യാത്ര
സാഹസിക തേരാളിയുടെ അതിജീവനം
ഞങ്ങളുടെ മനസ്സിൽ പ്രതീക്ഷയുടെ ചെറിയൊരു തിരിനാളം തെളിഞ്ഞു. മണൽക്കൂനകൾ നിറഞ്ഞ വഴിയിലൂടെ മറ്റു വാഹനങ്ങൾ അതിവേഗം കടന്നുപോകുന്നുണ്ടായിരുന്നു.
കുറച്ചുനേരം കഴിഞ്ഞപ്പോൾ ദൂരെ, ഞങ്ങളുടെ പിന്നിൽ തെളിഞ്ഞു നിന്നിരുന്ന ആ പ്രകാശം പതുക്കെ മാഞ്ഞുപോയി. ഞങ്ങളെ പിന്തുടർന്നിരുന്ന വാഹനം അകന്നുപോയെന്ന് ഉറപ്പായതോടെ എല്ലാവരുടെയും മനസ്സിൽ ആശ്വാസത്തിന്റെ നേരിയ കിരണം തെളിഞ്ഞു. ഇത്രനേരം മനസ്സിനെ മുൾമുനയിൽ നിർത്തിയിരുന്ന ഉത്കണ്ഠയുടെ കാർമേഘങ്ങൾ പതുക്കെ നീങ്ങി. ഭീതിയുടെ പിടിയിലായിരുന്ന ഹൃദയങ്ങളിൽ ആശ്വാസത്തിന്റെ ഇളംകാറ്റ് വീശി. ഏറെ നേരത്തിനുശേഷം ഞങ്ങൾക്ക് സ്വസ്ഥമായി ഒന്ന് ശ്വാസം വിടാനായി.
ഞങ്ങളുടെ വാഹനം ചെറിയൊരു വളവ് തിരിഞ്ഞു. റോഡിന്റെ ഇരുവശങ്ങളിലും വലിയ ട്രക്കുകൾ നിരനിരയായി നിർത്തിയിട്ടിരിക്കുന്നത് കാണാം. യാത്രയുടെ ക്ഷീണവും ചൂടും താങ്ങാനാകാതെ ഡ്രൈവർമാർ വിശ്രമിക്കാനായി അവിടെ വാഹനം നിർത്തിയതാകാം. ആ കാഴ്ച ഞങ്ങൾക്ക് കൂടുതൽ ആശ്വാസവും ധൈര്യവും പകർന്നു നൽകി.
“ഇവിടെ ആളുകളുണ്ട്… എന്തെങ്കിലും സംഭവിച്ചാൽ സഹായം തേടാമല്ലോ!’
ഞങ്ങളുടെ മനസ്സിൽ പ്രതീക്ഷയുടെ ചെറിയൊരു തിരിനാളം തെളിഞ്ഞു. മണൽക്കൂനകൾ നിറഞ്ഞ വഴിയിലൂടെ മറ്റു വാഹനങ്ങൾ അതിവേഗം കടന്നുപോകുന്നുണ്ടായിരുന്നു. ആരും പിന്തുടർന്ന് പിടികൂടാതിരിക്കാൻ അവയെല്ലാം മറികടന്ന് വലിയ മണൽക്കൂനകൾ ലക്ഷ്യമാക്കി ഞങ്ങളുടെ വാഹനവും മുന്നോട്ടു കുതിച്ചു. മണൽത്തിട്ടകളിലേക്ക് പ്രവേശിക്കുന്നതിനുമുമ്പ് സാധാരണയിലധികം വേഗതയിലായിരുന്നു ഞങ്ങളുടെ യാത്ര. എന്നാൽ ആ ആശ്വാസം അധികനേരം നീണ്ടുനിന്നില്ല. ചുഴലിക്കാറ്റിന്റെ അടയാളങ്ങൾ പ്രകടമായിരുന്ന മണൽത്തിട്ടകളിലൂടെ വാഹനം മുന്നോട്ട് നീങ്ങുന്നതിനിടെ, പെട്ടെന്ന് അതിശക്തമായ ഒരു പ്രകാശം ഞങ്ങളുടെ വാഹനത്തിന്റെ ബോഡിയിലേക്ക് പതിച്ചു. ഒരു നിമിഷംകൊണ്ട് എല്ലാവരുടെയും മനസ്സിൽ ഭയം ഇരച്ചുകയറി.
“ലൈറ്റുകളെല്ലാം അണയ്ക്കൂ!’
ഡ്രൈവർ പരിഭ്രാന്തിയോടെ വിളിച്ചുപറഞ്ഞു. അടുത്ത നിമിഷം തന്നെ വാഹനം പെട്ടെന്ന് ബ്രേക്ക് ചെയ്ത് നിർത്തി. പിന്നെ വേഗത്തിൽ വാതിൽ തുറന്ന് അയാൾ പുറത്തേക്കുചാടി. മറ്റുള്ളവരും പിന്നാലെ ഇറങ്ങി. ചുറ്റുമുള്ള കുറ്റിച്ചെടികൾക്കിടയിലേക്ക് കൈചൂണ്ടിക്കൊണ്ട് അയാൾ ഞങ്ങളോട് അവിടെ ഒളിക്കാൻ പറഞ്ഞു.. അപകടം മണത്ത നിമിഷങ്ങൾ… നിമിഷങ്ങൾക്കുള്ളിൽ ഞാൻ വലിയൊരു മണൽത്തിട്ടയുടെ പിന്നിലായി ഒളിച്ചു. എന്താണ് സംഭവിക്കുന്നതെന്ന് ആർക്കും വ്യക്തമായിരുന്നില്ല. എന്റെ തൊണ്ട വരളുന്നതുപോലെ തോന്നി. ചുറ്റും നിശബ്ദത. ഇടയ്ക്കിടെ കാറ്റിൽ മണൽത്തരികൾ മുഖത്തേക്ക് വന്നുപതിച്ചു.
ഞാൻ പതുക്കെ തലയുയർത്തി ദൂരേക്ക് നോക്കിയപ്പോൾ ഞങ്ങളുടെ വാഹനത്തിനടുത്ത് ഡ്രൈവറെയും ഗൈഡിനെയും കണ്ടു. അവർ കാറിന്റെ ബോണറ്റ് തുറന്ന് എന്തോ പരിശോധിക്കുകയാണ്. വാഹനം കേടായതുപോലെ തോന്നിക്കുന്ന വിധത്തിലായിരുന്നു അവരുടെ പ്രവൃത്തികൾ. അവർ, വന്നുകൊണ്ടിരുന്ന വാഹനത്തിനടുത്തേക്ക് നീങ്ങുന്നതും ഞാൻ കണ്ടു.
എന്താണ് അവർ ചെയ്യുന്നത്? ശരിക്കും വാഹനം തകരാറിലായതാണോ? അതോ മറ്റെന്തെങ്കിലും തന്ത്രമാണോ? അൽപ്പസമയത്തിനകം കാര്യങ്ങൾ വ്യക്തമായി. ഞങ്ങളെ പിന്തുടരുന്നുവെന്ന് കരുതിയ വാഹനം യഥാർഥത്തിൽ നേരത്തേ ഞങ്ങൾ മറികടന്ന ട്രക്കുകളിൽപെട്ട ഒന്നായിരുന്നു! പക്ഷേ, ഈ ഇരുട്ടിൽ ഇതൊന്നും നമുക്ക് മനസ്സിലാകുന്നില്ലല്ലോ. ഭയത്തിന്റെ പിടിയിലകപ്പെട്ട് അപ്പോഴേക്കും ഓരോരുത്തരും സ്വന്തം സുരക്ഷിതത്വം തേടി ഓടിയൊളിച്ചിരുന്നു.
തെറ്റിദ്ധാരണ മാറിയതോടെ വാഹനത്തിലേക്ക് തിരിച്ചുവരാൻ ഞങ്ങൾക്ക് നിർദേശം ലഭിച്ചു. ഇത്തരം അപ്രതീക്ഷിത സംഭവങ്ങൾ നടക്കുമ്പോൾ വാഹനത്തിൽ നിന്നും അധികം അകലേക്ക് പോകരുതെന്ന് ഗൈഡ് ഞങ്ങളെ ഓർമിപ്പിച്ചു.
ഞങ്ങൾ യാത്ര തുടർന്നു. രാത്രിയുടെ ഇരുട്ടിൽ ആകാശത്ത് നക്ഷത്രങ്ങൾ മനോഹരമായി തിളങ്ങി നിൽക്കുന്നത് കാണാം. ഈ നഗരത്തിൽനിന്നുള്ള എന്റെ യാത്രയോർത്ത് അവ ആഹ്ലാദിക്കുകയാണോ? അതോ മറ്റൊരു പുതിയ ലോകത്തേക്ക് യാത്രയാകുന്ന എന്റെ ആത്മാവിനെ വരവേൽക്കാൻ ഒരുങ്ങി നിൽക്കുകയാണോ? ഇത്തരമൊരു സാഹചര്യത്തിൽ എന്തും സംഭവിക്കാം. വ്യക്തമായ നിയമങ്ങളോ കണക്കുകൂട്ടലുകളോ ഒന്നും ബാധകമല്ലാത്ത അവസ്ഥയാണിത്. വിജയവും പരാജയവും നിർണയിക്കുന്നതിൽ ഭാഗ്യത്തിന് വലിയ പങ്കുണ്ട് !
കാർ ഓരോ കുഴിയിലേക്ക് ഇറങ്ങുമ്പോഴും കല്ലുകൾക്കു മുകളിലൂടെ കയറുമ്പോഴും എന്റെ തല വാഹനത്തിന്റെ ഇരുമ്പുദണ്ഡിൽ ഇടിച്ചുകൊണ്ടിരുന്നു. ചിലപ്പോൾ വേദനകൊണ്ട് കണ്ണുകൾ അടഞ്ഞുപോകും. ഇതിനിടയിൽ ഡ്രൈവർ ഞങ്ങളെ കുറ്റപ്പെടുത്താൻ തുടങ്ങി.
“നിങ്ങൾ എന്തിനാണ് ഇങ്ങനെ ഭയപ്പെടുന്നത്? അനാവശ്യമായി കാര്യങ്ങളെ വഷളാക്കുകയാണ്!’
അയാൾക്ക് ഞങ്ങളുടെ ഈ വെപ്രാളം തീരെ ഇഷ്ടപ്പെടുന്നില്ല. ഞങ്ങൾ വെറുതെ പേടിക്കുകയാണെന്നും ഒന്നും സംഭവിക്കാനില്ലെന്നും അയാൾ ആവർത്തിച്ചുകൊണ്ടിരുന്നു. പിന്നീട് ഞങ്ങൾക്ക് ആശ്വാസം നൽകാനായി അയാൾ ചില വാക്കുകൾ കൂടി പറഞ്ഞു:
“വാഹനങ്ങൾ പതിവായി സഞ്ചരിക്കാറുള്ള പാതയാണിത്. നിങ്ങൾ പേടിക്കേണ്ടതില്ല. ഉത്കണ്ഠ നിങ്ങളെ കീഴടക്കാൻ ഒരിക്കലും അനുവദിക്കരുത്.’
അതിനുശേഷം അയാൾ പറഞ്ഞ ഒരു വാചകം ഞങ്ങളെ അൽപ്പം ചിരിപ്പിച്ചു:
“നിങ്ങൾ എന്റെ സമാധാനവുംകൂടി തകർക്കുകയാണ്!’
അയാൾ തുടർന്നു:
“നിങ്ങളുടെ ജീവിതം ഞങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ യാത്ര വിജയിക്കണമെന്ന് നിങ്ങളേക്കാൾ കൂടുതൽ ആഗ്രഹിക്കുന്നത് ഞങ്ങളാണ്.’ ഡ്രൈവർ പറഞ്ഞത് സത്യമാണ്. ഈ യാത്ര വിജയിക്കേണ്ടത് ഞങ്ങളെക്കാൾ അവരുടെ ആവശ്യമാണ്. കാരണം, യാത്ര വിജയിച്ചാൽ ഇനിയും ഇത്തരം യാത്രകൾ ആവർത്തിക്കാം. അങ്ങനെ അയാളുടെ വരുമാനവും വർധിക്കും. ഞങ്ങളുടെ സുരക്ഷയോടൊപ്പം സ്വന്തം താത്പര്യവും അയാൾക്ക് പ്രധാനമായിരുന്നു.
പെട്ടെന്ന്, പിന്നിൽ ഒരു വാഹനത്തിന്റെ വെളിച്ചം കണ്ടു! അതെന്നെ വല്ലാതെ ഭയപ്പെടുത്തി. മങ്ങിയ പ്രതീക്ഷകൾക്ക് മുകളിൽ വീണ്ടും കരിനിഴൽ വീണതുപോലെ. പുതിയൊരു ആശങ്ക എന്നെ പിടികൂടി.
പിന്തുടർന്ന് വരുന്നത് പോലീസാണെങ്കിൽ, അവർ നമ്മെ പിടിച്ചാൽ ആരാകും കൂടുതൽ ശിക്ഷ അനുഭവിക്കുക? ഞങ്ങളോ അതോ ഡ്രൈവറും അയാളുടെ സഹായിയോ? ഞങ്ങളെ ആരും കുറ്റപ്പെടുത്തില്ലായിരിക്കാം, എനിക്ക് എന്റേതായ ന്യായീകരണങ്ങളുണ്ട്. പക്ഷേ, അധികാരികൾ അതൊന്നും കേൾക്കില്ല. അവർ ആദ്യം മർദിക്കും, പീഡിപ്പിക്കും.. പിന്നീടേ കാര്യങ്ങൾ ചോദിച്ചറിയൂ..
ഞങ്ങൾ നിയമവിരുദ്ധമായി അതിർത്തി കടക്കാൻ ശ്രമിച്ചവരാണെന്ന കുറ്റം ചുമത്തപ്പെടാം. അതിന് കടുത്ത ശിക്ഷയും ലഭിക്കാം. എല്ലാം അല്ലാഹുവിൽ സമർപ്പിച്ച് ആപത്ത് ഘട്ടങ്ങളിൽ പിതാവ് ഓതാറുണ്ടായിരുന്ന വിശുദ്ധ ഖുർആൻ ആയത്തുകൾ ഞാൻ ഓതിക്കൊണ്ടിരുന്നു. മണലിന്റെ കാഠിന്യം ചിലപ്പോൾ വാഹനത്തെ വേഗത്തിലാക്കുന്നുണ്ട്, ചിലപ്പോഴൊക്കെ മണലിൽ പുതഞ്ഞ് വാഹനം നിന്ന് പോകുന്നുമുണ്ട്. അവസാനം, മണൽക്കാടിന് നടുവിൽ ചിതറിക്കിടക്കുന്ന ചെറിയ കുന്നുകളും കുടിലുകളും ഞങ്ങൾ കണ്ടുതുടങ്ങി. ആ കുടിലുകൾക്കിടയിലൂടെ ഡ്രൈവർ വണ്ടി വെട്ടിച്ചുമാറ്റി. കൗതുകത്തോടെ നോക്കുന്നവരിൽ നിന്ന് രക്ഷപ്പെടാൻ അയാൾ വണ്ടി സുരക്ഷിതമായൊരിടത്തേക്കാണ് കൊണ്ടുപോകുന്നത്. ഒടുവിൽ, ജനവാസമില്ലാത്ത, മണൽ നിറഞ്ഞ ഒരിടത്ത് ഞങ്ങൾ വണ്ടി നിർത്തി.
Content Highlights: A traveler narrates a tense night journey through a desert, where a trailing vehicle sparks intense fear of being caught by authorities. The situation resolves as a false alarm when the vehicle turns out to be a parked truck, though the journey remains fraught with anxiety and danger across the sandy terrain.





