Connect with us

International

ദിത്വ ചുഴലിക്കാറ്റ് ശ്രീലങ്കയില്‍ നാശം വിതയ്ക്കുന്നു; മരണസംഖ്യ 100 കടന്നു, നിരവധി പേരെ കാണാതായി

പ്രതിസന്ധി ഘട്ടത്തില്‍ ശ്രീലങ്കയെ സഹായിക്കാന്‍ ഇന്ത്യ 'ഓപ്പറേഷന്‍ സാഗര്‍ ബന്ധു' ആരംഭിച്ചു

Published

|

Last Updated

കൊളംബോ | ദിത്വ ചുഴലിക്കാറ്റിന്റെ ഫലമായി ശ്രീലങ്കയില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും. അടുത്ത 12 മണിക്കൂറിനുളളില്‍ ഡിറ്റ് വാ ചുഴലിക്കാറ്റ് കൂടുതല്‍ ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരിക്കെ മരണസംഖ്യ 100 കടന്നു. നിരവധി പേരെ കാണാതായി.

പ്രതിസന്ധി ഘട്ടത്തില്‍ ശ്രീലങ്കയെ സഹായിക്കാന്‍ ഇന്ത്യ ‘ഓപ്പറേഷന്‍ സാഗര്‍ ബന്ധു’ ആരംഭിച്ചു. ഇന്ത്യന്‍ നാവികസേനയുടെ വിമാനവാഹിനിക്കപ്പലായ ഐ എന്‍ എസ് വിക്രാന്തും ഫ്രണ്ട്ലൈന്‍ കപ്പലായ ഐ എന്‍എസ് ഉദൈഗിരിയും ദുരിതാശ്വാസ സാമഗ്രികളുടെ ആദ്യ ബാച്ചുമായി ശ്രീലങ്കന്‍ തീരത്ത് എത്തി. രാജ്യവ്യാപകമായി റെയില്‍വെ സര്‍വീസുകളെയും വിമാന സര്‍വീസുകളെയും ചുഴലിക്കാറ്റ് ബാധിച്ചിട്ടുണ്ട്. ചുഴലിക്കാറ്റിനെ തുടര്‍ന്നുള്ള കനത്ത മഴയും വെളളപ്പൊക്കവും മണ്ണിടിച്ചിലുമാണ് ദുരന്തം വിതച്ചത്. 1.48 ലക്ഷത്തിലധികം ആളുകളെ ദുരന്തം ബാധിച്ചു.

ശ്രീലങ്കയില്‍ കനത്ത നാശം വിതച്ച ദിത്വ ചുഴലിക്കാറ്റ് ഇന്ത്യന്‍ തീരത്തും ഭീതി പടര്‍ത്തുകയാണ്. തെക്ക് പടിഞ്ഞാറന്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ചുഴലിക്കാറ്റ് നാളെയോടെ കര തൊടുമെന്നാണ് മുന്നറിയിപ്പ്. നാളെ വടക്കന്‍ തമിഴ്‌നാട് -പുതുച്ചേരി, തെക്കന്‍ ആന്ധ്രാ പ്രദേശ് തീരം തൊടാന്‍ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ചുഴലിക്കാറ്റിന്റെ തീവ്രത കുറയുമെങ്കിലും തമിഴ്‌നാട്ടിലെ തെക്കന്‍ ജില്ലകളിലും പുതുച്ചേരിയിലും മഴ കനക്കുമെന്നും മുന്നറിയിപ്പുണ്ട്. തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്ര തീരങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി.

ചുഴലിക്കാറ്റ് കേരളത്തെ സാരമായി ബാധിക്കില്ലെങ്കിലും ഇന്ന് ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലവസ്ഥ വകുപ്പ് അറിയിച്ചു. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ കേരള തീരത്ത് മത്സ്യബന്ധനത്തിനേര്‍പ്പെടുത്തിയ വിലക്ക് തുടരും

Latest