National
വിമാനങ്ങളില്‍ പവര്‍ ബാങ്ക് ഉപയോഗം നിരോധിച്ച് ഡിജിസിഎ
പുതിയ ഉത്തരവ് പ്രകാരം പവര്‍ ബാങ്കുകളും ബാറ്ററികളും യാത്രക്കാരുടെ കൈവശമുള്ള ബാഗുകളില്‍ മാത്രമേ സൂക്ഷിക്കാന്‍ പാടുള്ളൂ
ന്യൂഡല്‍ഹി| വിമാനങ്ങളില്‍ പവര്‍ ബാങ്ക് ഉപയോഗം നിരോധിച്ച് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍. യാത്രയ്ക്കിടെ ലിഥിയം ബാറ്ററികള്‍ കത്തി തീപിടിത്തം സംഭവിക്കുന്ന സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് ഈ തീരുമാനം. വിമാനങ്ങള്‍ക്കുള്ളിലെ ഇന്‍-സീറ്റ് പവര്‍ സപ്ലൈ സംവിധാനം ഉപയോഗിച്ച് പവര്‍ ബാങ്കുകള്‍ ചാര്‍ജ് ചെയ്യുന്നതിനും യാത്രക്കാര്‍ക്ക് ഇനി അനുവാദമുണ്ടാകില്ല.
പുതിയ ഉത്തരവ് പ്രകാരം പവര്‍ ബാങ്കുകളും ബാറ്ററികളും യാത്രക്കാരുടെ കൈവശമുള്ള ബാഗുകളില്‍ മാത്രമേ സൂക്ഷിക്കാന്‍ പാടുള്ളൂ. ഇവ വിമാനത്തിലെ ഓവര്‍ഹെഡ് ബിന്നുകളിലോ ചെക്ക്-ഇന്‍ ബാഗുകളിലോ വെക്കുന്നത് ഒഴിവാക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
ഒക്ടോബറില്‍ ദീമാപൂരിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരന്റെ പവര്‍ ബാങ്കിന് തീപിടിത്തമുണ്ടായതിനെ തുടര്‍ന്ന് ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം അടിയന്തരമായി ഇറക്കിയിരുന്നു. സംഭവത്തില്‍ ആളപായമൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ല. ഇത്തരം അപകടങ്ങള്‍ ഒഴിവാക്കുന്നതിനായാണ് പുതിയ ഉത്തരവിറക്കിയത്.



