UAE
അബൂദബി മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച എ ഐ നഗരം
ആഗോളതലത്തിൽ 11-ാം റാങ്ക്
അബൂദബി| ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ ഐ) സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിലും പ്രയോജനപ്പെടുത്തുന്നതിലും മിഡിൽ ഈസ്റ്റ്-നോർത്ത് ആഫ്രിക്ക (മെന) മേഖലയിലെ ഏറ്റവും മികച്ച നഗരമായി അബൂദബി തിരഞ്ഞെടുക്കപ്പെട്ടു. “ദി ഒബ്‌സർവർ’ പുറത്തിറക്കിയ പ്രഥമ ആഗോള എ ഐ സിറ്റീസ് സൂചികയിൽ അബൂദബി ആഗോളതലത്തിൽ 11-ാം സ്ഥാനവും ദുബൈ 14-ാം സ്ഥാനവും സ്വന്തമാക്കി. ഇതോടെ ലോകത്തെ മികച്ച 15 നിർമിതബുദ്ധി കേന്ദ്രങ്ങളുടെ പട്ടികയിൽ യു എ ഇയിലെ രണ്ട് നഗരങ്ങളും ഇടംപിടിച്ചു.
36 രാജ്യങ്ങളിലെ 57 പ്രമുഖ നഗരങ്ങളെ സമഗ്രമായി വിലയിരുത്തിയാണ് സൂചിക തയ്യാറാക്കിയത്. നിക്ഷേപം, സാങ്കേതിക കണ്ടുപിടിത്തങ്ങൾ, എ ഐ വിനിയോഗം എന്നിവ ഉൾപ്പെടെ 50 മാനദണ്ഡങ്ങളാണ് ഇതിനായി പരിഗണിച്ചത്. ടൊറന്റോ, ബോസ്റ്റൺ, ടെൽ അവീവ് തുടങ്ങിയ പ്രമുഖ അന്താരാഷ്ട്ര സാങ്കേതിക കേന്ദ്രങ്ങളെ പിന്നിലാക്കിയാണ് ഇരു നഗരങ്ങളും മികച്ച നേട്ടം കൈവരിച്ചത്. മുഹമ്മദ് ബിൻ സായിദ് യൂണിവേഴ്‌സിറ്റി ഓഫ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഖലീഫ യൂണിവേഴ്‌സിറ്റി എന്നിവയുടെ സഹകരണത്തോടെ എട്ട് മാസത്തെ വിശദമായ പഠനങ്ങൾക്ക് ശേഷമാണ് റാങ്കിംഗ് പുറത്തുവിട്ടത്.
മികച്ച പ്രവർത്തന അന്തരീക്ഷം ഒരുക്കുന്നതിൽ 77.9 പോയിന്റോടെ ആഗോളതലത്തിൽ അഞ്ചാം സ്ഥാനമാണ് അബൂദബി നേടിയത്. പൊതുമേഖലാ നിക്ഷേപത്തിൽ ആറാം സ്ഥാനവും സ്വകാര്യ നിക്ഷേപത്തിൽ ഏഴാം സ്ഥാനവും സ്വന്തമാക്കി. ശക്തമായ സർക്കാർ നയങ്ങളും ഉന്നത ഗവേഷണ സ്ഥാപനങ്ങളും കമ്പ്യൂട്ടർ സയൻസ് സർവകലാശാലകളും അബൂദബിയുടെ നേട്ടത്തിന് കരുത്തായി. പാരീസ്, സിയോൾ എന്നീ നഗരങ്ങൾക്കൊപ്പം ഭരണകൂടത്തിന്റെ നേരിട്ടുള്ള പിന്തുണയോടെ അതിവേഗം വളരുന്ന ആഗോള എ ഐ കേന്ദ്രമായാണ് അബൂദബിയെ റിപ്പോർട്ടിൽ വിശേഷിപ്പിച്ചത്.
ദുബൈ പൊതുമേഖലാ നിക്ഷേപത്തിൽ 63.7 പോയിന്റോടെ ആഗോളതലത്തിൽ നാലാം സ്ഥാനം സ്വന്തമാക്കി ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചു. പ്രവർത്തന സൗഹൃദ അന്തരീക്ഷത്തിന്റെ കാര്യത്തിൽ പത്താം സ്ഥാനവും ദുബൈ നേടി. പട്ടികയിൽ സാൻഫ്രാൻസിസ്‌കോ ഒന്നാം സ്ഥാനവും ന്യൂയോർക്ക്, സിയോൾ, ബീജിംഗ് എന്നിവ യഥാക്രമം തൊട്ടടുത്ത സ്ഥാനങ്ങളും കരസ്ഥമാക്കി. പാരീസ്, ലണ്ടൻ, ഷെൻഷെൻ, ഷാങ്ഹായ്, ടോക്കിയോ, സിംഗപ്പൂർ എന്നിവയാണ് ആദ്യ പത്തിലെ മറ്റ് പ്രധാന നഗരങ്ങൾ.
Content Highlights: Abu Dhabi has been named the leading artificial intelligence city in the Middle East and North Africa region in The Observer Global AI Cities Index. Abu Dhabi ranked 11th globally while Dubai secured 14th place, placing two UAE cities in the world’s top 15 AI hubs. The ranking evaluated 57 cities across 50 indicators based on investment and innovation.



