National
യു പിയില്‍ കെട്ടിടം തകര്‍ന്ന് മരിച്ചവരുടെ എണ്ണം 10 ആയി
മൂന്ന് നില കെട്ടിടമാണ് ശനിയാഴ്ച വൈകിട്ട് 5.15ഓടെ തകര്‍ന്നു വീണത്.
ലക്‌നൗ | ഉത്തര്‍പ്രദേശിലെ മീറത്തില്‍ കെട്ടിടം തകര്‍ന്ന് മരിച്ചവരുടെ എണ്ണം 10 ആയി. പരുക്കേറ്റ അഞ്ചുപേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മൂന്ന് നില കെട്ടിടമാണ് ശനിയാഴ്ച വൈകിട്ട് 5.15ഓടെ തകര്‍ന്നു വീണത്.
കനത്ത മഴ തുടരുന്നതിനിടെയും ദേശീയ, സംസ്ഥാന തലങ്ങളിലുള്ള ദുരന്ത നിവാരണ സേനകള്‍ പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്.
ദുരന്തത്തില്‍ മരിച്ചവരില്‍ അഞ്ചുപേര്‍ കുട്ടികളാണ്. സിംറ (ഒന്നര), അലിയ (6), റീസ (7), സാഖിബ് (11), സാനിയ (15) എന്നിവരാണ് മരണപ്പെട്ട കുട്ടികള്‍. സാജിദ് (40), നഫോ (62), ഫര്‍ഹാന (20), അലിസ (18) എന്നിവരും മരണപ്പെട്ടു. സോഫിയാന്‍ (6), നയീം (22), നദീം (26), സാഖിബ് (20), സെയ്‌ന (38) എന്നിവരാണ് പരുക്കേറ്റ് ലാലാ ലജ്പത് റായ് മെമ്മോറിയല്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്നത്.
നാഫോ അലാവുദ്ധീന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള കെട്ടിടമാണ് തകര്‍ന്നുവീണത്. അലാവുദ്ധീന്റെ പാലുത്പന്നങ്ങള്‍ വില്‍ക്കുന്ന കടയും കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്നു.
മീറത്ത് മേഖലാ പോലീസ് ഡയറക്ടര്‍ ജനറല്‍ ഡി കെ താക്കൂര്‍, ഡിവിഷണല്‍ കമ്മീഷണര്‍ ജെ സെല്‍വ കുമാരി, പോലീസ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ നാചികേത ഝാ, പോലീസ് സീനിയര്‍ സൂപ്രണ്ട് വിപിന്‍ ടാഡ എന്നിവര്‍ സംഭവ സ്ഥലത്തെത്തുകയും രക്ഷാപ്രവര്‍ത്തനങ്ങള്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു. ദേശീയ ദുരന്ത നിവാരണ, അഗ്നിശമന സേനകളും പോലീസും ഊര്‍ജിത രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്.