Kerala
ഹില്‍പാലസ് പോലീസ് കസ്റ്റഡിയിലെ മരണം; എസ് ഐക്ക് സസ്‌പെന്‍ഷന്‍
സംഭവം ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അന്വേഷിക്കും

കൊച്ചി | തൃപ്പൂണിത്തുറ ഹില്‍പാലസ് പോലീസ് കസ്റ്റഡിയില്‍ മധ്യവയസ്‌ക്കന്‍ മരിച്ച സംഭവത്തില്‍ പോലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. യുവാവിനെ മര്‍ദിച്ച ഹില്‍ പാലസ് എസ്‌ഐ ജിമ്മി ജോസിനെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. സംഭവം ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അന്വേഷിക്കും.ഇരുമ്പനം കര്‍ഷക കോളനി സ്വദേശി മനോഹരനാണ് (53) ഹില്‍ പാലസ് പോലീസ് സ്റ്റേഷനില്‍ കുഴഞ്ഞുവീണു മരിച്ചത്.
നിര്‍ത്താതെ പോയ വാഹനം പിന്തുടര്‍ന്ന് പിടിച്ചശേഷമായിരുന്നു മര്‍ദനം. മര്‍ദിച്ച ശേഷമാണ് മനോഹരനെ സ്റ്റേഷനില്‍ എത്തിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു. ശനിയാഴ്ച രാത്രി ഒന്പതോടെയായിരുന്നു സംഭവം.
ഇരുന്പനം മനയ്ക്കപ്പടി ഭാഗത്തു വാഹന പരിശോധന നടത്തുന്നതിനിടെ കൈകാണിച്ചിട്ടും മനോഹരന്‍ വാഹനം നിര്‍ത്താതെ പോയെന്നും പിന്നീട് ഇയാളെ പിടികൂടി സ്റ്റേഷനിലെത്തിക്കുകയായിരുന്നുവെന്നുമാണ് പോലീസ് പറയുന്നത്.
പോലീസ് സ്റ്റേഷനില്‍വച്ച് ഇയാള്‍ കുഴഞ്ഞു വീഴുകയായിരുന്നു. തുടര്‍ന്നു തൃപ്പുണിത്തുറ താലൂക്ക് ആശുപത്രിയിലും പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്നും പോലീസ് പറഞ്ഞു.