Connect with us

National

ഡല്‍ഹിയില്‍ അറസ്റ്റിലായ ഭീകരരുടെ വെളിപ്പെടുത്തല്‍; ലക്ഷ്യം 1993ലെ മുംബൈ മോഡല്‍ സ്‌ഫോടന പരമ്പര

1993 ലെ മുംബൈ സ്‌ഫോടന പരമ്പരയ്ക്ക് സമാനമായ സ്‌ഫോടന പരമ്പരയാണ് പ്രതികള്‍ ലക്ഷ്യമിട്ടത്. ഇതിനായി പരിശീലനവും ഇവര്‍ക്ക് ലഭിച്ചിട്ടുണ്ട്.

Published

|

Last Updated

ന്യൂഡല്‍ഹി| ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്‍ അറസ്റ്റ് ചെയ്ത ഭീകരര്‍ ലക്ഷ്യംവെച്ചത് 1993 ലെ മുംബൈ മോഡല്‍ സ്‌ഫോടന പരമ്പരയെന്ന് വെളിപ്പെടുത്തല്‍. കേസില്‍ പിടിയിലായ ഭീകരനെ ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. അതേസമയം കേസിലെ പ്രതിയായ ജാന്‍ മുഹമ്മദിനെ ചോദ്യം ചെയ്യാന്‍ മുംബൈ എടിഎസ് സംഘം ഡല്‍ഹിയില്‍ എത്തി.

കേസുമായി ബന്ധപ്പെട്ടുള്ള ചോദ്യം ചെയ്യലില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. 1993 മുംബൈ സ്‌ഫോടന പരമ്പരയ്ക്ക് സമാനമായ സ്‌ഫോടന പരമ്പരയാണ് പ്രതികള്‍ ലക്ഷ്യമിട്ടത്. ഇതിനായി പരിശീലനവും ഇവര്‍ക്ക് ലഭിച്ചിട്ടുണ്ട്. റെയില്‍വേ ട്രാക്കുകളിലും സ്റ്റേഷനുകളിലും സ്‌ഫോടനകള്‍ നടത്താനാണ് ആദ്യ പദ്ധതി. ശേഷം ഉത്സവാഘോഷസമയത്ത് പ്രധാനസ്ഥലങ്ങളിലും ആക്രമണം നടത്തുക. ഒരേ സമയത്ത് പലയിടങ്ങളില്‍ സ്‌ഫോടനം നടത്താന്‍ സ്ഥലങ്ങളും തെരഞ്ഞെടുത്തതായി ചോദ്യം ചെയ്യലില്‍ കണ്ടെത്തിയിട്ടുണ്ട്.

പ്രതികളില്‍ നിന്ന് പിടികൂടിയ സ്‌ഫോടകവസ്തുക്കളിലെ പരിശോധന തുടരുകയാണ്. കേന്ദ്രരഹസ്യാന്വേഷണ വിഭാഗവും പ്രതികളെ ചോദ്യം ചെയ്യുന്നുണ്ട്. ഇതിനിടെ കേസില്‍ അറസ്റ്റിലായ ഡല്‍ഹി സ്വദേശി ഒസാമയുടെ പിതാവിന് ഈ പദ്ധതികളില്‍ പങ്കുണ്ടെന്നാണ് പൊലീസിന്റെ സംശയം. നിലവില്‍ ദുബായിലുള്ള ഇയാളെ ഉടന്‍ നാട്ടിലെത്തിച്ചു ചോദ്യം ചെയ്യാനുള്ള നടപടികളിലാണ് സെപ്ഷ്യല്‍ സെല്‍.

മുംബൈയില്‍ നിന്ന് എത്തിയ മഹാരാഷ്ട്രയില്‍ നിന്നുള്ള എടിഎസ് സംഘം പ്രതിയായ ജാന്‍ ഷെഖിനെ ഇന്ന് ചോദ്യം ചെയ്യും. മഹാരാഷ്ട്രയില്‍ ഇവര്‍ ലക്ഷ്യമിട്ട ആകമണപദ്ധതിയുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍. കേസുമായി ബന്ധപ്പെട്ട് യുപിയിലും ഡല്‍ഹിയിലും ഇന്നും തെരച്ചില്‍ നടന്നു. കേസില്‍ ഒരു പ്രതിയെ കൂടി സെപ്ഷ്യല്‍ സെല്‍ പിടികൂടിയെന്നാണ് വിവരം.

 

Latest