Connect with us

editorial

ആരോഗ്യരംഗം കോര്‍പറേറ്റുകള്‍ക്ക് അടിയറവ് വെക്കരുത്

വിദേശ ഇന്‍ഷ്വറന്‍സ് ആധിപത്യം നിയന്ത്രണ വിധേയമാക്കാതിരുന്നാല്‍ രാജ്യത്ത് ആരോഗ്യം പണക്കാര്‍ക്ക് മാത്രം ലഭിക്കുന്ന ആഡംബരമായി മാറും. ആരോഗ്യ സേവനം ലാഭമുണ്ടാക്കാനുള്ള വെറുമൊരു കമ്പോളമല്ല എന്ന തിരിച്ചറിവും ബോധവും ഭരണകൂടത്തിനും ആശുപത്രി ഉടമകള്‍ക്കും ഉണ്ടാകേണ്ടതുണ്ട്.

Published

|

Last Updated

ആരോഗ്യ സേവനം ഒരു അവകാശമെന്ന നിലയില്‍ നിന്ന് വ്യതിചലിച്ച് ബിസിനസ്സായി മാറിക്കൊണ്ടിരിക്കുകയാണിന്ന്. സ്വകാര്യ ആശുപത്രികളിലേക്ക് ഒഴുകുന്ന വിദേശ നിക്ഷേപത്തിനും ഇന്‍ഷ്വറന്‍സ് കമ്പനികളുടെ സ്വാധീനത്തിനും ഇതില്‍ വലിയ പങ്കുണ്ട്. ആരോഗ്യ മേഖല വിദേശ കോര്‍പറേറ്റുകള്‍ക്ക് മലര്‍ക്കെ തുറന്നു കൊടുക്കുന്നത് ചികിത്സാ ചെലവ് കുത്തനെ വര്‍ധിക്കാനും സാധാരണക്കാര്‍ക്ക് ചികിത്സാ മേഖല അപ്രാപ്യമാകാനും ഇടയാക്കുമെന്ന് നേരത്തേ പലരും ചൂണ്ടിക്കാട്ടിയതുമാണ്. ഇന്ത്യന്‍ മെഡിക്കല്‍ അസ്സോസിയേഷന്റെ (ഐ എം എ) പുതിയ നയരേഖയും ഈ ആശങ്ക പങ്കുവെക്കുന്നു.

ആരോഗ്യ മേഖലയിലെ അനിയന്ത്രിതമായ വിദേശ നിക്ഷേപവും ഇന്‍ഷ്വറന്‍സ് അധിഷ്ഠിത വില നിയന്ത്രണങ്ങളും പൊതുജനാരോഗ്യ മേഖലയില്‍ സര്‍ക്കാര്‍ മതിയായ നിക്ഷേപം നടത്താത്തതും പൊതുജനാരോഗ്യ മേഖലയെ “വെന്റിലേറ്ററി’ലാക്കിയിരിക്കുകയാണെന്ന്’ ആരോഗ്യ പൂര്‍ണമായ ഇന്ത്യ ലക്ഷ്യമാക്കിയുള്ള ബ്ലൂപ്രിന്റ്’ എന്ന നയരേഖലയിലാണ് ഐ എം എ കുറ്റപ്പെടുത്തുന്നത്. ജി ഡി പിയുടെ 5.2 ശതമാനമെങ്കിലും സര്‍ക്കാര്‍ ആരോഗ്യമേഖലക്ക് നീക്കിവെക്കേണ്ടതുണ്ട്. താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളെല്ലാം ഇത്രയും വിഹിതം ചെലവഴിക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ചെലവഴിക്കുന്നത് 3.8 ശതമാനമാണെന്ന് ഐ എം എ ചൂണ്ടിക്കാട്ടുന്നു. മേഖലയില്‍ അനിയന്ത്രിതമായി കച്ചവട താത്പര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനാല്‍ സാധാരണക്കാരന് ചികിത്സാ ചെലവ് താങ്ങാനാകുന്നില്ല. ഇന്‍ഷ്വറന്‍സ് കമ്പനികള്‍ ചികിത്സാ ചെലവുകള്‍ നിയന്ത്രിക്കുന്നതിനു പകരം നികുതി പണം ഉപയോഗിച്ച് സര്‍ക്കാര്‍ നേരിട്ട് ആരോഗ്യ സേവനങ്ങള്‍ നടത്തുകയാണ് വേണ്ടതെന്ന് ഐ എം എ നിര്‍ദേശിക്കുന്നു.

രാജ്യത്തെ സ്വകാര്യ ആശുപത്രികളുടെ വരുമാനം വന്‍തോതില്‍ വര്‍ധിച്ചു വരികയാണ്. 2027ഓടെ ഇത് 219 ബില്യന്‍ ഡോളര്‍ (ഏകദേശം 19.66 ലക്ഷം കോടി രൂപ) ആകുമെന്നാണ് സര്‍ക്കാര്‍ ഏജന്‍സിയായ “ഇന്‍വെസ്റ്റ് ഇന്ത്യ’യുടെ കണക്കുകൂട്ടല്‍. 2021ലെ വരുമാനത്തിന്റെ ഇരട്ടിയിലേറെ വരുമിത്. കോര്‍പറേറ്റുകളെയും വിദേശ നിക്ഷേപകരെയും ഇന്ത്യയിലെ ആരോഗ്യ മേഖലയിലേക്ക് ആകര്‍ഷിക്കുന്നത് ഈ മികച്ച വരുമാനമാണ്. ചികിത്സാ മേഖലയില്‍ ഏറ്റവും കൂടുതല്‍ പണം ചെലവിടുന്ന സംസ്ഥാനമെന്ന നിലയില്‍ കോര്‍പറേറ്റുകള്‍ മുഖ്യമായും ലക്ഷ്യമിടുന്നത് കേരളത്തിലെ സ്വകാര്യ ആശുപത്രികളെയാണ്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ കേരളത്തിലെ വിവിധ സ്വകാര്യ ആശുപത്രികളില്‍ ഒരു ഡസനോളം വിദേശ, ആഭ്യന്തര കോര്‍പറേറ്റുകള്‍ നിക്ഷേപം നടത്തിയതായും കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഏകദേശം 7,000 കോടി രൂപയുടെ വിദേശ നിക്ഷേപമെത്തിയെന്നുമാണ് റിപോര്‍ട്ട്.

ലോകത്തെ ഏറ്റവും വലിയ സ്വകാര്യ നിക്ഷേപ കമ്പനികളിലൊന്നായ ബ്ലാക്ക് ടോണ്‍, ടെക്‌സാസ് ആസ്ഥാനമായ ടി പി ജി, ന്യൂയോര്‍ക്ക് ആസ്ഥാനമായ കെ കെ ആര്‍ തുടങ്ങിയ യു എസ് കമ്പനികളും ചില ആഭ്യന്തര കമ്പനികളുമാണ് അടുത്തിടെയായി കേരളത്തിലെ വിവിധ ആശുപത്രികളില്‍ നിക്ഷേപം നടത്തിയത്. മാനുഷിക പരിഗണനയേക്കാളുപരി വന്‍ ലാഭം ലക്ഷ്യം വെച്ചാണ് വിദേശ നിക്ഷേപകര്‍ ആശുപത്രികളില്‍ പണമിറക്കുന്നത്. നിക്ഷേപിച്ച തുക തിരിച്ചു പിടിക്കാനായി ആശുപത്രികള്‍ രോഗികളില്‍ നിന്ന് ഉയര്‍ന്ന തുക ഈടാക്കാന്‍ നിര്‍ബന്ധിതരാകുന്നു.

അനാവശ്യ ടെസ്റ്റുകള്‍, ബില്ലുകളില്‍ ഹിഡന്‍ ചാര്‍ജ്, വില കൂടിയ മരുന്നുകളുടെ അമിത ഉപയോഗം തുടങ്ങി രോഗിക്ക് വന്‍സാമ്പത്തിക ബാധ്യയാണ് ഇതുവഴി ഉണ്ടായിത്തീരുന്നത്. ഹൃദയ, കരള്‍, വൃക്ക, കുടല്‍ ശസ്ത്രക്രിയക്ക് ദശലക്ഷങ്ങളാണ് സ്വകാര്യ ആശുപത്രികള്‍ ഈടാക്കി വരുന്നത്. വന്‍തുക പ്രീമിയം ഈടാക്കുന്ന വിദേശ കമ്പനികളുടെ ഇന്‍ഷ്വറന്‍സ് ഉള്ളവര്‍ക്കല്ലാതെ സാധാരണക്കാരന് ഇത് താങ്ങാന്‍ പ്രയാസം. വിദേശ കമ്പനികളുടെ ഇന്‍ഷ്വറന്‍സ് സ്വീകരിക്കുന്ന ആശുപത്രികള്‍ അതിനേക്കാള്‍ താഴ്ന്ന നിരക്കുള്ള ആഭ്യന്തര ഇന്‍ഷ്വറന്‍സ് സ്‌കീമുകളെ രണ്ടാം തരമായി കാണുകയും അത്തരം രോഗികള്‍ക്ക് ക്ലെയിം നിഷേധിക്കാന്‍ ഇടവരുത്തുകയും ചെയ്യുന്നുവെന്നതാണ് ഇതിന്റെ മറ്റൊരു ദൂഷ്യം.

ആശുപത്രികളില്‍ അത്യാധുനിക മെഡിക്കല്‍ ഉപകരണങ്ങളും റോബോട്ടിക് സര്‍ജറി പോലുള്ള ചികിത്സാ രീതികളും ലഭ്യമാക്കുക, അന്താരാഷ്ട്ര നിലവാരത്തിലുള്ള മികച്ച ചികിത്സ തുടങ്ങി ചില ഗുണകരമായ വശങ്ങളുണ്ട് വിദേശ കോര്‍പറേറ്റ് നിക്ഷേപങ്ങള്‍ക്ക്. എന്നാല്‍ ഈ ഗുണങ്ങള്‍ ഉയര്‍ന്ന സാങ്കേതിക ശേഷി ഉള്ളവര്‍ക്കോ വന്‍കിട ഇന്‍ഷ്വറന്‍സ് പോളിസിയുള്ളവര്‍ക്കോ മാത്രമായി പരിമിതപ്പെടുന്നു. സര്‍ക്കാര്‍ ആശുപത്രികളില്‍ പലപ്പോഴും മതിയായ ചികിത്സ ലഭിക്കാത്ത സാഹചര്യത്തില്‍ പാവപ്പെട്ടവരും മധ്യവര്‍ഗവും സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. ഈ സാഹചര്യത്തില്‍ സ്വകാര്യ ആശുപത്രികളില്‍ ഉയര്‍ന്ന ഫീസ് ഈടാക്കുന്നതിന് സര്‍ക്കാര്‍ പ്രോത്സാഹനം നല്‍കുന്നത് സാമൂഹിക അസമത്വത്തിന് വഴിയൊരുക്കുന്നു.

സ്വകാര്യ ആശുപത്രികളിലെ ചികിത്സാ ചെലവില്‍ കൃത്യമായ നിയന്ത്രണം വരുത്തുക, സര്‍ക്കാര്‍ ആശുപത്രികളില്‍ സ്വകാര്യ മേഖലക്ക് സമാനമായ സൗകര്യം ഏര്‍പ്പെടുത്തുക, സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ആയുഷ്മാന്‍ ഭാരത് പോലുള്ള ഇന്‍ഷ്വറന്‍സ് പദ്ധതികള്‍ കൂടുതല്‍ ആശുപത്രികളില്‍ പ്രായോഗികമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക, വിദേശ ഇന്‍ഷ്വറന്‍സിന് നിയന്ത്രണം ഏര്‍പ്പെടുത്തുക തുടങ്ങിയവയാണ് ഇതിനു പരിഹാരം. വിദേശ ഇന്‍ഷ്വറന്‍സ് ആധിപത്യം നിയന്ത്രണ വിധേയമാക്കാതിരുന്നാല്‍ രാജ്യത്ത് ആരോഗ്യം പണക്കാര്‍ക്ക് മാത്രം ലഭിക്കുന്ന ആഡംബരമായി മാറും. ആരോഗ്യ സേവനം ലാഭമുണ്ടാക്കാനുള്ള വെറുമൊരു കമ്പോളമല്ല എന്ന തിരിച്ചറിവും ബോധവും ഭരണകൂടത്തിനും ആശുപത്രി ഉടമകള്‍ക്കും ഉണ്ടാകേണ്ടതുണ്ട്.

---- facebook comment plugin here -----

Latest