Kerala
ആഭ്യന്തര മന്ത്രിക്കും പ്രിയങ്കാഗാന്ധിക്കും മറ്റുമന്ത്രിമാര്‍ക്കും യുവമോര്‍ച്ചയുടെ കരിങ്കൊടി
ചെന്നിത്തലയ്ക്ക് നേരെ കോഴിക്കോട് ജില്ലയിലെ വടകര, കുറ്റ്യാടി ജാനകിക്കാട്, കൊയിലാണ്ടി, എരഞ്ഞിപ്പാലം എന്നിങ്ങനെ നാല് കേന്ദ്രങ്ങളിലാണ് യുവമോര്‍ച്ച കരിങ്കൊടി കാണിച്ചത്
കൊല്ലം | കേരളത്തില്‍ ആഭ്യന്തരമന്ത്രി അടക്കമുള്ള മന്ത്രിമാര്‍ക്കും പ്രിയങ്കാ ഗാന്ധി എം പിക്കും എതിരെ വ്യാപക കരിങ്കൊടി പ്രതിഷേധവുമായി ബി ജെ പിയും യുവമോര്‍ച്ചയും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കൊല്ലം സന്ദര്‍ശനത്തിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചതിന്റെ പ്രതികരണം എന്നനിലയിലാണ് യുവമോര്‍ച്ച തെരുവിലിറങ്ങിയത്.
ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് നേരെ കോഴിക്കോട് ജില്ലയിലെ വടകര, കുറ്റ്യാടി ജാനകിക്കാട്, കൊയിലാണ്ടി, എരഞ്ഞിപ്പാലം എന്നിങ്ങനെ നാല് കേന്ദ്രങ്ങളിലാണ് യുവമോര്‍ച്ച കരിങ്കൊടി കാണിച്ചത്. തിരുവമ്പാടി തമ്പലമണ്ണയ്ക്ക് സമീപമാണ് പ്രിയങ്ക ഗാന്ധി എംപിക്ക് നേരെ പ്രതിഷേധം നടന്നത്.
ടൂറിസം മന്ത്രി പി സി വിഷ്ണുനാഥിന് നേരെ കുണ്ടറയിലും നീണ്ടകരയിലും യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി വീശി. കുണ്ടറ എം എല്‍ എ ഓഫീസിന് മുന്നില്‍ വെച്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മന്ത്രിയുടെ വാഹനം തടഞ്ഞു. ഉച്ചയ്ക്ക് നീണ്ടകരയിലും വിഷ്ണുനാഥിന് നേരെ കരിങ്കൊടി കാണിച്ചിരുന്നു.
കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ സന്ദര്‍ശനത്തിനിടെ ഉണ്ടായ ഗുരുതരമായ സുരക്ഷാ വീഴ്ചയില്‍ അടിയന്തര നടപടി വേണമെന്ന് ബിജെപി ആവശ്യപ്പെട്ടു. കൊല്ലം ആശ്രാമം മൈതാനത്ത് വിമാനമിറങ്ങി വാഹനവ്യൂഹത്തില്‍ സഞ്ചരിക്കുകയായിരുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് നേരെ 50 മീറ്റര്‍ അകലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധക്കാര്‍ക്ക് എത്താന്‍ സാധിച്ചത് വലിയ സുരക്ഷാ വീഴ്ചയാണെന്ന് ബി ജെ പി ആരോപിച്ചു. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ബി ജെ പി നിയമസഭാ കക്ഷി നേതാവ് ബി ബി ഗോപകുമാര്‍ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കി.
Content Highlights:
Yuva Morcha staged black flag protests across Kerala against ministers and Priyanka Gandhi MP. The action came after Youth Congress workers showed black flags to Union Home Minister Amit Shah in Kollam. BJP submitted a complaint to the DGP citing security lapse during the minister’s visit.



