അതിഥി വായന
കുഞ്ഞുമനസ്സുകളിൽ നന്മ പടർത്തുന്ന വായന
കുഞ്ഞുങ്ങൾക്ക് പറഞ്ഞുകൊടുക്കുന്ന കഥകൾ അവരിൽ നല്ല മൂല്യങ്ങൾ വളർത്തുന്നതിനുള്ള അവസരങ്ങൾ കൂടിയാണ്.
എങ്ങനെയാണ് കുഞ്ഞുങ്ങൾക്ക് തിരുനബി(സ)യെ പരിചയപ്പെടുത്തേണ്ടത്? കുഞ്ഞുമനസ്സുകളിലേക്ക് ഹബീബിന്റെ ജീവിതവും സന്ദേശങ്ങളും പകർന്നുനൽകുന്ന മനോഹരമായൊരു പുസ്തകസമാഹാരമാണ് ഡോ. മുഹമ്മദ് അബ്ദുൽ ഹക്കീം അസ്ഹരി രചിച്ച “ബെഡ് ടൈം സ്റ്റോറീസ്’. ആറ് പുസ്തകങ്ങളിലായി മുപ്പത് കഥകളാണ് ഈ സമാഹാരത്തിലുള്ളത്.പ്രവാചകരുടെ ജീവിതത്തിലൂടെ നമുക്ക് പകർന്നുതന്ന ഒട്ടേറെ പാഠങ്ങൾ കുഞ്ഞുങ്ങൾക്ക് മനസ്സിലാകുന്ന രീതിയിൽ ലളിതമായ കഥകളിലൂടെ അവതരിപ്പിച്ചിരിക്കുകയാണ് രചയിതാവ്.
കഥകൾ ഇഷ്ടപ്പെടാത്ത കുട്ടികളുണ്ടാകില്ല. ചെറുപ്പത്തിൽ അവർ കേട്ടുവളരുന്ന കഥകളും പഠിക്കുന്ന പാഠങ്ങളും പലപ്പോഴും ജീവിതത്തിലുടനീളം അവരോടൊപ്പമുണ്ടാകും. അതുകൊണ്ടുതന്നെ, കുഞ്ഞുങ്ങൾക്ക് പറഞ്ഞുകൊടുക്കുന്ന കഥകൾ അവരിൽ നല്ല മൂല്യങ്ങൾ വളർത്തുന്നതിനുള്ള അവസരങ്ങൾ കൂടിയാണ്.
എല്ലാ കാര്യങ്ങളിലും ഏറ്റവും മികച്ചതു തന്നെ മക്കൾക്ക് നൽകാൻ ആഗ്രഹിക്കുന്നവരാണല്ലോ മാതാപിതാക്കൾ. അങ്ങനെയെങ്കിൽ, ജീവിതത്തിലുടനീളം അവർക്ക് വഴികാട്ടിയാകുന്ന ഒരു സമ്മാനമായി നൽകാവുന്നതാണ് ബെഡ് ടൈം സ്റ്റോറീസ് എന്ന ഈ പുസ്തകം.
ഉപദേശങ്ങൾക്കൊണ്ട് അവരെ മൂടുന്നതിനേക്കാൾ എളുപ്പത്തിൽ കഥകളിലൂടെ പല കാര്യങ്ങളും അവരുടെ മനസ്സിലെത്തിക്കാൻ സാധിക്കും. ഉപദേശങ്ങൾ കേൾക്കുമ്പോൾ അവർക്കുണ്ടായേക്കാവുന്ന മുഷിപ്പ് മറികടന്ന്, ആകാംക്ഷയോടെയും താത്പര്യത്തോടെയും മൂല്യങ്ങൾ പഠിക്കാൻ കഥകൾ അവരെ സഹായിക്കുന്നു. ഇംഗ്ലീഷ് ഭാഷയിൽ അവതരിപ്പിച്ചിരിക്കുന്ന ഈ കഥകൾ അവരുടെ ഭാഷാവികസനത്തിനും ഒരുപോലെ ഉപകാരപ്പെടുന്നവയാണ്.
ജീവിതത്തിന്റെ എല്ലാ മേഖലകളിലും നമുക്ക് മാതൃകയാക്കാൻ കഴിയുന്നവരാണല്ലോ പ്രവാചകർ. സാങ്കൽപ്പിക കഥാപാത്രങ്ങളിലൂടെ മൂല്യങ്ങൾ പഠിക്കുന്നതിനേക്കാൾ സവിശേഷമാണ്, ജീവിതത്തിലൂടെ ഓരോ മൂല്യവും നമുക്ക് കാണിച്ചുതന്ന ഹബീബിനെക്കുറിച്ച് പഠിക്കുന്നത്. ഈ ആറ് പുസ്കങ്ങളിലുള്ള “Uthman’s Hand’ എന്ന കഥ ഏറെ ചിന്തിപ്പിക്കുന്നതാണ്. സുഹൃത്തിന്റെ അസാന്നിധ്യത്തിലും അവരെ ഓർക്കുക, നാം ചെയ്യുന്ന കാര്യങ്ങളിൽ അവരെയും ചേർത്തുനിർത്തുകയെന്ന സന്ദേശമാണ് ഈ കഥ പങ്കുവെക്കുന്നത്. എത്ര മനോഹരമായൊരു മാതൃകയാണത്! നമ്മുടെ സന്തോഷങ്ങളിലും അവസരങ്ങളിലും കൂടെയുള്ളവരെ മാത്രമല്ല, കൂടെയില്ലാത്തവരെയും ഓർക്കാനും അവരെയും ഉൾപ്പെടുത്താനും കഴിയുകയെന്നത് വലിയൊരു നന്മയാണ്. കുട്ടികൾ ചെറുപ്പത്തിലേ പഠിച്ചിരിക്കേണ്ട ഇത്തരം മൂല്യങ്ങളെക്കുറിച്ച് ചിന്തിക്കാൻ ഈ കഥ നമ്മെ പ്രേരിപ്പിക്കുന്നു.
ദൈനംദിന ജീവിതത്തിൽ പകർത്തേണ്ട കാര്യങ്ങൾ മുതൽ മറ്റുള്ളവരുമായി ഇടപഴകുമ്പോൾ പാലിക്കേണ്ട മര്യാദകൾ വരെ ഈ പുസ്തകങ്ങളിലൂടെ കുട്ടികൾക്ക് പഠിക്കാനാകും. അങ്ങനെ, കഥകൾ വെറുമൊരു വായനാനുഭവം മാത്രമല്ലാതാകുന്നു. കുഞ്ഞുങ്ങളുടെ സ്വഭാവരൂപവത്കരണത്തിൽ പങ്കുവഹിക്കുന്ന ഒരു ഉപാധി കൂടിയായി കഥ മാറുന്നു. മക്കളുടെ വ്യക്തിത്വരൂപവത്കരണത്തിൽ മാതാപിതാക്കൾക്കുള്ള പങ്ക് എടുത്തുപറയേണ്ടതില്ലല്ലോ.
അവരോടൊപ്പം സമയം ചെലവഴിക്കാനും നല്ല കാര്യങ്ങൾ പറഞ്ഞുകൊടുക്കാനും അവരുടെ സംശയങ്ങൾക്ക് മറുപടി നൽകാനുമുള്ള അവസരങ്ങൾ ബന്ധങ്ങളെ കൂടുതൽ മനോഹരമാക്കുന്നു. ഉറങ്ങുന്നതിനു മുമ്പുള്ള ഇത്തരം വായനാനിമിഷങ്ങൾ മാതാപിതാക്കളും മക്കളും തമ്മിലുള്ള സ്നേഹബന്ധം ഊട്ടിയുറപ്പിക്കാനും സഹായിക്കും.
ഒരു കാര്യം പറയാതെ വയ്യ. ഓരോ കഥക്കു ശേഷവും “For Parents’ എന്നൊരു കോളമുണ്ട് പുസ്തകത്തിൽ. കഥയുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് പറഞ്ഞുകൊടുക്കേണ്ട പാഠങ്ങളും മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളുമാണ് അതിലുള്ളത്. എന്നാൽ, അവ കുട്ടികൾക്കുവേണ്ടി മാത്രമുള്ളതല്ല. കുട്ടികളെ പഠിപ്പിക്കുന്നതിനൊപ്പം നമ്മളും സ്വയം തിരുത്തേണ്ടതും ജീവിതത്തിൽ പകർത്തേണ്ടതുമായ പല കാര്യങ്ങളും അതിലുണ്ട്.
കുട്ടികളെ ആകർഷിക്കുന്ന മനോഹരമായ ആക്ടിവിറ്റി പേജുകളും ഈ പുസ്തകസമാഹാരത്തിന്റെ പ്രത്യേകതയാണ്. ഓരോ പേജിന്റെയും ഗുണമേന്മ എടുത്തുപറയേണ്ടതാണ്. ഓരോ കഥക്കും അനുയോജ്യമായ ചിത്രീകരണവും പേജ് ലേഔട്ടും കുട്ടികളുടെ ഭാവനയെ ഉണർത്തുകയും വായനാനുഭവം കൂടുതൽ ഹൃദ്യമാക്കുകയും ചെയ്യുന്ന രീതിയിലാണ് സംവിധാനിച്ചിട്ടുള്ളത്. നാളെ നമ്മുടെ മക്കളോട് “ആരാണ് നിങ്ങളുടെ മാതൃക?’ എന്ന് ചോദിക്കുമ്പോൾ, ആ ഉത്തരം അവരുടെ ഹൃദയത്തിൽ നേരത്തേ പതിഞ്ഞിട്ടുണ്ടാകണം. തിരുറസൂലിനെ അറിയാനും സ്നേഹിക്കാനും അവിടുത്തെ സ്വഭാവം സ്വന്തം ജീവിതത്തിൽ പകർത്താനും അവരെ ചെറുപ്പത്തിലേ പഠിപ്പിക്കുക. അതിലും അമൂല്യമായൊരു സമ്മാനം നമുക്ക് മക്കൾക്ക് നൽകാനുണ്ടോ?. പ്രസാധകർ: മലൈബാർ പ്രസ്സ്.
Content Highlights: Dr. Muhammad Abdul Hakeem Azhari has authored Bed Time Stories, a six-book series designed to teach children the noble life and values of Prophet Muhammad. Published by Malabar Press, the English collection features 30 engaging stories, parent guides, and activity pages. It serves as an ideal resource for shaping children’s character through bedtime reading.





