Connect with us

Editorial

'ബെര്‍ഹാംപോര്‍ ബേങ്ക് കേസു'കള്‍ ആവര്‍ത്തിക്കരുത്

കേസുകള്‍ വര്‍ഷങ്ങളോളം കെട്ടിക്കിടക്കുന്നതും ലക്ഷക്കണക്കിന് തടവുകാര്‍ വിചാരണയും വിധിപ്രസ്താവവും കാത്ത് ജയിലില്‍ കിടക്കുന്നതുമെല്ലാം ജുഡീഷ്യറിക്ക് കളങ്കമാണ്. ഇതിന്റെ കാരണമെന്തായാലും അത് പരിഹരിച്ച് കോടതി നടപടികള്‍ക്ക് വേഗം വര്‍ധിപ്പിക്കുകയും കേസുകള്‍ ദശകങ്ങളോളം കെട്ടിക്കിടക്കുന്ന പ്രവണത അവസാനിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്.

Published

|

Last Updated

ബെര്‍ഹാംപോര്‍ ബേങ്കുമായി ബന്ധപ്പെട്ട കേസിന് രണ്ട് ദിവസം മുമ്പ് കൊല്‍ക്കത്ത ഹൈക്കോടതിയില്‍ തീര്‍പ്പായി. 1949ല്‍ ബെര്‍ഹാംപോര്‍ ബേങ്ക് ലിക്വിഡേഷന്‍ ചെയ്തു. കടം നല്‍കിയവരില്‍ നിന്ന് പണം തിരികെ ലഭിക്കാത്തതിനെ തുടര്‍ന്നായിരുന്നു സ്ഥാപനം പ്രവര്‍ത്തനം അവസാനിപ്പിച്ചത്. 1951 ജനുവരി ഒന്നിന് നിക്ഷേപകര്‍ ലിക്വിഡേഷന്‍ നടപടിക്കെതിരെ കേസ് ഫയല്‍ ചെയ്തു. ദശകങ്ങളോളം ചുവപ്പുനാടയില്‍ കുരുങ്ങിക്കിടന്ന ഈ ഹരജികള്‍ കഴിഞ്ഞ സെപ്തംബറില്‍ കോടതി രണ്ട് തവണ വിചാരണക്കെടുത്തെങ്കിലും ബന്ധപ്പെട്ടവര്‍ ആരും ഹാജരായില്ല. ഇതോടെ മറ്റു നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി കേസ് തീര്‍പ്പാക്കിയതായി ഹൈക്കോടതി വിധിക്കുകയായിരുന്നു.

കാലപ്പഴക്കമാണ് ഈ കേസിനെയും തീര്‍പ്പിനെയും ശ്രദ്ധേയമാക്കുന്നത്. 72 വര്‍ഷം മുമ്പ് ഫയല്‍ ചെയ്ത രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന കേസാണിത്. ജസ്റ്റിസ് പ്രകാശ് ശ്രീവാസ്തവയുടെ നേതൃത്വത്തിലുള്ള ബഞ്ചാണ് കേസ് തീര്‍പ്പാക്കിക്കൊണ്ടുള്ള വിധി പ്രസ്താവിച്ചത്. താന്‍ ജനിക്കുന്നതിന് പത്ത് വര്‍ഷം മുമ്പുള്ള കേസിനാണ് ശ്രീവാസ്തവ വിധി പറഞ്ഞതെന്ന പ്രത്യേകതയും ഇതിനുണ്ട്. ഏതാണ്ട് ഇത്രത്തോളം പഴക്കമുള്ള, 1952ല്‍ തന്നെ ഫയല്‍ ചെയ്യപ്പെട്ട അഞ്ച് കേസുകള്‍ ഇനിയും രാജ്യത്ത് തീര്‍പ്പാകാനുണ്ടെന്ന വസ്തുതയും മാധ്യമങ്ങള്‍ ഈ വാര്‍ത്തയോടൊപ്പം ചൂണ്ടിക്കാണിക്കുകയുണ്ടായി. ഇതില്‍ രണ്ടെണ്ണം കൊല്‍ക്കത്ത ഹൈക്കോടതിയില്‍ തന്നെയാണ്. രണ്ടെണ്ണം ബംഗാള്‍ സിവില്‍ കോടതിയിലും മറ്റൊന്ന് മദ്രാസ് ഹൈക്കോടതിയിലും.

കേന്ദ്ര നീതിന്യായ വകുപ്പില്‍ നിന്ന് ലഭ്യമായ കണക്ക് പ്രകാരം 2022 മെയ് വരെയായി രാജ്യത്ത് 4.7 കോടിയിലധികം കേസുകള്‍ കെട്ടിക്കിടക്കുന്നുണ്ട്. സുപ്രീം കോടതിയില്‍ 70,572 കേസുകളും 25 ഹൈക്കോടതികളിലായി 59 ലക്ഷം കേസുകളും കീഴ്ക്കോടതികളില്‍ 4.15 കോടി കേസുകളുമാണ് നിലവിലുള്ളത്. ഇവയില്‍ ഒരുലക്ഷത്തിലധികം കേസുകള്‍ക്ക് 30 വര്‍ഷത്തിലധികം പഴക്കമുണ്ട്. അഞ്ചും ആറും പതിറ്റാണ്ടുകള്‍ പഴക്കമുള്ള കേസുകളുമുണ്ട് കെട്ടിക്കിടക്കുന്നവയുടെ ഗണത്തില്‍ ധാരാളം.

നീതി വൈകുന്നത് നീതിനിഷേധമാണെന്നത് സാര്‍വ ലൗകിക നീതിന്യായ തത്ത്വമാണ്. നീതിന്യായ വ്യവസ്ഥയുടെ ലക്ഷ്യം തര്‍ക്കപരിഹാരം മാത്രമല്ല, നീതി ഉയര്‍ത്തിപ്പിടിക്കുക കൂടിയാണെന്നും നീതി വൈകിപ്പിക്കുന്നത് പോലുള്ള തടസ്സങ്ങള്‍ ഇല്ലാതാക്കുകയാണ് നീതി ഉയര്‍ത്തിപ്പിടിക്കുന്നതിനുള്ള മാര്‍ഗമെന്നുമാണ് മധ്യപ്രദേശിലെ ജബല്‍പൂരില്‍ 2021 മാര്‍ച്ച് ആറിന് ആള്‍ ഇന്ത്യ സ്റ്റേറ്റ് ജുഡീഷ്യല്‍ അക്കാദമീസ് ഡയറക്ടറേറ്റ് റിട്രീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞത്. മധ്യപ്രദേശിലെ ജബല്‍പൂരില്‍ 2012ല്‍ “നിയമം, നീതി, സാധാരണക്കാര്‍’ എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ സംസാരിക്കവെ അന്നത്തെ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് പറഞ്ഞു, “ഇഴയുന്ന നീതി നിര്‍വഹണം ജനാധിപത്യത്തെ ബലഹീനമാക്കുന്നു. അടിസ്ഥാന അവകാശങ്ങളും നീതിന്യായ സാമീപ്യവും ഒരാള്‍ക്ക് കിട്ടുന്നില്ലെങ്കില്‍ ജനാധിപത്യത്തിന് അര്‍ഥമില്ല’.

മജിസ്‌ട്രേറ്റ് കോടതികള്‍, ജില്ലാ കോടതികള്‍, വിചാരണാ കോടതികള്‍, അതിവേഗ കോടതികള്‍, പോക്‌സോ കോടതികള്‍, സി ബി ഐ കോടതികള്‍, ഹൈക്കോടതികള്‍, സുപ്രീം കോടതി എന്നിങ്ങനെ രാജ്യത്ത് 18,000ത്തിലേറെ കോടതികളുണ്ട്. കേസുകളുടെ വേഗം വര്‍ധിപ്പിക്കാനായി ഇവയത്രയും അടുത്ത കാലത്തായി കമ്പ്യൂട്ടര്‍വത്കരിക്കുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും എന്തുകൊണ്ടാണ് കോടിക്കണക്കിന് കേസുകള്‍ വര്‍ഷങ്ങളോളം കെട്ടിക്കിടക്കാന്‍ ഇടയാകുന്നത്? കാരണങ്ങള്‍ പല കോണുകളില്‍ നിന്നും പലതാണ് ഉയര്‍ന്നു കേള്‍ക്കുന്നത്. കോടതികളിലെ ന്യായാധിപന്‍മാരുടെ എണ്ണത്തിലുള്ള കുറവാണെന്നാണ് ആ മേഖലയുമായി ബന്ധപ്പെട്ടവരുടെ പക്ഷം. ഹൈക്കോടതികളില്‍ നാനൂറോളവും കീഴ്‌ക്കോടതികളില്‍ അയ്യായിരത്തോളവും ജഡ്ജിമാരുടെ ഒഴിവുകളുണ്ടത്രെ.

എന്നാല്‍ ജഡ്ജിമാരുടെ കുറവ് മാത്രമല്ല, കോടതികളിലെ അവധിക്കൂടുതലും കാരണമാണെന്ന് ജുഡീഷ്യറിക്കകത്തുള്ളവര്‍ തന്നെ പറയുന്നു. മറ്റു സര്‍ക്കാര്‍ മേഖലകളിലില്ലാത്ത അവധി ആനുകൂല്യമാണ് കോടതികളില്‍ അനുവദിക്കുന്നത്. 2014ല്‍ അന്നത്തെ ചീഫ് ജസ്റ്റിസായിരുന്ന ആര്‍ എം ലോധ സുപ്രീം കോടതിയുടെയും ഹൈക്കോടതികളുടെയും പ്രവര്‍ത്തന ദിവസങ്ങളെക്കുറിച്ച് ഒരു നിരീക്ഷണം നടത്തി. സുപ്രീം കോടതി ഒരു വര്‍ഷത്തില്‍ ആകെ 193 ദിവസവും ഹൈക്കോടതികള്‍ 210 ദിവസവും വിചാരണാ കോടതികള്‍ 245 ദിവസവും മാത്രമേ പ്രവര്‍ത്തിക്കുന്നൂള്ളുവെന്ന് അദ്ദേഹം കണ്ടെത്തി. ഇതിനു പിന്നാലെ 2016ല്‍ അന്നത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂര്‍, കെട്ടിക്കിടക്കുന്ന കേസുകള്‍ തീര്‍പ്പാക്കുന്നതിന് അവധിക്കാലത്തും ജോലി ചെയ്യാന്‍ തയ്യാറാകണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി ജഡ്ജിമാര്‍ക്ക് കത്തയക്കുകയുണ്ടായി.

ആഴ്ചകളോളം കോടതികള്‍ അവധിക്ക് പിരിയുന്നത് കാരണം നീതി നടപ്പാകാന്‍ വൈകുന്നുവെന്ന് കാട്ടി മുംബൈ സ്വദേശിനി സബീന ലക്ഡെവാല ഇക്കഴിഞ്ഞ ഒക്‌ടോബറില്‍ ബോംബെ ഹൈക്കോടതിയില്‍ ഹരജി ഫയല്‍ ചെയ്തിട്ടുണ്ട്. മധ്യവേനല്‍, ദീപാവലി, ക്രിസ്മസ് വേളകളിലായി 70 ദിവസത്തോളമാണ് കോടതികള്‍ അടഞ്ഞു കിടന്നത്. മറ്റു സര്‍ക്കാര്‍ അവധികള്‍ക്ക് പുറമെയാണിത്. എന്തിനാണ് കോടതികള്‍ക്ക് ഇത്രയധികം അവധിയെന്നാണ് ഹരജിക്കാരി ജുഡീഷ്യറിയോട് ചോദിക്കുന്നത്. ഇന്ത്യ ബ്രിട്ടീഷുകാരുടെ ഭരണത്തിലായിരുന്നപ്പോള്‍, ന്യായാധിപന്മാര്‍ ബ്രിട്ടീഷ് പൗരന്‍മാരായിരുന്ന കാലത്ത് നടപ്പാക്കിയ ഈ അവധി സമ്പ്രദായം ഇപ്പോഴും തുടരുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.

തീര്‍ത്തും പ്രസക്തമാണ് ഈ ചോദ്യം? കേസുകള്‍ വര്‍ഷങ്ങളോളം കെട്ടിക്കിടക്കുന്നതും ലക്ഷക്കണക്കിന് തടവുകാര്‍ വിചാരണയും വിധിപ്രസ്താവവും കാത്ത് ജയിലില്‍ കിടക്കുന്നതുമെല്ലാം ജുഡീഷ്യറിക്ക് കളങ്കമാണ്. ഇതിന്റെ കാരണമെന്തായാലും അത് പരിഹരിച്ച് കോടതി നടപടികള്‍ക്ക് വേഗം വര്‍ധിപ്പിക്കുകയും കേസുകള്‍ ദശകങ്ങളോളം കെട്ടിക്കിടക്കുന്ന പ്രവണത അവസാനിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്. “ബെര്‍ഹാംപോര്‍ ബേങ്ക് കേസു’കള്‍ രാജ്യത്ത് ആവര്‍ത്തിക്കാന്‍ ഇടവരരുത്.