local body election 2025
വോട്ടർമാരെ പാട്ടിലാക്കി ദീപമോൾ
തരംഗമായി യു ഡി എഫ് സ്ഥാനാർഥി ദീപമോളുടെ പ്രചാരണം
പെരുവള്ളൂർ | തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണച്ചൂടിൽ വോട്ടർമാർക്ക് പാട്ടുപാടി ആവേശം പകർന്ന് യു ഡി എഫ് സ്ഥാനാർഥി ദീപമോൾ ശ്രദ്ധാകേന്ദ്രമായി. പെരുവള്ളൂർ ഗ്രാമപഞ്ചായത്തിലെ 15ാം വാർഡ് കൂമണ്ണ ചിനക്കൽ യു ഡി എഫ് സ്ഥാനാർഥിയായ ദീപ മോൾ പൂവത്തൻ മാടിൽ വെച്ച് തൊഴിലുറപ്പ് തൊഴിലാളികൾക്കിടയിൽ നടത്തിയ ഗാനാലാപനമാണ് സാമൂഹിക മാധ്യമങ്ങളിലൂടെ വൈറലായിരിക്കുന്നത്.
”കണ്ണൊന്നടച്ചാലോ കാണാൻ, കണ്ണിനഴകുള്ളോളേ… പൊന്നും പൂവേ നിന്നെ കാണാൻ എന്തൊരഴകാണെന്നേ…’ എന്ന് തുടങ്ങുന്ന നാടൻ പാട്ട് ദീപമോൾ ആലപിച്ചപ്പോൾ നിറഞ്ഞ കൈയടിയോടെയാണ് തൊഴിലാളികൾ സ്വീകരിച്ചത്.
ഈ പ്രചാരണ വേളയിൽ മഹിളാ കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് സൗദ ചെമ്പൻ, നൂർജഹാൻ എന്നിവരും സജീവമായി പങ്കെടുത്തു. ദീപ മോളുടെ ഭർത്താവ് ദിനേശനും വോട്ടഭ്യർഥനയിൽ ഒപ്പമുണ്ട്. നിലവിൽ ഗ്രാമപഞ്ചായത്തിലെ വിദ്യാഭ്യാസ- സാമൂഹിക ക്ഷേമ സമിതി അംഗം കൂടിയാണ് ദീപ മോൾ. നാടൻ പാട്ടിന്റെ ഈണത്തിൽ വോട്ടഭ്യർഥന നടത്തിയ ദീപ മോളുടെ ഊർജസ്വലമായ ഈ പ്രചാരണ ശൈലിയെ “പെരുവള്ളൂരിന്റെ രമ്യ ഹരിദാസ്’ എന്നാണ് ചിലർ വിശേഷിപ്പിക്കുന്നത്.


