International
ഏഷ്യന്‍ ഗെയിംസ്; കബഡിയിൽ ഇന്ത്യക്ക് ഇരട്ട സ്വർണം
മലയാളി താരം വിദര്‍ശ വിനോദ് ഏഷ്യന്‍ ഗെയിംസിലെ രണ്ടാം മെഡല്‍ സ്വന്തമാക്കി
നഗോയ| ഏഷ്യന്‍ ഗെയിംസില്‍ കബഡിയില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം. പുരുഷ-വനിതാ ടീമുകളാണ് ശനിയാഴ്ച സ്വര്‍ണനേട്ടത്തിലേക്ക് മുന്നേറിയത്. ഇതോടെ ഇന്ത്യയുടെ സ്വര്‍ണനേട്ടം നാലായി. ഫൈനലില്‍ ഇറാനെ 40-34 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയാണ് പുരുഷ കബഡി ടീം ഒന്‍പതാം കിരീടം സ്വന്തമാക്കിയത്. ഐച്ചിയിലെ ടോക്കായി സിറ്റിസണ്‍ ജിംനേഷ്യത്തിലായിരുന്നു മത്സരം.
സെമിയില്‍ തോറ്റ തായ്‌ലന്‍ഡും ചൈനീസ് തായ്‌പേയിയും വെങ്കല മെഡല്‍ നേടി. ഇതുവരെ നടന്ന 10 ഏഷ്യന്‍ ഗെയിംസ് പുരുഷ കബഡി ടൂര്‍ണമെന്റുകളില്‍ ഒമ്പതിലും ഇന്ത്യയാണ് ചാമ്പ്യന്മാരായത്. 2018-ലെ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ മാത്രമാണ് ഇന്ത്യയ്ക്ക് സ്വര്‍ണമെഡല്‍ നഷ്ടമായയത്.
വനിതാ വിഭാഗം കബഡി ഫൈനലിലും ഇന്ത്യ ഇറാനെ പരാജയപ്പെടുത്തിയിരുന്നു. 37-34 എന്ന സ്‌കോറിനായിരുന്നു ഇന്ത്യ ജയിച്ചത്. ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ വനിതാ കബഡി ടീം നേടുന്ന നാലാം സ്വര്‍ണമാണിത്.
നേരത്തെ വനിതാ ക്രിക്കറ്റിലും 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്സഡഡ് ടീം ഇനത്തിലും ഇന്ത്യ സ്വര്‍ണം നേടിയിരുന്നു. ഏഷ്യന്‍ ഗെയിംസിൽ ഇന്ത്യക്ക് വെള്ളി മെഡൽ നേട്ടങ്ങളുമുണ്ടായി. പുരുഷന്മാരുടെ മാരത്തണിൽ 2:11:37 സെക്കൻഡിൽ ഫിനിഷ് ചെയ്ത് സാവൻ ബർവാൾ വെള്ളി മെഡൽ സ്വന്തമാക്കി. 44 വർഷത്തിനിടെ ഏഷ്യൻ ഗെയിംസ് മാരത്തണിൽ ഇന്ത്യ നേടുന്ന ആദ്യ മെഡലാണിത്. ഈ പ്രകടനത്തോടെ പുതിയ ദേശീയ റെക്കോഡും താരം കുറിച്ചു.
വനിതകളുടെ 50 മീറ്റർ റൈഫിൾ 3 പൊസിഷൻസ് ടീം ഇനത്തിൽ തിലോത്തമ സെൻ, മലയാളി താരം വിദർശ വിനോദ്, ആഷി ചൗക്സി എന്നിവരടങ്ങിയ സംഘവും ഇന്ത്യക്കായി വെള്ളി മെഡൽ നേടി.
Content Highlights: India secured double gold medals in kabaddi at the Asian Games by defeating Iran in both men’s and women’s finals. The men’s squad clinched their ninth championship title with a 40-34 victory, while the women won 37-34. Meanwhile, Keralite shooter Vidarsa Vinod bagged her second silver medal in the 50m rifle 3 positions event.


