Connect with us

Siraj Article

ഡല്‍ഹി ഒരു സൂചിക മാത്രമാണ്

മലിനീകരണത്തിന്റെ തോത് ക്രമാതീതമായി കൂടിയതിനു പിന്നാലെ പത്ത് ദിവസത്തോളം അടച്ചിട്ട സ്‌കൂളുകളും കോളജുകളും ഇപ്പോള്‍ തിടുക്കപ്പെട്ട് തുറന്നതിനെയും കോടതി വിമര്‍ശിച്ചു. ഓഫീസുകള്‍ക്ക് വര്‍ക്ക് ഫ്രം ഹോം നല്‍കുമ്പോള്‍ കുട്ടികളെ സ്‌കൂളുകളില്‍ വിളിച്ചുവരുത്തി ഈ പരിസര മലിനീകരണത്തിന്റെ ദോഷങ്ങള്‍ അനുഭവിക്കാന്‍ വിടുന്നതിനെയാണ് കോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത്

Published

|

Last Updated

ല്‍ഹിയിലെ അന്തരീക്ഷ മലിനീകരണം കുറയാത്ത സാഹചര്യത്തില്‍ 24 മണിക്കൂറിനുള്ളില്‍ നടപടി കൈക്കൊള്ളണമെന്ന് സുപ്രീം കോടതി കേന്ദ്ര-ഡല്‍ഹി സര്‍ക്കാറുകള്‍ക്ക് അന്ത്യശാസനം നല്‍കിയ അവസരത്തില്‍ തന്നെയാണ് ഇരുപത്തിയൊന്നാമത് ഇന്ത്യ-റഷ്യ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ ഇന്ന് രാജ്യതലസ്ഥാനത്ത് എത്തുന്നത്. ഉച്ചകോടിയില്‍ രാജ്യത്തിന്റെ പുരോഗതി നിശ്ചയിക്കപ്പെടുന്ന വിഷയങ്ങളായ പ്രതിരോധത്തിലെ സഹകരണം, അഫ്ഗാന്‍ വിഷയം, വാണിജ്യ-വ്യാപാര വിഷയങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്യപ്പെടുന്ന വേദിക്കു പുറത്തുള്ള വായുവിന്റെ നിലവാരം; ലോകത്തെത്തന്നെ ഏറ്റവും മോശമായ തലത്തില്‍ എത്തിനില്‍ക്കുകയാണ്. ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കേണ്ട സര്‍ക്കാര്‍ ഡല്‍ഹിയുടെ മലിനീകരണം എന്തുകൊണ്ട് ഗൗരവമായി എടുക്കുന്നില്ല എന്ന് പരമോന്നത നീതിപീഠം ചോദിക്കുമ്പോഴും നിലപാട് കൈക്കൊള്ളാന്‍ 24 മണിക്കൂറുകള്‍ എന്ന് അന്ത്യശാസനം നല്‍കുമ്പോഴും ഡല്‍ഹി ഒരിക്കല്‍ കൂടി വാര്‍ത്തകളില്‍ നിറയുകയാണ്. പക്ഷേ, വാര്‍ത്തകള്‍ക്കപ്പുറം ഡല്‍ഹിയുടെ ദുര്യോഗം ഒരു പരിധിവരെയെങ്കിലും പരിഹരിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും, സഹകരിക്കാന്‍ പൊതുജനങ്ങള്‍ക്കും കഴിയാതെ പോകുന്നത് വലിയ ആശങ്കയോടെ മാത്രമേ കാണാന്‍ കഴിയുകയുള്ളൂ.

സുപ്രീം കോടതിയുടെ അന്ത്യശാസനം

ചീഫ് ജസ്റ്റിസ് എന്‍ വി രമണ, ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ്, ജസ്റ്റിസ് സൂര്യകാന്ത് എന്നിവരുള്‍പ്പെട്ട ബഞ്ചാണ് കേന്ദ്ര-ഡല്‍ഹി സര്‍ക്കാറുകളോടും സമീപ സംസ്ഥാനങ്ങളോടും അന്ത്യശാസനം നല്‍കിയത്. അതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ എയര്‍ ക്വാളിറ്റി മാനേജ്മെന്റ് കമ്മീഷന്‍ ഒരു “എന്‍ഫോഴ്സ്മെന്റ്ടാസ്‌ക് ഫോഴ്‌സ്’ നിയമിച്ചു. പതിനേഴോളം സബ്-ഫോഴ്സുകള്‍ അതിന്റെ കീഴില്‍ പ്രവര്‍ത്തിക്കാനും തീരുമാനമെടുത്തിട്ടുണ്ട്. ഡിസംബര്‍ രണ്ട് മുതല്‍ ഇതിന്റെ പ്രവര്‍ത്തനം തുടങ്ങിയെന്നാണ് സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചിരിക്കുന്നത്. കൂടാതെ നഗരത്തിന്റെ 300 ചതുരശ്ര കിലോമീറ്ററിനുള്ളില്‍ ഉള്ള 11 ആണവ നിലയങ്ങളില്‍ അഞ്ചെണ്ണത്തിന് മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തനാനുമതി നല്‍കിയിരിക്കുന്നത്. നഗരത്തിലേക്ക് പ്രകൃതിദത്ത ഇന്ധനങ്ങളില്‍ ഓടാത്ത വലിയ ട്രക്കുകള്‍ പ്രവേശിക്കുന്നത് നിരോധിച്ചിട്ടുണ്ട്. അത്തരം ഇന്ധനങ്ങള്‍ ഉപയോഗിക്കാത്ത മറ്റ് വ്യവസായശാലകള്‍ക്ക് എട്ട് മണിക്കൂര്‍ മാത്രം പ്രവര്‍ത്തിക്കാനും വാരാന്ത്യങ്ങളില്‍ പൂട്ടിയിടാനും കമ്മീഷന്‍ നിര്‍ദേശം നല്‍കിക്കഴിഞ്ഞു. കൂടാതെ എല്ലാ അയല്‍ സംസ്ഥാനങ്ങളോടും ഡീസല്‍ ജനറേറ്ററുകളുടെ ഉപയോഗം പൂര്‍ണമായും ഒഴിവാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

മലിനീകരണത്തിന്റെ തോത് ക്രമാതീതമായി കൂടിയതിനു പിന്നാലെ പത്ത് ദിവസത്തോളം അടച്ചിട്ട സ്‌കൂളുകളും കോളജുകളും ഇപ്പോള്‍ തിടുക്കപ്പെട്ട് തുറന്നതിനെയും കോടതി വിമര്‍ശിച്ചു. ഓഫീസുകള്‍ക്ക് വര്‍ക്ക് ഫ്രം ഹോം നല്‍കുമ്പോള്‍ കുട്ടികളെ സ്‌കൂളുകളില്‍ വിളിച്ചുവരുത്തി ഈ പരിസര മലിനീകരണത്തിന്റെ ദോഷങ്ങള്‍ അനുഭവിക്കാന്‍ വിടുന്നതിനെയാണ് കോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത്. ഇങ്ങനെ പോയാല്‍, സര്‍ക്കാറിന്റെ ഭരണം മറ്റാരെയെങ്കിലും ഏല്‍പ്പിക്കേണ്ടി വരുമോ എന്നാണ് കോടതി അവരോടുതന്നെ ആശങ്ക അറിയിച്ചിരിക്കുന്നത്. അതിന്റെ ഭാഗമായി സ്‌കൂളുകള്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ അടച്ചിടാനും “കമ്മീഷന്‍ ഫോര്‍ എയര്‍ ക്വാളിറ്റി മാനേജ്മെന്റ്’ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

നിയന്ത്രിക്കേണ്ട ആഘോഷങ്ങള്‍

ഒരു ചെറിയ ഇടവേളക്കു ശേഷം ഡല്‍ഹിയുടെ വായു നിലവാരത്തെ പരിതാപകരമാക്കിയത് കഴിഞ്ഞ മാസം ആദ്യം ദീപാവലി ആഘോഷവുമായി ബന്ധപ്പെട്ട വ്യാപകമായ പടക്കം പൊട്ടിക്കല്‍ ആയിരുന്നു. കൂടാതെ ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളില്‍ കര്‍ഷകര്‍ കൃഷിയുടെ അവശിഷ്ടങ്ങള്‍ വ്യാപകമായി കത്തിച്ചതും ചെറിയൊരളവില്‍ മലിനീകരണത്തിന് കാരണമായിട്ടുണ്ട്. അന്തരീക്ഷത്തിന്റെ നിലനില്‍പ്പിനേക്കാള്‍, ആഘോഷങ്ങള്‍ക്ക് പ്രാധാന്യം നല്‍കുമ്പോള്‍ നാം പൊട്ടിച്ചുതീര്‍ക്കുന്ന പടക്കങ്ങള്‍ ബാക്കിവെക്കുന്നത് ടണ്‍ കണക്കിന് വിഷപ്പുകയും പടക്കം പൊട്ടിച്ചുകഴിഞ്ഞുള്ള അവശിഷ്ടങ്ങളും ആണെന്നത് മനസ്സിലാക്കേണ്ടിയിരിക്കുന്നു.

ദീപാവലി ആഘോഷങ്ങള്‍ക്കു ശേഷം ഡല്‍ഹിയില്‍ കഴിഞ്ഞ മാസങ്ങളില്‍ ഉണ്ടായ വായു മലിനീകരണം ആശങ്കപ്പെടുത്തുന്നതാണ്. വായു മലിനീകരണം പലവിധ കാരണങ്ങളാല്‍ സംഭവിക്കുന്നുണ്ടെങ്കിലും പടക്കങ്ങളും മറ്റും അമിതമായി ഉപയോഗിക്കുന്നതു മൂലമുള്ള മലിനീകരണം പൂര്‍ണമായും മനുഷ്യന്റെ പ്രവൃത്തിമൂലം തന്നെ ഉണ്ടാകുന്നതാണ്. പാരിസ്ഥിതികമായി അത്രയേറെ മലിനമല്ലാത്ത അവസരത്തിലും, വേണ്ടവിധം ഓക്സിജന്‍ ഉത്പാദിപ്പിക്കാന്‍ ആവശ്യത്തിന് മരങ്ങള്‍ ഉള്ള സന്ദര്‍ഭത്തിലും പടക്കങ്ങള്‍ അത്രയധികം പരിസ്ഥിതിക പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നില്ലയെങ്കിലും ഡല്‍ഹി പോലെ ലോകത്തു തന്നെ ഏറ്റവുമധികം മലിനമായ ഒരു നഗരത്തില്‍ ആഘോഷങ്ങളുടെ ഭാഗമായി അനിയന്ത്രിതമായി പടക്കങ്ങള്‍ പൊട്ടിക്കുമ്പോള്‍ അന്തരീക്ഷത്തില്‍ ഉണ്ടാകുന്ന ദോഷകരമായ മാറ്റങ്ങള്‍ അതീവ ഗൗരവമുള്ളതാണ്.

പൊട്ടിച്ചുകഴിഞ്ഞ് ഉപേക്ഷിച്ച പടക്കങ്ങളുടെ മാലിന്യമാണ് മറ്റൊരു വെല്ലുവിളി. ഡല്‍ഹിയില്‍ ദീപാവലി കഴിയുന്ന ദിനത്തില്‍ തെരുവുകളിലൂടെ നടന്നാല്‍ ആ മാലിന്യങ്ങളുടെ ബാഹുല്യം നേരില്‍ കാണാം. അതായത്, പടക്കങ്ങള്‍ പൊട്ടിക്കുന്നത് വായുവിനെ മാത്രമല്ല, ഭൂമിയെയും മലീമസമാക്കുന്നു എന്നര്‍ഥം. ഇതില്‍ ഏറ്റവും പ്രധാന കാര്യം എന്തെന്നാല്‍, ഗര്‍ഭിണികളെ പടക്കത്തിന്റെ ഉയര്‍ന്ന ശബ്ദം ദോഷകരമായി ബാധിക്കാറുണ്ട്. ഗര്‍ഭിണികളില്‍ സമ്മര്‍ദവും ഗര്‍ഭസ്ഥ ശിശുക്കളില്‍ പല പ്രശ്നങ്ങളും ഉണ്ടാക്കുന്നതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു.

ദിനംപ്രതി വഷളാകുന്ന വായുനിലവാര സൂചിക

വായുവിന്റെ നിലവാരം കൃത്യമായി രേഖപ്പെടുത്താനായി ഒരു പദ്ധതി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. ദേശീയ വായു മോണിറ്ററിംഗ് പദ്ധതി എന്നാണ് അത് അറിയപ്പെടുന്നത്. അതിന്റെ ഭാഗമായി 29 സംസ്ഥാനങ്ങളിലും ആറ് കേന്ദ്രഭരണ പ്രദേശങ്ങളിലും ഉള്‍പ്പെടുന്ന 344 നഗരങ്ങളില്‍ സജ്ജീകരിച്ചിരിക്കുന്ന 793 ഓപറേഷന്‍ സ്റ്റേഷനുകളിലൂടെ നമുക്ക് വായുനിലവാരം അറിയാനുള്ള സംവിധാനമുണ്ട്. ദേശീയ വായു മോണിറ്ററിംഗ് പദ്ധതിയുടെ ഭാഗമായി പ്രധാനമായും സള്‍ഫര്‍ ഡയോക്സൈഡ്, നൈട്രജന്‍ ഡയോക്സൈഡ്, പാര്‍ട്ടിക്കുലേറ്റ് മാറ്റര്‍ (2.5 മൈക്രോണിന് താഴെ), റസ്പിറബിള്‍ സസ്പെന്‍ഡഡ് പാര്‍ട്ടിക്കുലേറ്റ് മാറ്റര്‍ (10 മൈക്രോണിന് താഴെ) എന്നീ നാല് രാസവസ്തുക്കളായാണ് പരിശോധിക്കപ്പെടുന്നത്. ആഴ്ചയില്‍ രണ്ട് തവണ പരിശോധിച്ചാണ് നിലവാര സൂചിക തയ്യാറാക്കുന്നത്. ഇവയെല്ലാം നിയന്ത്രിക്കുന്നത് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് ആണ്. ഇക്കഴിഞ്ഞ മാസങ്ങളില്‍ ഡല്‍ഹിയില്‍ വായു മലിനീകരണ തോത് കൂടുതല്‍ ഉയര്‍ന്നതുകൊണ്ടാണ് അവിടെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചത്. കൂടാതെ ഒറ്റ-ഇരട്ട നമ്പറുകളനുസരിച്ച് വാഹന നിയന്ത്രണത്തിനും ലോക്ക്ഡൗണ്‍ വരെ ഏര്‍പ്പെടുത്താനും തീരുമാനിച്ചത്. എന്നാല്‍ ഇപ്പോഴും അതില്‍ നിന്ന് പ്രകടമായ മാറ്റങ്ങള്‍ ഉണ്ടാകാത്തതിന് പിന്നില്‍ സര്‍ക്കാറിന്റെ അനാസ്ഥ ആണെന്നാണ് കോടതി നിരീക്ഷിച്ചതും, മേല്‍ സൂചിപ്പിച്ച തരത്തില്‍ അന്ത്യശാസനം നല്‍കുന്ന സാഹചര്യം ഉണ്ടായതും.

ഗ്ലാസ്‌ഗോവിനു ശേഷവും തഥൈവ

ഒരു മാസം മുമ്പ് നടന്ന കാലാവസ്ഥാ വ്യതിയാന ഉച്ചകോടിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചത് 50 വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യയെ സീറോ കാര്‍ബണ്‍ ബഹിര്‍ഗമന രാഷ്ട്രമായി മാറ്റുമെന്നാണ്. എന്നാല്‍ അനുദിനം രാജ്യത്ത് വര്‍ധിച്ചുവരുന്ന അന്തരീക്ഷ മലിനീകരണം ആ ലക്ഷ്യത്തെ എങ്ങനെ സാധൂകരിക്കും എന്നത് ചോദ്യചിഹ്നമാണ്. ഡല്‍ഹി ഒരു സൂചിക മാത്രമാണ്. ചെന്നൈ, മുംബൈ, കൊല്‍ക്കത്ത മുതല്‍ നമ്മുടെ കൊച്ചി വരെ അന്തരീക്ഷ മാലിന്യത്തിന്റെ ഗ്രാഫ് ദിനംപ്രതി മുകളിലേക്കാണ് പോകുന്നത്. അടിയന്തരമായി തീരുമാനമെടുത്ത് മുന്നോട്ടു പോകേണ്ട വിഷയമായിട്ട് പോലും ഗ്ലാസ്ഗോ ഉച്ചകോടിയില്‍ 50 വര്‍ഷത്തെ നീണ്ട കാലയളവ് നിശ്ചയിച്ചതിനു പിന്നിലെ പൊള്ളത്തരം അന്നു തന്നെ വിമര്‍ശങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. കാലാവസ്ഥാ വ്യതിയാന വിഷയത്തില്‍ നേതൃത്വം ഏറ്റെടുക്കേണ്ട ഇന്ത്യക്ക്, ഇവിടെയുള്ള നഗരങ്ങളുടെ പരിതാപകരമായ അവസ്ഥ പോലും പരിഹരിക്കാന്‍ കഴയുന്നില്ലെങ്കില്‍ വലിയൊരു ലക്ഷ്യത്തെ എങ്ങനെ അഭിസംബോധന ചെയ്യാന്‍ കഴിയും എന്നത് ഗൗരവമായി ചിന്തിക്കേണ്ടിയിരിക്കുന്നു.
ഡല്‍ഹിയുടെ കാര്യത്തില്‍ കേവലം ഉപരിപ്ലവമായ സരസ തീരുമാനങ്ങള്‍ കൊണ്ട് അവിടെയുള്ള അന്തരീക്ഷ മലിനീകരണം കുറക്കാനാകില്ല. ശക്തമായ തീരുമാനങ്ങള്‍ അക്കാര്യത്തില്‍ ആവശ്യമാണ്. ജനങ്ങള്‍ക്ക് അല്‍പ്പം ബുദ്ധിമുട്ടുണ്ടാക്കുന്ന നിയന്ത്രണങ്ങള്‍ ആണെങ്കില്‍ പോലും, ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഗൗരവകരമായ തീരുമാനങ്ങളെടുക്കേണ്ടതുണ്ട്. കേന്ദ്ര-ഡല്‍ഹി സര്‍ക്കാറുകള്‍ രാഷ്ട്രീയപരമായും ആശയപരമായും വിരുദ്ധചേരിയില്‍ നിലനില്‍ക്കുന്നത് പൊതുജനത്തിന്റെ വിഷയമല്ല. എന്നാല്‍ അത് ജനങ്ങളുടെ ജീവനും നിലനില്‍പ്പിനും ബാധിക്കുന്ന തരത്തിലേക്ക് മാറുമ്പോഴാണ് പരമോന്നത കോടതിക്ക് അതില്‍ ഇടപെടേണ്ടിവരുന്നത്. ഇപ്പോള്‍ കോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്ന പരാമര്‍ശം ജനങ്ങള്‍ക്ക് പ്രതീക്ഷയുടെ ഒരു തിരിനാളം നല്‍കുന്നതാണെന്ന് പറയാതിരിക്കാനാകില്ല.

Latest