Kerala
ജനവികാരത്തിന്റെ അളവുകോല്‍; യു ഡി എഫ് അധികാരത്തില്‍ എത്തിയ ശേഷമുള്ള ആദ്യ ഉപതിരഞ്ഞെടുപ്പ് ഇന്ന്
38 തദ്ദേശവാര്‍ഡുകളില്‍ ഇന്ന് വോട്ടെടുപ്പ്
തിരുവനന്തപുരം | യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷമുള്ള സംസ്ഥാനത്തെ ആദ്യ ഉപതിരഞ്ഞെടുപ്പ് ഇന്നു നടക്കും. 38 തദ്ദേശവാര്‍ഡുകളില്‍ ഇന്ന് രാവിലെ ഏഴിന് വോട്ടെടുപ്പ് ആരംഭിക്കും. വാര്‍ഡ് അംഗങ്ങള്‍ എം എല്‍ എമാരായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് എട്ടിടങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.
എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലെ രണ്ടു കോര്‍പറേഷന്‍ വാര്‍ഡുകളുള്‍പ്പെടെ 38 തദ്ദേശ വാര്‍ഡുകളിലേക്കാണ് വോട്ടെടുപ്പ്. തൃശൂര്‍ പാലക്കാട് കണ്ണൂര്‍ ജില്ലകളിലെ മൂന്ന് നഗരസഭാ വാര്‍ഡുകളിലും തിരുവനന്തപുരം, കോട്ടയം, പാലക്കാട് ജില്ലകളിലെ മൂന്ന് ജില്ലാ പഞ്ചായത്ത് ഡിവിഷനിലും ഉപതിരഞ്ഞെടുപ്പ് നടക്കും. ഏഴ് ബ്ലോക്ക് പഞ്ചായത്തുകളിലും 23 ഗ്രാമ പഞ്ചായത്തു വാര്‍ഡുകളിലും തിരഞ്ഞെടുപ്പുണ്ട്.
സുധീര്‍ഷാ പാലോട്, ദീപക് ജോയി, ഫാത്തിമ തെഹ്ലിലിയ, സി വി ശാന്തകുമാര്‍, വിനു ജോബ്, ടി എം ശശി, സുമേഷ് അച്യുതന്‍, ഉഷാ വിജയന്‍ എന്നിവരാണ് എം എല്‍ എയായി തെരഞ്ഞെടുക്കപ്പെട്ട തദ്ദേശ ഭരണ സ്ഥാപന പ്രതിനിധികള്‍.
മത്സരം നടക്കുന്ന തദ്ദേശ വാര്‍ഡുകളില്‍ 22 എണ്ണം യു ഡി എഫിന്റെ സിറ്റിംഗ് വാര്‍ഡുകളാണ്. 15 എണ്ണം എല്‍ ഡി എഫിനൊപ്പമാണ്. ട്വന്റി20 അംഗം രാജി വെച്ചതിനെ തുടര്‍ന്നുള്ള ഉപതിരഞ്ഞെടുപ്പാണ് എറണാകുളം ജില്ലയിലെ പൂതൃക്ക പഞ്ചായത്തില്‍ നടക്കുന്നത്. നിലവിലെ കണക്കനുസരിച്ച് യു ഡി എഫിനാണ് മേധാവിത്വമെന്നതിനാല്‍ മേല്‍ക്കൈ നിലനിര്‍ത്തേണ്ടത് യു ഡി എഫ് സര്‍ക്കാറിന്റെ ആവശ്യംകൂടിയാണ്.
ഏറെ പ്രതീക്ഷയോടെ വന്‍ ഭൂരിപക്ഷത്തോടെ വി ഡി സതീശന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷമുള്ള സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യത്തിന്റെ വിലയിരുത്തല്‍ കൂടിയായിരിക്കും ഈ തിരഞ്ഞെടുപ്പ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ച യു ഡി എഫ് അനുകൂല തരംഗം നിലനില്‍ക്കുന്നുണ്ടോ ഇല്ലയോ എന്ന പരിശോധന കൂടിയായതിനാല്‍ ഉപ തിരഞ്ഞെടുപ്പില്‍ അത്യന്തം വാശിയേറിയ പ്രചാരണമാണു നടന്നത്.
കെ എസ് ആര്‍ ടി സി സൗജന്യയാത്രയെന്ന ജനപ്രിയ പ്രഖ്യാപനത്തിലൂടെ ഉണ്ടായ അനുകൂല സാഹചര്യവും പത്തുവര്‍ഷത്തിനു ശേഷം പവര്‍ക്കട്ട് തിരിച്ചുവന്നതിലൂടെ ഉണ്ടായ തിരിച്ചടിയും തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയായിരുന്നു. മന്ത്രിമാരുടെ വിദേശയാത്ര, ആഡംബരം, മുഖ്യമന്ത്രിയുടെ ചാര്‍ട്ടേഡ് വിമാനയാത്രകള്‍ തുടങ്ങിയ വിവാദം ഭരണത്തിലേറി മൂന്നു മാസം പിന്നിടുമ്പോള്‍ സര്‍ക്കാറിന്റെ ജനപ്രീതിയെ ബാധിച്ചിട്ടുണ്ടോ എന്ന വിലയിരുത്തല്‍ കൂടിയായിരിക്കും ഈ തിരഞ്ഞെടുപ്പു ഫലം.
നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിനു ശേഷം സി പി എമ്മില്‍ തെറ്റുതിരുത്തല്‍ പ്രക്രിയ നടന്നുവരികയാണ്. പാര്‍ട്ടിയില്‍ ഉടനീളം നടന്ന തിരഞ്ഞെടുപ്പ് അവലോകനവും അതിന്റെ തുടര്‍ച്ചയായി നടന്ന വിപുലീകൃത സംസ്ഥാന കമ്മിറ്റിയും ജന വിശ്വാസം തിരിച്ചു പിടിക്കാന്‍ സഹായകമായിട്ടുണ്ടോ എന്നും തിരഞ്ഞെടുപ്പിലൂടെ വ്യക്തമാവും. സീറ്റെണ്ണം വര്‍ധിപ്പിക്കാന്‍ കഴിഞ്ഞാല്‍ എല്‍ ഡി എഫ് തിരിച്ചുവരവിന്റെ പാതയിലാണെന്നു വിലയിരുത്താനാവും. ബി ജെ പി നേതൃത്വം നല്‍കുന്ന എന്‍ഡിഎ മുന്നണിയും ഉപതിരഞ്ഞെടുപ്പില്‍ ശക്തമായ സാന്നിധ്യമാകാന്‍ ശ്രമിക്കുന്നുണ്ട്.
Content Highlights: Voting is underway for 38 local body wards across Kerala, marking the first electoral contest after the UDF government took office. The elections serve as a major test for the government’s political standing and popular policies like free KSRTC travel alongside recent debates over power cuts. It also reflects CPM’s ongoing corrective measures aimed at regaining public trust following previous assembly election results.



