From the print
അപേക്ഷകര്‍ക്ക് കവര്‍ നമ്പറുകള്‍ അനുവദിക്കുന്നത് വൈകുന്നു; ഹജ്ജ് നറുക്കെടുപ്പ് തീയതി നീളും
കവര്‍ നമ്പറുകള്‍ അനുവദിക്കുന്നത് ഇന്നോടെ പൂര്‍ത്തിയാക്കണമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി എല്ലാ സംസ്ഥാന/കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ഹജ്ജ് കമ്മിറ്റികള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി.

കോഴിക്കോട് | കേന്ദ്ര ഹജ്ജ് കമ്മിറ്റി ഈ മാസം മൂന്നാമത്തെ ആഴ്ചയില്‍ നടക്കുമെന്ന് അറിയിച്ച ഹജ്ജ് നറുക്കെടുപ്പ് വൈകും. കര്‍ണാടക പോലുള്ള ചില സംസ്ഥാനങ്ങളില്‍ അപേക്ഷകര്‍ക്ക് കവര്‍ നമ്പറുകള്‍ അനുവദിക്കുന്നത് വൈകുന്നതിനാലാണ് നറുക്കെടുപ്പ് തീയതി നീണ്ടുപോകുന്നതെന്നാണ് അറിയുന്നത്. കര്‍ണാടകയില്‍ 3,000ത്തോളം പേര്‍ക്ക് ഇനിയും കവര്‍ നമ്പര്‍ ലഭ്യമായിട്ടില്ലെന്നാണ് വിവരം. ഈ സാഹചര്യത്തില്‍ കവര്‍ നമ്പറുകള്‍ അനുവദിക്കുന്നത് ഇന്നോടെ പൂര്‍ത്തിയാക്കണമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി എല്ലാ സംസ്ഥാന/കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ഹജ്ജ് കമ്മിറ്റികള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
എല്ലാ ഹജ്ജ് കമ്മിറ്റികള്‍ക്ക് കീഴിലും കവര്‍ നമ്പറുകള്‍ അനുവദിക്കുന്നത് പൂര്‍ത്തിയായാല്‍ മാത്രമേ ഓണ്‍ലൈനായി നറുക്കെടുപ്പ് നടത്താന്‍ കഴിയുകയുള്ളൂ. ജനുവരി മൂന്നാം വാരത്തില്‍ ഹജ്ജ് നറുക്കെടുപ്പ് നടക്കുമെന്നായിരുന്നു ഹജ്ജ് ആക്ഷന്‍ പ്ലാനില്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റി നേരത്തേ അറിയിച്ചിരുന്നത്. എന്നാല്‍ ഇത് സമയത്തിന് നടത്താനായില്ല. നറുക്കെടുപ്പ് വൈകുന്നത് ഹജ്ജിന്റെ തുടര്‍ നടപടിക്രമങ്ങളെയും ബാധിക്കും.
ഇന്ത്യയും സഊദിയും തമ്മിലുള്ള ഉഭയകക്ഷി കരാര്‍ പ്രകാരം ഈ വര്‍ഷം 1,75,025 സീറ്റുകളാണ് സഊദി ഇന്ത്യക്ക് അനുവദിച്ചത്. ഇതില്‍ 1,40,020 പേര്‍ ഹജ്ജ് കമ്മിറ്റി മുഖേനയും ബാക്കിയുള്ളവര്‍ സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ വഴിയുമാണ് ഈ വര്‍ഷം ഹജ്ജ് നിര്‍വഹിക്കുക. കേരളത്തില്‍ നിന്ന് ഇത്തവണഹജ്ജ് അപേക്ഷകരുടെ എണ്ണത്തില്‍ മുന്‍വര്‍ഷത്തേതിലും വര്‍ധനവുണ്ട്.