Connect with us

prayer congregation

ദൗറത്തുൽ ഖുർആൻ: പ്രാർഥനാ നിർഭരമായി മർകസ്

ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തിയും മർകസ് സ്ഥാപനങ്ങളുടെ സാരഥിയുമായ കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാരുടെ രോഗശമനത്തിനായി പ്രത്യേക പ്രാർഥനയും സമ്മേളനത്തിൽ നടന്നു.

Published

|

Last Updated

കോഴിക്കോട് | വിശുദ്ധ ഖുർആൻ പതിവായി പാരായണം ചെയ്യുന്നവരുടെ സംഗമമായ മർകസ് ദൗറത്തുൽ ഖുർആൻ സമ്മേളനത്തിൽ ഒരുമിച്ചുകൂടി ആയിരങ്ങൾ. പണ്ഡിതരുടെയും സാദാത്തുക്കളുടെയും സാന്നിധ്യത്തിൽ ഖുർആൻ പാരായണം ചെയ്യാനും പ്രാർഥിക്കാനുമായി സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ നിന്നും ഒട്ടേറെപേരാണ്  വൈകുന്നേരത്തോടെ മർകസിൽ എത്തിച്ചേർന്നത്. ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തിയും മർകസ് സ്ഥാപനങ്ങളുടെ സാരഥിയുമായ കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാരുടെ രോഗശമനത്തിനായി പ്രത്യേക പ്രാർഥനയും സമ്മേളനത്തിൽ നടന്നു.

കാന്തപുരത്തോടുള്ള ജനങ്ങളുടെ സ്നേഹവും കരുതലും വിളിച്ചറിയിക്കുന്നതായിരുന്നു ഒരുമിച്ചുകൂടിയ ജനങ്ങളുടെ ആധിക്യവും രോഗശമനത്തിനായി പാരായണം ചെയ്ത ഖത്മുകളുടെയും സ്വലാത്തുകളുടെയും എണ്ണവും. ഇന്ത്യൻ മുസ്‌ലിംകളുടെ മതപരവും ഭൗതികപരവുമായ മുന്നേറ്റത്തിൽ കാന്തപുരം ചെയ്ത സേവനങ്ങൾ മഹത്തരമാണെന്നും ആ സേവനം സമൂഹത്തിനിനിയും അനിവാര്യമാണെന്നും സമ്മേളനം ഉദ്ഘാടനം ചെയ്ത സമസ്ത പ്രസിഡന്റ് ഇ സുലൈമാൻ മുസ്‌ലിയാർ പറഞ്ഞു. പുരോഗതി പ്രാപിക്കുന്നത് ആശാവഹമാണെന്നും പൂർണ ശമനത്തിനായി എല്ലാവരും എപ്പോഴും പ്രാർഥിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മർകസ് ഖുർആൻ അക്കാദമികളിലെ വിദ്യാർഥികളുടെ ഖുർആൻ പാരായണത്തോടെ വൈകുന്നേരം അഞ്ച് മണിക്ക് ആരംഭിച്ച സമ്മേളനത്തിൽ സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർഥനക്ക് നേതൃത്വം നൽകി. സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി, എ പി മുഹമ്മദ് മുസ്‌ലിയാർ, സി മുഹമ്മദ് ഫൈസി, പേരോട് അബ്‌ദുർറഹ്‌മാൻ സഖാഫി, കെ കെ അഹ്മദ്കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ, സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, വി പി എം ഫൈസി വില്യാപ്പള്ളി, ഡോ.ഹുസൈൻ സഖാഫി ചുള്ളിക്കോട്, സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി, ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി, സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തന്നൂർ സംബന്ധിച്ചു.

Latest