Connect with us

Kerala

വാക്കുകള്‍ ദുര്‍വ്യാഖ്യാനം ചെയ്ത് സമൂഹത്തില്‍ ഛിദ്രതയുണ്ടാക്കരുത്: കാന്തപുരം

മുസ്ലിംകള്‍ക്കെതിരെ ശിര്‍ക്കും കുഫ്‌റും ആരോപിക്കുന്നത് മുജാഹിദ് ശൈലിയെന്നും കാന്തപുരം

Published

|

Last Updated

കോഴിക്കോട് | മുഹമ്മദ് നബി(സ്വ)യോടുള്ള സ്നേഹവും ബഹുമാനവുമാണ് വിശ്വാസത്തിന്റെ അടിത്തറയെന്നും തിരുനബി(സ്വ) കൊണ്ടുവന്ന മുഴുവന്‍ വിഷയങ്ങളും പൂര്‍ണമായി സ്വീകരിക്കുമ്പോഴാണ് വിശ്വാസം പൂര്‍ണമാകുന്നതെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു.

ശരീരം ജീര്‍ണിച്ച് ജീവിച്ചിരിക്കുന്നവര്‍ക്ക് ശല്യമാവാതിരിക്കാനാണ് റസൂല്‍(സ്വ)യെ മറവു ചെയ്തതെന്ന് വരെ മുജാഹിദ്, ജമാഅത്തെ ഇസ്ലാമി തുടങ്ങിയ പുത്തനാശയക്കാരുടെ പ്രസിദ്ധീകരണങ്ങളില്‍ രേഖപ്പെടുത്തിവെച്ചിട്ടുണ്ട്. നബി(സ്വ)യെ അപകീര്‍ത്തിപ്പെടുത്തുന്നതും നിന്ദിക്കുന്നതുമായ ഇത്തരം ധാരണകള്‍ വെച്ചുപുലര്‍ത്തുന്നവര്‍ക്ക് എങ്ങനെയാണ് യഥാര്‍ഥ മുസ്ലിമാവാന്‍ സാധിക്കുക എന്നാണ് പ്രസംഗത്തില്‍ പറഞ്ഞത്. വാക്കുകള്‍ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്തും ദുര്‍വ്യാഖ്യാനം ചെയ്തും സമൂഹത്തില്‍ ഛിദ്രതയുണ്ടാക്കാനുള്ള ശ്രമങ്ങളില്‍ നിന്ന് എല്ലാവരും പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മുസ്ലിംകള്‍ക്കെതിരെ ശിര്‍ക്കും (ബഹു ദൈവത്വം) കുഫ്‌റും (മത നിഷേധം) ആരോപിക്കുന്നത് സുന്നികളുടെ രീതിയല്ലെന്നും ഉത്ഭവ കാലം മുതല്‍ മുജാഹിദുകളുടെ ശൈലിയാണതെന്നും കാന്തപുരം പറഞ്ഞു.