Career Notification
ആർമിയിലും വ്യോമസേനയിലും അഗ്നിവീറാകാം
ഐ ടി ഐ ഡിപ്ലോമ യോഗ്യതയുള്ളവർക്ക് ഓൺലൈനായി രജിസ്റ്റർ ചെയ്ത് അപേക്ഷിക്കാം.
ഇന്ത്യൻ ആർമിയിൽ 2026-27 അഗ്നിവീർ തിരഞ്ഞെടുപ്പിന് അപേക്ഷ ക്ഷണിച്ചു. ജനറൽ ഡ്യൂട്ടി, ടെക്നിക്കൽ, ക്ലാർക്ക്/സ്റ്റോർകീപ്പർ ടെക്നീഷ്യൻ, ട്രേഡ്സ്മാൻ വിഭാഗങ്ങളിലാണ് ഒഴിവുകൾ. അവിവാഹിതരായ പുരുഷന്മാർക്ക് മാത്രമേ അപേക്ഷിക്കാനാകു. പത്താംക്ലാസ്സ്, പന്ത്രണ്ടാംക്ലാസ്സ്, ഐ ടി ഐ ഡിപ്ലോമ യോഗ്യതയുള്ളവർക്ക് ഓൺലൈനായി രജിസ്റ്റർ ചെയ്ത് അപേക്ഷിക്കാം. പരീക്ഷ ജൂൺ ഒന്ന് മുതൽ 15 വരെയുള്ള തീയതികളിൽ നടക്കും. നാല് വർഷമായിരിക്കും സർവീസ്.
വിദ്യാഭ്യാസ യോഗ്യത
ജനറൽ ഡ്യൂട്ടി: പത്താംക്ലാസ്സ് പാസ്സായിരിക്കണം. അഞ്ച് അടിസ്ഥാനവിഷയങ്ങളിൽ ആകെ 45 ശതമാനം മാർക്കും ഓരോന്നിനും 33 ശതമാനം മാർക്കും ഉണ്ടായിരിക്കണം. ഗ്രേഡിംഗ് സിസ്റ്റത്തിൽ വിജിയിച്ചവർ ഇതിന് തുല്യമായ ഗ്രേഡ് നേടിയിരിക്കണം. ലൈറ്റ് മോട്ടോർ വെഹിക്കിൾ ഡ്രൈവിംഗ് ലൈസെൻസുള്ളവർക്ക് മുൻഗണന.
ടെക്‌നിക്കൽ: ഫിസിക്‌സ്, മാത്‌സ്, ഇംഗ്ലീഷ് എന്നിവയുൾപ്പെട്ട സയൻസ് ഗ്രൂപ്പിൽ പ്ലസ്ടു 50 ശതമാനം മാർക്കോടെ പാസ്സായിരിക്കണം. അല്ലെങ്കിൽ ഫിസിക്‌സ്, മാത്‌സ്, ഇംഗ്ലീഷ് എന്നിവയുൾപ്പെട്ട പ്ലസ്ടുവും ഐ ടി ഐയും അല്ലെങ്കിൽ ദ്വിവത്സര ഐ ടി ഐ കോഴ്സ്. അല്ലെങ്കിൽ, പത്താംക്ലാസ്സും ദ്വിവത്സര/ ത്രിവത്സര ഡിപ്ലോമയും. അല്ലെങ്കിൽ, ദ്വിവത്സര വൊക്കേഷനൽ കോഴ്‌സ് വിജയം.
ക്ലാർക്ക്/ സ്റ്റോർകീപ്പർ ടെക്‌നിക്കൽ: ഓരോ വിഷയത്തിനും 50 ശതമാനം മാർക്കോടെയും ആകെ 60 ശതമാനം മാർക്കോടെയും ആർട്സ്/ കൊമേഴ്‌സ്/ സയൻസ് വിഷയങ്ങളിൽ നേടിയ പ്ലസ്ടു (പന്ത്രണ്ടാം തലത്തിൽ ഇംഗ്ലീഷിലും മാത്‌സ്/അക്കൗണ്ട്‌സ്/ ബുക്ക് കീപ്പിംഗിലും 50 ശതമാനം മാർക്കുണ്ടായിരിക്കണം).
- ട്രേഡ്‌സ്‌മാൻ (പത്താംക്ലാസ്, എട്ടാംക്ലാസ്സ് ): അഞ്ച് അടിസ്ഥാനവിഷയങ്ങളിൽ ഓരോന്നിനും 33 ശതമാനം മാർക്കോടെ നേടിയ പത്താംക്ലാസ്സ്, എട്ടാംക്ലാസ്സ് വിജയം.
- പ്രായം പതിനേഴര-21 വയസ്സ്. അപേക്ഷകർ 2005 ജൂലൈ ഒന്നിനും 2009 ജൂലൈ ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം.
ശാരീരികയോഗ്യത - ഓരോ തസ്തികയിലേക്കും അപേക്ഷിക്കുന്നവർക്ക് വേണ്ട ഉയരം, നെഞ്ചളവ് തുടങ്ങിയ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്. നെഞ്ചളവിൽ മൂന്ന് സെന്റിമീറ്ററും ശരീരഭാരത്തിൽ അഞ്ച് കിലോഗ്രാമും ഇളവ് അനുവദിക്കും.
ശമ്പളം
- ആദ്യവർഷം 30,000 രൂപയും രണ്ടാം വർഷം 33,000 രൂപയും മൂന്നാം വർഷം 36,500 രൂപയും നാലാം വർഷം 40,000 രൂപയുമാണ് പ്രതിമാസ ശന്പളം. ശന്പളത്തിൽ 70 ശതമാനം തുക മാത്രമേ കൈയിൽ ലഭിക്കു.
- ശേഷിക്കുന്ന 30 ശതമാനം തുക പ്രതിമാസം നീക്കിവെക്കും. ഇങ്ങനെ നീക്കിവെക്കുന്ന തുകയും സർക്കാർ അനുവദിക്കുന്ന തുല്യമായ തുകയും ചേർത്തുള്ള 10.04 ലക്ഷം രൂപ സർവീസ് പൂർത്തിയാകുന്പോൾ തിരികെ ലഭിക്കും.
തിരഞ്ഞെടുപ്പ്
കന്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയും റിക്രൂട്ട്‌മെന്റ് റാലിയും നടത്തിയായിരിക്കും തിരഞ്ഞെടുപ്പ്. ഇംഗ്ലീഷ്, മലയാളം എന്നിവയുൾപ്പെടെ 13 ഭാഷകളിൽ പരീക്ഷ നടത്തും. ഓൺലൈനായുള്ള ഒബ്ജക്ടീവ് ടൈപ്പ്, മൾട്ടിപ്പിൾ ചോയ്സ് പരീക്ഷയായിരിക്കും നടത്തുക. ക്ലാർക്ക്/ സ്റ്റോർകീപ്പർ ടെക്‌നിക്കൽ വിഭാഗത്തിലേക്കുള്ള അപേക്ഷകർക്ക് ടൈപ്പിംഗ് ടെസ്റ്റും ഉണ്ടാകും. ഓൺലൈൻ പരീക്ഷയിൽ നിന്ന് ഒഴിവുകൾക്കനുസരിച്ച് നിശ്ചിത എണ്ണം ഉദ്യോഗാർഥികളെയാണ് രണ്ടാംഘട്ടമായ റിക്രൂട്ട്‌മെന്റ് റാലിയിലേക്ക് ഷോർട്ട്‌ലിസ്റ്റ് ചെയ്യുക.
കായികക്ഷമതാപരീക്ഷ, ശാരീരികയോഗ്യതാ പരിശോധന, മെഡിക്കൽ പരിശോധന തുടങ്ങിയവ റിക്രൂട്ട്‌മെന്റ് റാലിയുടെ ഭാഗമായി നടക്കും.
അപേക്ഷ
ww.joinindianarmy.nic.iwn എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്താണ് അപേക്ഷിക്കേണ്ടത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാ കുളം, ഇടുക്കി ജില്ലകളിലുള്ളവർ തിരുവനന്തപുരത്തെ ആർമി റിക്രൂട്ട്മെന്റ് ഓഫീസിന് കീഴിലും തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലുള്ളവരും മാഹി, ലക്ഷദ്വീപ് നിവാസികളും കാലിക്കറ്റ് ആർമി റിക്രൂട്ട്മെന്റ് ഓഫീസിന് കീഴിലുമാണ് ഉൾപ്പെടുക. അവസാന തീയതി ഏപ്രിൽ ഒന്ന്.
വ്യോമസേന
ഇന്ത്യൻ എയർഫോഴ്‌സിൽ ഹോസ്പിറ്റാലിറ്റി, ഹൗസ് കീപ്പിംഗ് എന്നീ സ്ട്രീമുകളിലേക്കാണ് പ്രവേശനം. അവിവാഹിതരായ പുരുഷന്മാർക്ക് അപേക്ഷിക്കാം.
യോഗ്യത: പത്താം ക്ലാസ്സ് വിജയം/ തത്തുല്യം. ഹോസ്പിറ്റാലിറ്റി/ഹൗസ് കീപ്പിംഗുമായി ബന്ധപ്പെട്ട ജോലികൾ ചെയ്യാൻ കഴിയുന്നവരായിരിക്കണം. നാല് വർഷത്തെ സർവീസിനിടയിലും വിവാഹം അനുവദിക്കില്ല.
അപേക്ഷ
വിശദവിവരങ്ങളും അപേക്ഷാഫോമും https://agnipathvayu.cdac.in വെബ്‌സൈറ്റിൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷയും സർട്ടിഫിക്കറ്റുകളും (ഫോട്ടോ എടുത്ത തീയതിയും അപേക്ഷിക്കുന്നയാളുടെ പേരും രേഖപ്പെടുത്തിയത്) സഹിതം സാധാരണ തപാൽ മുഖേന അയക്കുകയോ അതത് കേന്ദ്രത്തിലെ ഡ്രോപ് ബോക്സിൽ നിക്ഷേപിക്കുകയോ ചെയ്യണം. തിരുവനന്തപുരം ഉൾപ്പെടെ രാജ്യത്താകെ 134 കേന്ദ്രങ്ങളിൽ അപേക്ഷ സ്വീകരിക്കും. പത്താംക്ലാസ്സ് സർട്ടിഫിക്കറ്റ്, മാർക്ക് ഷീറ്റ്, ആറ് മാസത്തിനകം എടുത്ത ഫോട്ടോ, 18 വയസ്സിന് താഴെയുള്ളവർ രക്ഷിതാക്കളുടെ അനുമതിപത്രം തുടങ്ങിയ രേഖകൾ സഹിതമാണ് അപേക്ഷിക്കേണ്ടത്.
തിരുവനന്തപുരം കേന്ദ്രത്തിലെ വിലാസം: Commanding Officer, HQ Southern Air Command (Unit), Akkulam, Cheruvikall P.O. Trivandrum, Kerala, Pin 695 011 Drop Box Location: Sub Guard Room, HQ Southern Air Command (Unit), Akkulam, Cheruvikall P.O. Trivandrum, Kerala, Pin 695 011





