Connect with us

National

ഡല്‍ഹി മദ്യനയ കേസ്: സിസോദിയയുടെ ഇടക്കാല ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി

ഭാര്യയുടെ അനാരോഗ്യം ചൂണ്ടിക്കാട്ടിയാണ് സിസോദിയ ഇടക്കാല ജാമ്യം തേടിയത്.

Published

|

Last Updated

ന്യൂഡല്‍ഹി| ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട് ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ഇടക്കാല ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. ഭാര്യയുടെ അനാരോഗ്യം ചൂണ്ടിക്കാട്ടിയാണ് സിസോദിയ ഇടക്കാല ജാമ്യം തേടിയത്. സിബിഐയും ഇഡിയും അന്വേഷിക്കുന്ന ഡല്‍ഹി എക്‌സൈസ് നയവുമായി ബന്ധപ്പെട്ട കേസിലാണ് സിസോദിയക്ക് ഇടക്കാല ജാമ്യം നല്‍കാന്‍ സുപ്രീംകോടതി വിസമ്മതിച്ചത്.

കേസിലെ ഇടക്കാല ജാമ്യാപേക്ഷ സുപ്രീംകോടതി സെപ്തംബര്‍ നാലിലേക്ക് മാറ്റിവെച്ചു. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എസ്വിഎന്‍ ഭട്ടി എന്നിവരടങ്ങിയ ബെഞ്ച്, സിസോദിയയുടെ ഭാര്യയുടെ മെഡിക്കല്‍ രേഖകള്‍ പരിശോധിച്ചു. അവര്‍ സാധാരണ നിലയിലാണെന്നും അതിനാല്‍, സിസോദിയയുടെ ഇടക്കാല ജാമ്യാപേക്ഷ പതിവ് ജാമ്യാപേക്ഷപോലെ പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.

സിസോദിയക്കുവേണ്ടി കോടതിയില്‍ ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിംഗ്വിയാണ് സിസോദിയയുടെ ഭാര്യയുടെ നിലവിലെ ആരോഗ്യനിലയെക്കുറിച്ച് ബെഞ്ചിനെ അറിയിച്ചത്. ഭാര്യ പ്രായമായ അമ്മയോടൊപ്പമാണ് താമസിക്കുന്നതെന്നും അവരുടെ മകന്‍ യുഎസിലാണെന്നും സിംഗ്വി കോടതിയെ അറിയിച്ചു. എന്നാല്‍ പതിവ് ജാമ്യം കേള്‍ക്കുമ്പോള്‍ ഇത് പരിഗണിക്കാമെന്നാണ് ജസ്റ്റിസ് ഖന്ന മറുപടി നല്‍കിയത്.

 

 

Latest