Connect with us

National

ജയലളിതയുടെ ചികിത്സയില്‍ ഇടപെട്ടിട്ടില്ല; തനിക്കെതിരായ കണ്ടെത്തലുകള്‍ തള്ളി വി കെ ശശികല

. ജയലളിതയെ വിദേശചികിത്സക്ക് കൊണ്ടുപോകുന്നത് താന്‍ തടഞ്ഞിട്ടില്ല

Published

|

Last Updated

ചെന്നൈ |  തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് തനിക്കെതിരെയുള്ള ആരോപണങ്ങള്‍ പൂര്‍ണമായി നിഷേധിച്ച് അണ്ണാ ഡിഎംകെ മുന്‍ നേതാവ് വി കെ ശശികല. മരണത്തില്‍ ദുരൂഹതയുണ്ടെന്ന അറുമുഖസാമി അന്വേഷണ സമിതി കണ്ടെത്തിയിരുന്നു. സമതി റിപ്പോര്‍ട്ടില്‍ തനിക്കെതിരെയുള്ള എല്ലാ ആരോപണങ്ങളും നിഷേധിക്കുന്നതായി ശശികല പറഞ്ഞു. ജയലളിതയുടെ ചികിത്സയില്‍ ഒരിക്കലും ഇടപെട്ടിട്ടില്ല. ഇക്കാര്യത്തില്‍ അന്വേഷണം നേരിടാന്‍ തയ്യാറാണ്. ജയലളിതയെ വിദേശചികിത്സക്ക് കൊണ്ടുപോകുന്നത് താന്‍ തടഞ്ഞിട്ടില്ല. ചികിത്സാകാര്യങ്ങളെല്ലാം മെഡിക്കല്‍ സംഘത്തിന്റെ കൂട്ടായ തീരുമാനമായിരുന്നുവെന്നും ശശികല പറഞ്ഞു.

ജയലളിതയുടെ മരണം സംബന്ധിച്ച് ദുരൂഹതയുണ്ടെന്നായിരുന്നു ജസ്റ്റിസ് അറുമുഖ സ്വാമി കമ്മീഷന്റെ റിപ്പോര്‍ട്ട്. ജയലളിതയുടെ തോഴി ശശികല, മുന്‍ ആരോഗ്യമന്ത്രി, ആരോഗ്യ സെക്രട്ടറി എന്നിവരടക്കം വിചാരണ നേരിടണമെന്നും റിപ്പോര്‍ട്ട് ശിപാര്‍ശ ചെയ്തിരുന്നു. ജയലളിതയുടെ മരണം സംഭവിച്ച് ഒരു ദിവസത്തിന് ശേഷമാണ് മരണവിവരം പുറത്തുവിട്ടതെന്നും റിപ്പോര്‍ട്ടില്‍ ആരോപണമുണ്ട്. വലിയ ചര്‍ച്ചകള്‍ക്കും രാഷ്ട്രീയ പൊട്ടിത്തെറികള്‍ക്കും വഴിവെക്കുന്നതാണ് കഴിഞ്ഞ ദിവസം തമിഴ്‌നാട് നിയമസഭയുടെ മേശപ്പുറത്ത് വച്ച അറുമുഖസ്വാമി അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്. ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച 2016 സെപ്റ്റംബര്‍ 22 മുതലുള്ള സകല വിവരങ്ങളും സര്‍ക്കാര്‍ മറച്ചു വച്ചു. ഗുരുതര ഹൃദ്രോഗമുണ്ടായിരുന്ന ജയലളിതയ്ക്ക് അമേരിക്കയിലുള്ള ഡോക്ടര്‍മാര്‍ ആന്‍ജിയോപ്ലാസ്റ്റിയോ ശസ്ത്രക്രിയയോ വേണമെന്ന് ശിപാര്‍ശ ചെയ്തിരുന്നെങ്കിലും ചെയ്തില്ല. എയിംസിലെ മെഡിക്കല്‍ സംഘം ചികിത്സാ കാലയളവിനിടെ ജയലളിത ചികിത്സയിലിരുന്ന അപ്പോളോ ആശുപത്രി സന്ദര്‍ശിച്ചെങ്കിലും അവിടെ മുന്‍ മുഖ്യമന്ത്രിക്ക് ശരിയായ ചികിത്സ കിട്ടിയില്ല.ജയലളിതയുടെ ആരോഗ്യനിലയെപ്പറ്റി ചികിത്സാസംഘം വ്യാജ പ്രസ്താവനകളിറക്കി. ജയലളിതയുടെ തോഴിയും അണ്ണാ ഡിഎംകെ മുന്‍ ജനറല്‍ സെക്രട്ടറിയുമായ വി കെ ശശികല, ഡോ. കെ എസ് ശിവകുമാര്‍, അന്നത്തെ ആരോഗ്യ സെക്രട്ടറി ഡോ ജെ രാധാകൃഷ്ണന്‍, മുന്‍ ആരോഗ്യമന്ത്രി സി വിജയഭാസ്‌കര്‍ എന്നിവര്‍ക്കെതിരെ അന്വേഷണം വേണമെന്നും റിപ്പോര്‍ട്ടിലുണ്ട്. മുന്‍ മുഖ്യമന്ത്രി പനീര്‍ശെല്‍വമടക്കം 154 സാക്ഷികളെയാണ് കമ്മീഷന്‍ വിസ്തരിച്ചത്. 2017ല്‍ രൂപീകരിച്ച കമ്മീഷന്റെ കാലാവധി 14 തവണ നീട്ടി നല്‍കിയിരുന്നു.

Latest