Connect with us

National

ഹര്‍ദ പടക്ക നിര്‍മ്മാണശാലയിലെ സ്‌ഫോടനത്തില്‍ മരണം 12 ആയി

പ്രദേശത്ത് പ്രവര്‍ത്തിച്ചിരുന്ന ആറോളം അനധികൃത പടക്ക നിര്‍മ്മാണ ശാലകള്‍ അധികൃതര്‍ പൂട്ടി സീല്‍വെച്ചു.

Published

|

Last Updated

ഹര്‍ദ| മധ്യപ്രദേശിലെ ഹര്‍ദ ജില്ലയിലെ പടക്ക നിര്‍മ്മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ മരണം 12 ആയി. ഫെബ്രുവരി ആറിന് പുലര്‍ച്ചെയാണ്പടക്ക നിര്‍മ്മാണശാലയില്‍ വന്‍ തീപിടിത്തമുണ്ടായത്. സ്‌ഫോടനത്തില്‍ 200 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അപകടത്തിന് പിന്നാലെ നടത്തിയ പരിശോധനയില്‍ പ്രദേശത്ത് പ്രവര്‍ത്തിച്ചിരുന്ന ആറോളം അനധികൃത പടക്ക നിര്‍മ്മാണ ശാലകള്‍ പോലീസ് കണ്ടെത്തി. ഈ പടക്ക നിര്‍മ്മാണ ശാലകള്‍ അധികൃതര്‍ പൂട്ടി സീല്‍വെച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

പടക്ക നിര്‍മ്മാണ ഫാക്ടറികളില്‍ സുരക്ഷാ പരിശോധന നടത്താന്‍ മധ്യപ്രദേശ് സര്‍ക്കാര്‍ പോലീസിനെയും മറ്റ് വകുപ്പുകളെയും ഉള്‍പ്പെടുത്തി ഒരു സംയുക്ത സംഘം രൂപീകരിച്ചതായി ഇന്‍ഡോര്‍ ജില്ലാ മജിസ്ട്രേറ്റ് ആശിഷ് സിംഗ് പറഞ്ഞു. പടക്ക ഫാക്ടറികള്‍, ഗോഡൗണുകള്‍, കടകള്‍ എന്നിവിടങ്ങളില്‍ പരിശോധന കര്‍ശനമാക്കുമെന്നും ലൈസന്‍സില്ലാത്തതോ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതോ ആയ എല്ലാ കടകളും പൂട്ടി സീല്‍ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിനകം തന്നെ പ്രദേശത്ത് പ്രവര്‍ത്തിച്ചിരുന്ന ആറ് സ്ഥാപനങ്ങള്‍ പൂട്ടി സീല്‍ ചെയ്തെന്നും അദ്ദേഹം അറിയിച്ചു.

ഹര്‍ദ ജില്ലയിലെ പടക്ക നിര്‍മ്മാണശാലയില്‍ സ്ഫോടനം നടന്ന സംഭവത്തില്‍ രണ്ട് ഫാക്ടറി ഉടമകളെ പോലീസ് അറസ്റ്റ് ചെയ്തു. രാജേഷ് അഗര്‍വാള്‍, സോമേഷ് അഗര്‍വാള്‍ എന്നിവരെയാണ് പോലീസ്അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച വൈകുന്നേരം രാജ്ഗഡ് ജില്ലയിലെ സാരംഗ്പൂരില്‍ നിന്നാണ് ഉടമകളെ അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തിട്ടുണ്ടെന്നും മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തതായും പോലീസ് പറഞ്ഞു.

ഫാക്ടറിയുടെ മാനേജരായ റഫീഖ് ഖാന്‍ എന്ന ആളെകൂടി കസ്റ്റഡിയിലെടുത്തതായും ഹര്‍ദ പോലീസ് സൂപ്രണ്ട് സഞ്ജീവ് കാഞ്ചന്‍ കൂട്ടിച്ചേര്‍ത്തു. ഭോപ്പാലില്‍ നിന്ന് ഏകദേശം 150 കിലോമീറ്റര്‍ അകലെയുള്ള ഹര്‍ദയിലെ പ്രാന്തപ്രദേശത്തുള്ള മഗര്‍ധ റോഡിലെ ബൈരാഗര്‍ പ്രവിശ്യയിലെ പടക്ക നിര്‍മ്മാണശാലയില്‍ ചൊവ്വാഴ്ച രാവിലെയാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു.

 

 

 

 

 

Latest