Connect with us

kerala muslim jamaath

വ്രത ശുദ്ധിയിലൂടെ നേടിയെടുത്ത ആത്മീയ ചൈതന്യം നഷ്ടപ്പെടുത്താതിരിക്കുക: ഖലീല്‍ ബുഖാരി തങ്ങള്‍

വീല്‍ചെയര്‍ ഉപയോഗിക്കുന്നവര്‍ക്കായി സംഘടിപ്പിച്ച ഈദ് സംഗമം ശ്രദ്ധേയമായി

Published

|

Last Updated

മലപ്പുറം | സഹജീവികളുടെ സുഖ ദുഖങ്ങളില്‍ പങ്കാളികളായി സൗഹൃദം കാത്ത് സൂക്ഷിക്കേണ്ടതിന്റെ സന്ദേശമാണ് പെരുന്നാള്‍ നല്‍കുന്നതെന്നും എല്ലാ വിഭാഗം ജനങ്ങളോടും കരുണയോടെ വര്‍ത്തിക്കുമ്പോഴാണ് പൂര്‍ണ വിശ്വാസിയായിത്തീരുന്നതെന്നും വെറുപ്പും വിദ്വേഷവും വിശ്വാസിക്ക് യോജിച്ചതല്ലെന്നും കേരള മുസ്്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറിയും മഅദിന്‍ ചെയര്‍മാനുമായ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി പറഞ്ഞു. മഅദിന്‍ ഗ്രാന്റ് മസ്ജിദില്‍ നടന്ന പെരുന്നാള്‍ നിസ്‌കാരത്തിന് നേതൃത്വം നല്‍കി ഈദ് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
പെരുന്നാള്‍ നിസ്‌കാരത്തിനായി ആയിരങ്ങളാണ് മഅദിന്‍ ഗ്രാന്റ് മസ്ജിദില്‍ ഒരുമിച്ച് കൂടിയത്. റമളാനില്‍ മഅദിന്‍ ഗ്രാന്റ് മസ്ജിദില്‍ ഇഅ്തികാഫിരുന്ന് നാട്ടിലേക്ക് പോകുന്നവര്‍ക്ക് യാത്രയയപ്പും നല്‍കി. പ്രാര്‍ഥനക്ക് ഖലീല്‍ ബുഖാരി തങ്ങള്‍ നേതൃത്വം നല്‍കി.

വീല്‍ചെയര്‍ ഉപയോഗിക്കുന്നവര്‍ക്കായി മഅ്ദിന്‍ അക്കാദമി ഗ്രാന്റ് മസ്ജിദില്‍ സംഘടിപ്പിച്ച ഈദ് സംഗമം ശ്രദ്ധേയമായി. പെരുന്നാള്‍ നിസ്‌കാരത്തിന് മഅദിന്‍ ഗ്രാന്റ് മസ്ജിദ് ഇമാം ശൗക്കത്തലി സഖാഫി കച്ചേരിപ്പറമ്പ് നേതൃത്വം നല്‍കി. ശാരീരിക അവശതകള്‍ കാരണം വീടിന്റെ നാല് ചുമരുകള്‍ക്കിടയില്‍ ജീവിതം കഴിച്ച് കൂട്ടുന്ന ഇവര്‍ക്കായി സംഘടിപ്പിച്ച പെരുന്നാള്‍ നിസ്‌കാരം ഏറെ സന്തോഷദായകമായി.
ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് കനത്ത ചൂടിനെ അവഗണിച്ചും ഈദ് സംഗമത്തിനെത്തിയവര്‍ക്ക് പെരുന്നാള്‍ വിഭവങ്ങള്‍ നല്‍കി. ഭിന്നശേഷിക്കാര്‍ക്ക് പെരുന്നാള്‍ നിസ്‌കാരം, ജുമുഅ നിസ്‌കാരം, മറ്റു നിസ്‌കാരങ്ങള്‍ എന്നിവക്ക് പ്രത്യേക സജ്ജീകരണങ്ങള്‍ മഅദിന്‍ അക്കാദമി ഒരുക്കാറുണ്ട്. കേരളത്തില്‍ തന്നെ ഭിന്നശേഷി സൗഹൃദ പള്ളിയെന്ന പേരില്‍ പ്രശസ്തമാണ് മഅദിന്‍ ഗ്രാന്റ് മസ്ജിദ്. വിവിധ തൊഴില്‍ പരിശീലനങ്ങളും കോഴ്സുകളും മഅദിന്‍ ഏബ്ള്‍ വേള്‍ഡിന് കീഴില്‍ നടന്ന് വരുന്നു.
ജുനൈദ് സഖാഫി കോണോംപാറ, മുനീര്‍ പൊന്മള, മുസ്തഫ കോതടി, ശംസുദ്ധീന്‍ സി.കെ, സലീം ആലത്തൂര്‍പടി, ഇംതിയാസ് മആലി, ടി കെ സുഹൈല്‍, ടി പി അഖില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സന്നദ്ധ പ്രവര്‍ത്തകര്‍ ഈദ് സംഗമത്തിനെത്തിയ ഭിന്നശേഷിക്കാര്‍ക്ക് ആവശ്യമായ പരിചരണം നല്‍കി.

 

 

Latest