Connect with us

Siraj Article

ആദിവാസി പദ്ധതികളിലെ പാളിച്ചകള്‍

ഒരേസമയം തന്നെ പൊതുജനങ്ങളുടെയും സര്‍ക്കാറിന്റെയും മനോഭാവം മാറേണ്ടതുണ്ട്. ആദിവാസികള്‍ക്കായി രൂപം നല്‍കിയ എണ്ണംപറഞ്ഞ പദ്ധതികളൊക്കെയും അന്നുമിന്നും ലക്ഷ്യത്തിലെത്താതെ പോകുകയാണ്. ഫലമോ, ആ ജനത ഇന്നും പ്രശ്നങ്ങളുടെയും വറുതിയുടെയും പടുകുഴിയില്‍ തന്നെ തുടരുന്നു. ചോലനായ്ക്കര്‍ പോലെയുള്ള ട്രൈബല്‍ ഗ്രൂപ്പുകള്‍ ഇന്ന് വംശനാശത്തിന്റെ തന്നെ വക്കിലാണ്. ഇനിയും അവഗണന തുടരുകയാണെങ്കില്‍ നമ്മുടെ കണ്‍മുമ്പില്‍ വെച്ചുതന്നെ അവര്‍ ഇല്ലാതെയായേക്കാം

Published

|

Last Updated

ജീവശാസ്ത്രപരമായി മനുഷ്യര്‍ തന്നെ; എന്നാല്‍ മറ്റൊരു അളവുകോലിലും മനുഷ്യര്‍ക്കൊപ്പം സ്ഥാനം ലഭിക്കാതെ പോകുന്നവരാണ് ആദിവാസികള്‍. മനുഷ്യന്റെ പൊതുവായ ജീവിത രീതികളോ അവകാശങ്ങളോ ആര്‍ഭാടങ്ങളോ ഒന്നുമില്ല അവര്‍ക്ക്. പരിഷ്‌കൃതരും ഉന്നതശീര്‍ഷരുമായ ഇന്നത്തെ മനുഷ്യനുമായി യാതൊരു സാമ്യവും പുലര്‍ത്താതെ ജീവിക്കുന്ന, കാടുമായി ചേര്‍ന്നു നിന്നില്ലെങ്കില്‍ തങ്ങള്‍ക്ക് നിലനില്‍പ്പില്ലെന്ന് കരുതുന്ന ഒരു കൂട്ടമാണ് ആദിവാസികള്‍. സര്‍ക്കാര്‍ എന്തെന്നും ജനാധിപത്യം എന്തെന്നും തങ്ങളുടെ കൂടി വോട്ടവകാശത്തിന്റെ ബലത്തിലാണ് സര്‍ക്കാര്‍ ഭരിക്കുന്നതെന്നും അറിയാത്തവര്‍. ആദിവാസി ജനതക്ക് സാധാരണ മനുഷ്യന്റെ നിര്‍വചനത്തിന് പുറത്തുമാറി തികച്ചും വ്യത്യസ്തമായ വിശേഷണങ്ങള്‍ നല്‍കാനാവുന്നത് അവര്‍ എത്രയോ ദൂരം മാറി ജീവിക്കുന്നവര്‍ ആയതിനാലായിരിക്കാം.

ശാസ്ത്രത്തിന്റെയും ടെക്‌നോളജിയുടെയും ദ്രുതമാറ്റങ്ങള്‍ സമൂഹത്തെ ദിനംപ്രതി മാറ്റിമറിക്കുമ്പോള്‍ മാറ്റങ്ങള്‍ പേരിനു പോലും പ്രകടമാകാത്ത ഇടങ്ങളാകുകയാണ് ആദിവാസി ഊരുകള്‍. ‘ഊരുകള്‍’ എന്ന പഴയ പ്രയോഗത്തിനപ്പുറം ഒരുപടി പോലും പുരോഗതിയിലേക്ക് അവരുടെ ഗ്രാമങ്ങള്‍ എത്തിച്ചേര്‍ന്നിട്ടില്ല. 50 വര്‍ഷം മുമ്പ് എങ്ങനെയായിരുന്നുവോ, അതുപോലെ തന്നെയാണ് ഇന്നും അവ. അപൂര്‍വമായെങ്കിലും അവരുടെ ഉന്നമനത്തിനായി സര്‍ക്കാര്‍ പദ്ധതികള്‍ കൊണ്ടുവരുമ്പോഴും, അതുള്‍ക്കൊള്ളാനാകുന്നില്ല എന്ന് മാത്രമല്ല, അത് അവരുടെ ജീവിതത്തിന്റെ തന്നെ താളം തെറ്റിക്കുന്നതായി മാറുന്നു. അവരുടെ ഭാഗത്ത് നിന്ന് തന്നെ അത്തരം വികസനത്തിന് തടസ്സങ്ങള്‍ ഉയര്‍ന്നുവരുന്നു.

കഴിഞ്ഞ ദിവസമാണ് ചെന്നൈയില്‍ ഒരു സര്‍ക്കാര്‍ ബസില്‍ നിന്ന് ഒരു ആദിവാസി കുടുംബത്തെ വഴിയില്‍ ഇറക്കിവിട്ടത്. അവരുടെ ഭാണ്ഡങ്ങള്‍ പുറത്തേക്കു വലിച്ചെറിഞ്ഞു. ഒരു കൊച്ചുകുട്ടി കൂടെയുണ്ടെന്ന പരിഗണനപോലും നല്‍കാതെയാണ് ബസിലെ കണ്ടക്ടര്‍ അവരെ ഇറക്കിവിട്ടത്. മനുഷ്യന് ഇന്നും ആദിവാസി സമൂഹത്തെ സ്വന്തം കൂട്ടത്തോട് ചേര്‍ത്തുനിര്‍ത്താന്‍ കഴിയാത്ത മനോഭാവം വേരുറച്ചുപോയിരിക്കുന്നു. വിശന്നുവലഞ്ഞപ്പോള്‍ അല്‍പ്പം ഭക്ഷണം അനുവാദം ചോദിക്കാതെ എടുത്തു കഴിച്ചതിനാണ് മധു എന്ന ആദിവാസി യുവാവിനെ നാമുള്‍പ്പെടുന്ന പരിഷ്‌കൃത സമൂഹം കൈകെട്ടിയിട്ട് മര്‍ദിച്ചു കൊന്നത്. അങ്ങനെ എത്രയോ ഉദാഹരണങ്ങള്‍ ഇന്നലെയും ഇന്നും ഇനി നാളെയും നാം കാണാനിരിക്കുന്നു. സര്‍ക്കാറുകളോ മറ്റു സംവിധാനങ്ങളോ എത്രയോ തവണ വിചാരിച്ചിട്ടും ആദിവാസി ജനതയും മറ്റുള്ളവരും തമ്മിലുള്ള അന്തരം കുറക്കാന്‍ കഴിയാത്തതെന്താണ്? അതിനുള്ള ആത്മാര്‍ഥമായ ശ്രമങ്ങള്‍ നടക്കുന്നുണ്ടോ എന്നത് സംശയമാണ്. അതിനൊപ്പം, ഇവരെ മനുഷ്യകുലത്തിന്റെ തന്നെ ഭാഗമാണെന്ന് കണക്കാക്കാന്‍ പോലും മെനക്കെടുന്നില്ല എന്നതിന് ഉദാഹരണങ്ങളാണ് മേല്‍ സൂചിപ്പിച്ചത്.

ഗതിമാറിയൊഴുകുന്ന പദ്ധതികള്‍

ആവശ്യക്കാര്‍ക്ക് അവരുടെ അവകാശത്തെക്കുറിച്ച് അവബോധം ഉണ്ടാകുമ്പോഴും അവരുടെ ശബ്ദം അതിനായി ഉയരുമ്പോഴും മാത്രമാണ് എല്ലാ സര്‍ക്കാര്‍ പദ്ധതികള്‍ക്കും കൃത്യമായ പൂര്‍ത്തീകരണം ഉണ്ടാകുന്നത്. എന്നാല്‍, ഇത് തങ്ങള്‍ക്കാണെന്നും തങ്ങളുടെ അവകാശമാണെന്നും തിരിച്ചറിയാനുള്ള വിദ്യാഭ്യാസമോ അതിനെപ്പറ്റി അറിയാനുള്ള ബൗദ്ധിക മാനസികതലങ്ങളോ ഇല്ലാത്തവരായി അവശേഷിക്കുകയാണ് ആദിവാസികള്‍. യഥാര്‍ഥ ഗുണഭോക്താക്കള്‍ക്ക് ആ പദ്ധതിയുടെ ഗുണഗണങ്ങളെപ്പറ്റി അവബോധമില്ലാത്തിടത്തോളം കാലം തീര്‍ച്ചയായും അത് മുഴുവനായും അവരിലേക്ക് എത്തുകയില്ല എന്നത് നിശ്ചയം. വിദ്യാഭ്യാസപരമായും ബൗദ്ധികതലത്തിലും ചിന്താമണ്ഡലങ്ങളുടെ മേന്മയിലുമൊക്കെ അവരെ ഉയര്‍ത്തിക്കൊണ്ടുവരാതെ കേവലം ഭൗതികമായ സൗകര്യങ്ങള്‍ മാത്രം നല്‍കിയാല്‍ അവരുടെ മാനസികനില അതുപോലും ഉള്‍ക്കൊള്ളാന്‍ പാകപ്പെട്ടിട്ടുണ്ടാകില്ല. പക്ഷേ, നിര്‍ഭാഗ്യവശാല്‍ നമ്മുടെ എല്ലാ പദ്ധതികളും അത്തരത്തില്‍ ഉള്ളവയാണ്. നാടിനെ ഭയന്ന്, കാടിന്റെ പരിമിതമായ സൗകര്യത്തില്‍ മാത്രം ജീവിക്കാന്‍ അവരുടെ മനസ്സ് താദാത്മ്യം പ്രാപിച്ചിരിക്കുന്നു. അതിനപ്പുറത്തേക്ക് അവര്‍ക്ക് ഒന്നുമറിയില്ല, ഒന്നും ആഗ്രഹിക്കുന്നുമില്ല. അക്കാരണത്താല്‍ അവര്‍ക്കായി വിഭാവനം ചെയ്തിരിക്കുന്ന പദ്ധതികള്‍ ഗതിമാറിപ്പോകുകയും അഴിമതിയുടെ കൂത്തരങ്ങായി മാറുകയും ചെയ്യുന്നു.

നിലമറിയാതെ വിത്തിറക്കുമ്പോള്‍

ആദിവാസികള്‍ സന്തുഷ്ടരായാണ് കാടുകളില്‍ കഴിയുന്നത്. അവരുടെ തൊഴിലും ഭക്ഷണവും ഒഴികെ മറ്റൊന്നും അവരുടെ ചിന്തയിലോ ഓര്‍മകളിലോ ഇല്ല. സമ്മര്‍ദം ഉണ്ടാക്കുന്ന കാര്യങ്ങളോ ഉറക്കമില്ലാത്ത രാവുകളോ അവര്‍ക്കില്ല. ഉള്ള സൗകര്യത്തില്‍ കാടിന്റെ ശാന്തതയില്‍ അവര്‍ സുഖമായി ജീവിക്കുന്നു. അവരുടെ ആ ജീവിതത്തിലേക്ക് കടന്നുകയറുന്ന നമ്മളാണ് യഥാര്‍ഥ അപരാധികള്‍. പണ്ട് കായ്കനികള്‍ ഭക്ഷിച്ചും വേട്ടയാടിയും ജീവിച്ചിരുന്നതിനാല്‍ മാനസികമായും ശാരീരികമായും അവര്‍ ശക്തരായിരുന്നു. എന്നാല്‍, ഇന്ന് അവരുടെ ജീവിതരീതിയില്‍ മാറ്റം വന്നിട്ടുണ്ട്. വേട്ടയാടല്‍ എന്ന ഫിസിക്കല്‍ പ്രക്രിയ വിട്ട് കേവലം കാടിന്റെ ഉത്പന്നങ്ങള്‍ മാത്രം ശേഖരിച്ച് അതില്‍ നിന്നുള്ള വരുമാനം കൊണ്ടാണ് ഇന്ന് ആദിവാസികള്‍ ജീവിക്കുന്നത്. കൃഷിയോ മറ്റു തൊഴിലുകളോ ചെയ്യാനുള്ള ഭൂമിയോ അവസരമോ അവര്‍ക്കില്ല. ഒരര്‍ഥത്തില്‍ സര്‍ക്കാര്‍ സമൂഹ അടുക്കള തുടങ്ങിയതും അരി നല്‍കിയതുമാണ് ആദിവാസികളെ മടിയന്മാരാക്കി മാറ്റിയതെന്നും പറയപ്പെടുന്നുണ്ട്. സൗജന്യമായി അരി ആവശ്യത്തിലധികം ലഭ്യമാക്കിയതിലൂടെ അവരുടെ ഭക്ഷണരീതി അതില്‍ മാത്രമായി ചുരുങ്ങുകയുണ്ടായി. പണ്ടൊക്കെ, കാടുകളില്‍ നിന്ന് വിവിധങ്ങളായ കായ്കനികള്‍ ഭക്ഷിച്ചിരുന്നപ്പോള്‍ സുദൃഢമായ ശരീരം കൈമുതലായിരുന്നു അവര്‍ക്ക്. ഇന്ന് അവര്‍ മറ്റു വിളകള്‍ കൃഷി ചെയ്യാനോ മറ്റു ഭക്ഷണങ്ങളെ കൂടി ആശ്രയിക്കാനോ മെനക്കെടുന്നുമില്ല. പോഷകാഹാരക്കുറവിന്റെ കഥ തുടങ്ങുന്നത് അവിടെ നിന്നാണ്. പോഷകാഹാരം ലഭിക്കാത്തതിലൂടെ മുതിര്‍ന്നവരും കുട്ടികളും ജീവിതത്തിന്റെ പാതിവഴിയില്‍ വീണുപോകുകയുമാണ്. നാം തന്നെയാണ് അവരെ മടിയന്മാരാക്കിയത്. അതിനൊപ്പം, അവര്‍ക്കുള്ള പോഷകാഹാര പദ്ധതിയില്‍ വെള്ളം ചേര്‍ത്ത് ശിശുമരണങ്ങളിലേക്ക് തള്ളിവിടുകയും ചെയ്തിരിക്കുന്നു.

ഇപ്പോഴും ഓരോ പദ്ധതിയും അതിന്റെ പ്രയോഗിക ക്ഷമത കണക്കാക്കിയല്ല വിഭാവനം ചെയ്തിരിക്കുന്നത്. ഓരോ പദ്ധതിയെയും ഉള്‍ക്കൊള്ളാന്‍ അവരുടെ മനസ്സുകള്‍ ഇനിയും പാകപ്പെട്ടിട്ടില്ല. അതിന്റെ പ്രയോജനങ്ങള്‍ എങ്ങനെ നേടാമെന്ന ചിന്ത അവര്‍ക്കില്ല. ആദിവാസികള്‍ക്ക് പദ്ധതിയോ പണമോ ചൊരിയുകയല്ല, പകരം അവരെ വിദ്യാഭ്യാസപരമായി ഉദ്ധരിക്കുകയാണ് വേണ്ടത്. അതിന് ആവശ്യമായ പദ്ധതികളാണ് വിഭാവനം ചെയ്യേണ്ടത്. അതിനായി ഏകാധ്യാപക വിദ്യാലയങ്ങള്‍ പല ഊരുകളിലും ഇപ്പോള്‍ നിലവിലുണ്ട്. എന്നാല്‍, വിദ്യാഭ്യാസം നേടുന്നതിന് വിദ്യാര്‍ഥികള്‍ക്കോ അവരെ സ്‌കൂളുകളില്‍ അയക്കുന്നതിന് രക്ഷാകര്‍ത്താക്കള്‍ക്കോ തെല്ലും ശുഷ്‌കാന്തിയില്ല എന്നതാണ് ഖേദകരമായ മറ്റൊരു കാര്യം.

കാടുകളില്‍ത്തന്നെ അവര്‍ക്ക് നാടൊരുക്കണം

ആദിവാസികള്‍ക്ക് കാടും പുഴയുമൊക്കെ വിട്ട് ഒരു ജീവിതം സാധ്യമല്ല. അത്തരത്തില്‍ മറ്റുള്ളവരെപ്പോലെ അവരെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ കഴിയില്ല. പകരം കാടുകളില്‍ തന്നെ പ്രകൃതിയോട് ചേര്‍ന്നു ജീവിക്കാന്‍ അവരെ അനുവദിക്കുകയും വിദ്യാഭ്യാസം നല്‍കുകയും വേണം. കാടിനു പുറത്ത് മറ്റൊരു ലോകം ഉണ്ടെന്നും അവരെ ബോധ്യപ്പെടുത്തണം. നഗരങ്ങളിലെ മനുഷ്യര്‍ ശത്രുക്കള്‍ അല്ലെന്ന, അവരുമായി ചേര്‍ന്നുപോകാന്‍ പ്രാഥമികമായ വിദ്യാഭ്യാസം തങ്ങള്‍ക്ക് ആവശ്യമാണെന്ന ചിന്ത അവരില്‍ ഉണ്ടാക്കിയെടുക്കുകയാണ് വേണ്ടത്. ചോലനായ്ക്കര്‍ വിഭാഗത്തിനായി സര്‍ക്കാര്‍ നിര്‍മിച്ചു നല്‍കിയ കോണ്‍ക്രീറ്റ് വീടുകളില്‍ താമസിക്കാതെ അതിന്റെ ടെറസില്‍ ടെന്റ് കെട്ടി താമസിക്കുന്ന വിരോധാഭാസമായ കാഴ്ച നിലമ്പൂര്‍ കാടുകളില്‍ കാണാം. അവര്‍ക്ക് അവരുടേതായ ജീവിതശൈലി ഉണ്ടെന്ന് മനസ്സിലാക്കേണ്ടതുണ്ട്. നമ്മുടെ രീതിക്കനുസരിച്ച് അവരെ കൊണ്ടുവരാന്‍ കഴിയുന്നതാണ് യഥാര്‍ഥ പുരോഗമനമെന്ന് ചിന്തിക്കുന്നതുതന്നെ തെറ്റാണ്. കാട്ടുതേന്‍, കര്‍പ്പൂരം തുടങ്ങിയ കാട്ടുത്പന്നങ്ങള്‍ ശേഖരിച്ച് ആഴ്ചയിലൊരിക്കല്‍ അടുത്തുള്ള ഫോറസ്റ്റ് ഓഫീസില്‍ കൊണ്ടുവന്ന് നല്‍കുന്നതാണ് അവരുടെ ഏക തൊഴില്‍. ഉത്പന്നങ്ങള്‍ക്ക് കിട്ടുന്ന പണം കൈയില്‍ ചുരുട്ടിപ്പിടിച്ച് മറുചോദ്യമൊന്നുപോലും ചോദിക്കാതെ നടന്നകലും. ആരോടും ഒന്നും ചോദിക്കാറുമില്ല, ഒന്ന് ചിരിക്കുക പോലും ചെയ്യാറില്ല. അവരുടെ ഊരുകളില്‍ പഠനത്തിന്റെ ഭാഗമായി സന്ദര്‍ശനത്തിന് പോയപ്പോഴും അതുതന്നെയാണ് അവസ്ഥ. നഗരങ്ങളിലെ മനുഷ്യരെ അവര്‍ക്ക് ഭയമാണ്. എന്തുതന്നെയായാലും അവരെ ഉദ്ധരിക്കാനായി മറ്റെന്ത് പ്രവൃത്തികള്‍ ചെയ്യുന്നതിനേക്കാളുമേറെ അവരെ കാടുകളില്‍ തന്നെ സംരക്ഷിച്ചുകൊണ്ട് വിദ്യാഭ്യാസം നല്‍കി ഉയര്‍ത്തിക്കൊണ്ടു വരികയാണ് ചെയ്യേണ്ടത്.

മാറേണ്ട നയങ്ങള്‍, മാറേണ്ട മനോഭാവങ്ങള്‍

ഒരേസമയം തന്നെ പൊതുജനങ്ങളുടെയും സര്‍ക്കാറിന്റെയും മനോഭാവം മാറേണ്ടതുണ്ട്. അവര്‍ക്കായി രൂപം നല്‍കിയ എണ്ണംപറഞ്ഞ പദ്ധതികളൊക്കെയും അന്നുമിന്നും ലക്ഷ്യത്തിലെത്താതെ പോകുകയാണ്. ഫലമോ, ആ ജനത ഇന്നും പ്രശ്നങ്ങളുടെയും വറുതിയുടെയും പടുകുഴിയില്‍ തന്നെ തുടരുന്നു. ചോലനായ്ക്കര്‍ പോലെയുള്ള ട്രൈബല്‍ ഗ്രൂപ്പുകള്‍ ഇന്ന് വംശനാശത്തിന്റെ തന്നെ വക്കിലാണ്. ഇനിയും അവഗണന തുടരുകയാണെങ്കില്‍ നമ്മുടെ കണ്‍മുമ്പില്‍ വെച്ചുതന്നെ അവര്‍ ഇല്ലാതെയായേക്കാം. എന്നും അഴിമതിയുടെ കഥകള്‍ മാത്രം ബാക്കിയാവുന്ന ആദിവാസി ജനതയുടെ പദ്ധതികള്‍ അഴിമതിവിമുക്തമാക്കേണ്ടത് അത്യാവശ്യമാണ്. നമ്മുടെ സഹജീവികള്‍ എന്ന ഒറ്റക്കാരണം കൊണ്ടുതന്നെ അവരെയും സമൂഹത്തിന്റെ ഉന്നത ശ്രേണിയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. പോഷകാഹാരം എത്തിക്കുന്നതിനൊപ്പം തന്നെ കൃഷിയും കോഴിവളര്‍ത്തലും പശുവളര്‍ത്തലുമൊക്കെ പ്രോത്സാഹിപ്പിച്ചുകൊണ്ട് അവരുടെ ഊരുകളില്‍ തന്നെ പോഷകാഹാരം ഉത്പാദിപ്പിക്കാന്‍ പദ്ധതികളുണ്ടാകണം. അവരുടെ ഉത്പന്നങ്ങള്‍ക്ക് കൃത്യമായ മാര്‍ക്കറ്റ് വില ലഭ്യമാക്കണം. അങ്ങനെ അവരെ മറ്റുള്ള ജനങ്ങളുമായി ഇടപഴകാനുള്ള അവസരം ഉണ്ടാക്കിയെടുക്കണം. അത് അവരുടെ അപകര്‍ഷതാബോധം വലിയൊരളവില്‍ കുറക്കാന്‍ കാരണമാകും. അത്തരത്തില്‍ അവരെ ഉയര്‍ത്തിക്കൊണ്ടുവന്നാല്‍ മാത്രമേ നമ്മുടെ ഭരണഘടനയിലെ ജനാധിപത്യത്തിന്റെയും സമത്വത്തിന്റെയും അന്തസ്സത്ത പൂര്‍ണമായും നമുക്ക് ആസ്വദിക്കാനാകൂ.

(കൊച്ചി സര്‍വകലാശാല, സെന്റര്‍ ഫോര്‍ സയന്‍സ് ഇന്‍ സൊസൈറ്റിയില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ആണ് ലേഖകന്‍)