ്ങൾക്ക് പോലീസ് വെരിഫിക്കേഷൻ നിർബന്ധം
ഉത്തരവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്
തിരുവനന്തപുരം | സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂൾ അധ്യാപക, അനധ്യാപക നിയമനങ്ങൾക്ക് പോലീസ് വെരിഫിക്കേഷൻ നിർബന്ധമാക്കി പൊതുവിദ്യാഭ്യാസ വകുപ്പ്. ക്രിമിനൽ കേസുകളിൽപ്പെട്ടവർ സർവീസിൽ ഇടംപിടിക്കുന്നത് തടയാനും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് നീക്കം. ഇതിന്റെ ഭാഗമായി പോലീസ് വെരിഫിക്കേഷൻ നിർബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ചു.
നേരത്തേ ഇതുസംബന്ധിച്ച് ആഭ്യന്തര വകുപ്പും ഉത്തരവിറക്കിയിരുന്നു. പൊതുമേഖലാ സ്ഥാപനങ്ങൾ, ക്ഷേമനിധി ബോർഡുകൾ, സഹകരണ സ്ഥാപനങ്ങൾ തുടങ്ങിയവയിൽ ജോലിയിൽ പ്രവേശിച്ച് ഒരു മാസത്തിനകം പോലീസ് വെരിഫിക്കേഷൻ നടപടികൾ പൂർത്തിയാക്കണമെന്നായിരുന്നു ആഭ്യന്തര വകുപ്പിന്റെ നിർദേശം. ഇതിന്റെ ചുവടുപിടിച്ചാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.
ചട്ട ഭേദഗതി വരുത്തും
എയ്ഡഡ് സ്‌കൂൾ ജീവനക്കാരുടെ നിയമന അംഗീകാരത്തിന് സ്‌കൂൾ മാനേജ്‌മെന്റുകൾ സമർപ്പിക്കേണ്ട രേഖകളിൽ പോലീസ് വെരിഫിക്കേഷൻ പെർഫോമ കൂടി ഉൾപ്പെടുത്തണം. ഈ പെർഫോമ ലഭിക്കുന്നതോടെ നിയമനാംഗീകാരം നൽകേണ്ട ഡി ഇ ഒയും എ ഇ ഒയുമുൾപ്പെടെയുള്ള വിദ്യാഭ്യാസ ഓഫീസർമാർ ബന്ധപ്പെട്ട പോലീസ് അധികാരികളിൽ നിന്ന് ഉദ്യോഗാർഥിയുടെ പശ്ചാത്തല റിപോർട്ട് തേടും. പോലീസിന്റെ അനുകൂല റിപോർട്ട് ലഭിച്ചാൽ മാത്രമേ നിയമനത്തിന് അന്തിമ അംഗീകാരം നൽകുകയുള്ളൂവെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. പുതിയ പരിഷ്‌കാരം നടപ്പാക്കുന്നതിനായി കേരള വിദ്യാഭ്യാസ ചട്ടങ്ങളിൽ ആവശ്യമായ ഭേദഗതികൾ വരുത്താനും നിർദേശമുണ്ട്.
ലൈംഗിക കുറ്റകൃത്യങ്ങൾ തടയുന്നതിനായി നാഷനൽ സെക്‌സ് ഒഫെൻഡേഴ്‌സ് രജിസ്ട്രിയിൽ ഉൾപ്പെട്ടിട്ടുള്ളവരെ അധ്യാപകർ, ഹോസ്റ്റൽ വാർഡന്മാർ തുടങ്ങിയ കുട്ടികളുമായി അടുത്തിടപെടുന്ന തസ്തികകളിലേക്ക് പരിഗണിക്കരുതെന്ന് സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതി ശിപാർശ ചെയ്തിരുന്നു. ഇതുകൂടി ഉൾപ്പെടുത്തിയായിരിക്കും കേരള വിദ്യാഭ്യാസ ചട്ടങ്ങളിൽ ഭേദഗതികൾ വരുത്തുക. സർക്കാർ സ്‌കൂളുകളിലെ താത്കാലിക അധ്യാപക നിയമനങ്ങൾക്കും പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നേരത്തേ തന്നെ നിർബന്ധമാക്കിയിരുന്നു.
Content Highlights:
Kerala Education Department made police verification mandatory for appointments of aided school teachers and non-teaching staff. The decision aims to ensure child safety and prevent individuals with criminal records from entering service. Amendments to Kerala Education Rules will be introduced.




