Kerala
കെ കെ മഹേശന്റെ മരണം; വെള്ളാപ്പള്ളിയെ ഒന്നാം പ്രതിയാക്കി കേസെടുത്തു
കെ എല്‍ അശോകന്‍, തുഷാര്‍ വെള്ളാപ്പള്ളി എന്നിവരാണ് രണ്ടും മൂന്നും പ്രതികള്‍.

ആലപ്പുഴ | എസ് എന്‍ ഡി പി കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറിയായിരുന്ന കെ കെ മഹേശന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ മാരാരിക്കുളം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണ് ഒന്നാം പ്രതി. യഥാക്രമം കെ എല്‍ അശോകന്‍, തുഷാര്‍ വെള്ളാപ്പള്ളി എന്നിവരാണ് രണ്ടും മൂന്നും പ്രതികള്‍.
ഗൂഢാലോചന, ആത്മഹത്യാ പ്രേരണ ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. ആലപ്പുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നിര്‍ദേശ പ്രകാരമാണ് കേസെടുത്തത്. മഹേശന്റെ കുടുംബം നല്‍കിയ ഹരജിയിലായിരുന്നു കോടതി നിര്‍ദേശം.
മൈക്രോ ഫിനാന്‍സ് തട്ടിപ്പു കേസില്‍ മഹേശനെ പ്രതിയാക്കിയതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ് എഫ് ഐ ആറില്‍ പറയുന്നത്. പ്രതികള്‍ കെ കെ മഹേശനെ സമ്മര്‍ദത്തിലാക്കിയെന്നും എഫ് ഐ ആറില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഏത് അന്വേഷണവും നേരിടാന്‍ തയാര്‍: വെള്ളാപ്പള്ളി
ഏത് അന്വേഷണവും നേരിടാന്‍ തയാറാണെന്ന് വെള്ളാപ്പള്ളി നടേശന്‍. മരണവുമായി തനിക്ക് ബന്ധമില്ല. കേസ് സി ബി ഐ അന്വേഷിക്കട്ടെ. സമുദായത്തെ തകര്‍ക്കുക എന്ന ലക്ഷ്യമാണ് കേസിനു പിന്നിലുള്ളതെന്നും വെള്ളാപ്പള്ളി പറഞ്ഞു.