Connect with us

തെളിയോളം

ഇത് നിങ്ങൾക്ക് മുമ്പേ തന്നെ അറിയാമായിരുന്നോ?

നമ്മുടെ സ്വന്തം അനുമാനങ്ങൾ, വിശ്വാസങ്ങൾ, ചിന്താരീതികൾ എന്നിവ പരിശോധിക്കുന്നതിലൂടെ, പിന്നാക്ക പക്ഷപാതം എവിടെയെല്ലാം സ്വാധീനം ചെലുത്തുമെന്ന് നമുക്ക് തിരിച്ചറിയാൻ കഴിയും.

Published

|

Last Updated

“സംഭവത്തിനുശേഷം ജ്ഞാനിയാകാൻ എളുപ്പമാണ്’ എന്ന സർ ആർതർ കോനൻ ഡോയലിന്റെ ഒരു വചനമുണ്ട്. ഞാൻ ഇന്നീ കാണുന്ന നിലയിൽ എത്തിയതിന്റെ പിന്നിൽ ഇന്ന ഇന്ന “മഹാസംഭവങ്ങൾ’ ഉണ്ട് എന്ന് വലിയ മേന്മ പറയുന്നവരെ കണ്ടിട്ടില്ലേ. ജയിച്ചാൽ അത് താൻ എടുത്ത റിസ്കിന്റെ ഫലമാണെന്നു പറയുകയും തോറ്റാൽ തനിക്ക് പുറത്തുള്ളതിന് മുഴുവൻ അതിന്റെ പഴി പകുത്തു നൽകുകയും ചെയ്യുന്നവരെയും നിങ്ങൾ കണ്ടിട്ടുണ്ടാകും. ഒരു കാര്യം, അത് അങ്ങനെ തന്നെ മാത്രമേ സംഭവിക്കൂ എന്ന് മുൻകൂട്ടി അറിയാമായിരുന്നുവെന്ന് നിങ്ങൾക്ക് പലപ്പോഴും തോന്നിയിട്ടില്ലേ? ഈ ആഴ്ച കുറച്ച് സ്വർണം വാങ്ങുകയും തൊട്ടടുത്ത ദിവസം മാർക്കറ്റിൽ അതിന്റെ വില കൂട്ടിയാൽ, ആ വില കൂടലിനെപ്പറ്റി നിങ്ങൾക്ക് സൂചനയുണ്ടായിരുന്നു എന്ന തരത്തിൽ നിങ്ങൾ പലരോടും പറയാൻ സാധ്യതയുണ്ട്.

കാരണവും ഫലവും മനസ്സിലാക്കുക എന്നത് മനുഷ്യന്റെ അതിജീവനത്തിന് അത്യാവശ്യമായ ഒരു കഴിവാണ്. എന്നാൽ ഈ മനസ്സിലാക്കൽ മൂലം അമിത ആത്മവിശ്വാസത്തോടെ നാം എടുക്കുന്ന തീരുമാനങ്ങൾ ഭാവിയിൽ കൃത്രിമമായ വിധിന്യായങ്ങളിലേക്കും വ്യാഖ്യാനങ്ങളിലേക്കും നയിച്ചേക്കാം. ഞാൻ ഇത്രയും കാലം എടുത്ത തീരുമാനങ്ങൾ എല്ലാം മികച്ചതായിരുന്നു എന്നും എന്റെ ചിന്താരീതി പെർഫെക്ട് ആയ ഒന്നാണ് എന്നുമുള്ള മിഥ്യാധാരണയിലേക്ക് അത് നമ്മെ കൊണ്ടെത്തിക്കും.

നമ്മുടെ മസ്തിഷ്കം വേഗത്തിൽ തീരുമാനങ്ങൾ എടുക്കാൻ ഉപയോഗിക്കുന്ന ഒരു മാനസികാവസ്ഥയാണ് പിന്നാക്ക പക്ഷപാതം. മാറ്റാനാകാത്ത ഭൂതകാലത്തിൽ അഭിരമിച്ച് സ്വയം പീഡിപ്പിക്കുന്ന മനുഷ്യ മസ്തിഷ്കത്തിന്റെ ഏറ്റവും ഉപയോഗശൂന്യമായ പ്രവർത്തനമാണിത്. നമുക്ക് ഇപ്പോൾ അറിയാവുന്ന കാര്യങ്ങൾക്ക് അനുയോജ്യമായ രീതിയിൽ നമ്മുടെ മസ്തിഷ്കം മെമ്മറികൾ പുനർനിർമിക്കുകയാണിവിടെ. ലോകത്തെ നിങ്ങൾ എങ്ങനെ കാണുന്നു എന്നതു മാത്രമല്ല, നിങ്ങളെത്തന്നെ നിങ്ങൾ എങ്ങനെ കാണുന്നു എന്നതിനെയും പൂർണമായി മാറ്റുന്നു എന്നതാണ് ഈ മാനസികാവസ്ഥയെക്കുറിച്ച് അറിയേണ്ട പ്രധാന കാര്യം.

അഥവാ “സംഭവിച്ചതെല്ലാം നിങ്ങൾക്ക് നേരത്തെ അറിയാമായിരുന്നു’ എന്ന ഒരു തോന്നൽ സൃഷ്ടിച്ച്, ഒരു കാര്യം യഥാർഥത്തിൽ എന്തുകൊണ്ട് സംഭവിച്ചു എന്ന് പരിശോധിക്കുന്നതിൽ നിന്ന് അത് നിങ്ങളെ മാറ്റിനിർത്തും. മുന്നനുഭവങ്ങളുടെ അമിതമായ വിശദീകരണങ്ങളിലൂടെ സംഭവങ്ങളുടെ അനന്തരഫലങ്ങൾ ശരിയായോ തെറ്റായോ മറ്റുള്ളവരിൽ കെട്ടിവെക്കാനുള്ള ത്വരയും ഇതിലൂടെ രൂപപ്പെടും. തെറ്റായ ന്യായവാദങ്ങൾ നടത്തിയും തെറ്റായ വിശദീകരണങ്ങൾ കെട്ടിച്ചമച്ചും “ഞാനപ്പഴേ പറഞ്ഞില്ലേ’ എന്ന് സ്വന്തം പ്രവചനങ്ങളെക്കുറിച്ച് വാചാലമാകാൻ ഇത്തരക്കാർക്ക് വേഗത്തിൽ കഴിയും. ഇത് ഭാവിയിൽ തീരുമാനങ്ങൾ പഠിക്കാനും അവയുമായി പൊരുത്തപ്പെടാനും കഴിയാത്തവരാക്കി ഇവരെ മാറ്റും.

തെറ്റായ അനുമാനങ്ങൾ നടത്തി വ്യാജമായ ആത്മവിശ്വാസം പ്രകടമാക്കും എന്നതു മാത്രമല്ല തെറ്റായ വീക്ഷണങ്ങൾ അടിയുറച്ച് അനാവശ്യ ഭയവും ഇതിലൂടെ വ്യാപകമായേക്കാം. വാർത്തകളിൽ ഒരു വിമാനാപകടത്തെക്കുറിച്ച് കേട്ട ഒരാൾ, വിമാന യാത്ര ഏറ്റവും സുരക്ഷിതമായ ഗതാഗത മാർഗങ്ങളിലൊന്നായി തുടരുന്നു എന്ന വസ്തുത ഉണ്ടായിരുന്നിട്ടും, അയാളിൽ ഉത്കണ്ഠ വളരുന്നെങ്കിൽ അത് ഇത്തരം മാനസികാവസ്ഥയുടെ ഫലമാണ്. ഒരു തട്ടിക്കൊണ്ടുപോകൽ കേസിനെക്കുറിച്ച് കേൾക്കുമ്പോൾ, അത്തരം കേസുകൾ സ്ഥിതിവിവരക്കണക്കനുസരിച്ച് അപൂർവമാണെങ്കിൽ പോലും ഒരു രക്ഷിതാവിന് അവരുടെ കുട്ടിയുടെ സുരക്ഷയെക്കുറിച്ച് അമിതമായ ഭയം തോന്നിയേക്കാം. ഈ മാനസികാവസ്ഥയെ മറികടക്കാനും ബോധപൂർവമായ ശ്രമങ്ങൾ അനിവാര്യമാണ്.

നമ്മുടെ സ്വന്തം അനുമാനങ്ങൾ, വിശ്വാസങ്ങൾ, ചിന്താരീതികൾ എന്നിവ പരിശോധിക്കുന്നതിലൂടെ, പിന്നാക്ക പക്ഷപാതം എവിടെയെല്ലാം സ്വാധീനം ചെലുത്തുമെന്ന് നമുക്ക് തിരിച്ചറിയാൻ കഴിയും.ഈ ആത്മപരിശോധനക്ക് വിനയവും വിശാലമനസ്കതയും ആവശ്യമാണ്.കാരണം നമ്മൾ എല്ലായ്പ്പോഴും ശരിയായിരിക്കില്ല അല്ലെങ്കിൽ നമ്മുടെ പക്ഷപാതങ്ങളെക്കുറിച്ച് പൂർണമായി ബോധവാന്മാരായിരിക്കില്ല എന്ന് അംഗീകരിക്കുന്നത് ഇതിൽ ഉൾപ്പെടുന്നു.

നമ്മുടെ ചിന്താ പ്രക്രിയ പക്ഷപാത വിധേയമാണെന്ന് തിരിച്ചറിയുന്നത് നമ്മുടെ സ്വന്തം ചിന്തകളെയും തീരുമാനങ്ങളെയും കുറിച്ച് കൂടുതൽ ജാഗ്രത പാലിക്കാനും വിമർശനാത്മകമായിരിക്കാനും നമ്മെ അനുവദിക്കും.ഭൂതകാല അനുഭവ ഓർമകളെ സമീപിക്കും മുമ്പ് കൃത്യമായ വസ്തുതകൾ, യഥാർഥമായി രേഖപ്പെടുത്തിയ വിവരങ്ങൾ, വിശാലമായ സന്ദർഭ വിശകലനം എന്നിവയിലൂടെ മാത്രം തീരുമാനമെടുക്കുക എന്നത് ശക്തമായ തിരുത്തൽ മാർഗമാണ്. വൈവിധ്യമാർന്ന കാഴ്ചപ്പാടുകളും ഫീഡ്‌ബാക്കും തേടുന്നത് വൈജ്ഞാനിക പക്ഷപാതങ്ങളിൽ നിന്ന് മുക്തി നേടാനുള്ള മറ്റൊരു ഫലപ്രദമായ മാർഗമാണ്. വ്യത്യസ്ത അഭിപ്രായങ്ങളും വിശ്വാസങ്ങളും അനുഭവങ്ങളുമുള്ള ആളുകളുമായി സജീവമായി ഇടപഴകുന്നതിലൂടെ, നമുക്ക് വിലപ്പെട്ട ഉൾക്കാഴ്ചകൾ നേടാനും നമ്മുടെ സ്വന്തം പക്ഷപാതങ്ങളെ വെല്ലുവിളിക്കാനും കഴിയും.

ഭൂതകാല അനുഭവങ്ങൾ വെച്ച് വ്യാഖ്യാനമോ പ്രവചനമോ നിർമിക്കുമ്പോൾ അവയുടെ മറുവശങ്ങൾ കൂടി പരിഗണിച്ച് “ഞാൻ പ്രതീക്ഷിക്കുന്ന രീതിയിൽ അല്ലാതെ ഇത് എങ്ങനെയൊക്കെ സംഭവിക്കാം’ എന്ന തരത്തിൽ വിപരീത ദിശയിൽ ആലോചന വഴിതിരിച്ചു കൊണ്ടുപോകുന്നതും നന്നാകും. ഒരു തീരുമാനം എടുക്കുമ്പോൾ, നിങ്ങളേക്കാൾ വ്യത്യസ്ത കാഴ്ചപ്പാടുകളുള്ള ആളുകളിൽ നിന്ന് അഭിപ്രായം തേടാൻ ശ്രമിക്കാം. ഇത് സാഹചര്യത്തെ വ്യത്യസ്തമായ ഒരു കോണിൽ നിന്ന് കാണാനും നിങ്ങളുടെ സ്വന്തം പക്ഷപാതങ്ങളെ അടിസ്ഥാനമാക്കി തീരുമാനമെടുക്കുന്നത് ഒഴിവാക്കാനും നിങ്ങളെ സഹായിക്കും.

Latest