Malabar Movement 1921
ഒരു പുസ്തകത്തില്‍ നിന്ന് പേര് വെട്ടിയാല്‍ സ്വാതന്ത്ര്യസമര രക്തസാക്ഷിത്വത്തിന്റെ വില ഇല്ലാതാകില്ല: എം എ ബേബി
മലബാറിലെ ധീരദേശാഭിമാനികളെ ചരിത്രത്തില്‍ നിന്ന് മായ്ച്ചുകളയാന്‍ ആര്‍ എസ് എസ് പുസ്തംകൊണ്ട് കഴിയില്ല
തിരുവനന്തപുരം | സര്‍ക്കാര്‍ സ്ഥാപനം തയ്യാറാക്കുന്ന ഒരു പുസ്തകത്തിലെ പട്ടികയില്‍ നിന്ന് മാറ്റിയാല്‍ ഇല്ലാതാവുന്നതല്ല ഈ നാട്ടിലെ സ്വാതന്ത്ര്യസമരസേനാനികളുടെ രക്തസാക്ഷിത്വത്തിന്റെ വിലയെന്ന് സി പി എം പോളിറ്റ്ബ്യൂറോ അംഗം എം എ ബേബി. മലബാര്‍ കലാപത്തില്‍ രക്തസാക്ഷികളായ സ്വാതന്ത്ര്യസമരസേനാനികളെ രക്തസാക്ഷികളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സില്‍ നടത്തുന്ന നീക്കം ഉപേക്ഷിക്കണം. ചരിത്രത്തെ വര്‍ഗീയതയുടെ കണ്ണാല്‍ കാണുന്നതാണ് ഈ നീക്കം.
ബി ജെ പി കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നതു മുതല്‍ പാഠപുസ്തകങ്ങളുടെയും ഐ സി എച്ച് ആര്‍ പോലുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പുസ്തകങ്ങളുടെയും ചരിത്രവീക്ഷണം തിരുത്താന്‍ നടപടികളുണ്ടായിട്ടുണ്ട്. സര്‍ക്കാര്‍ സ്ഥാപനം തയ്യാറാക്കുന്ന ഒരു പുസ്തകത്തിലെ പട്ടികയില്‍ നിന്ന് മാറ്റിയാല്‍ ഇല്ലാതാവുന്നതല്ല ഈ നാട്ടിലെ സ്വാതന്ത്ര്യസമരസേനാനികളുടെ രക്തസാക്ഷിത്വത്തിന്റെ വില. ജനങ്ങളുടെ ഹൃദയത്തില്‍ അവര്‍ എന്നുമുണ്ടാവും.
ആര്‍ എസ് എസ് സംഘടനകള്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തിട്ടില്ല. എന്നും ബ്രിട്ടീഷുകാര്‍ക്ക് അനുകൂലമായിരുന്നു അവര്‍. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ പ്രിതിബിംബമായിരുന്ന മഹാത്മാ ഗാന്ധിയെ വെടിവെച്ചു കൊന്നതിനെത്തുടര്‍ന്ന് നിരോധിക്കപ്പെട്ട സംഘടനയാണ് ആര്‍ എസ് എസ്. അവര്‍, തയ്യാറാക്കുന്ന പുസ്തകത്തില്‍ മലബാര്‍ കലാപത്തിലെ രക്തസാക്ഷികള്‍ ഇല്ല എന്നത് ചരിത്രത്തില്‍ നിന്ന് ഈ ധീരദേശാഭിമാനികളെ മായ്ച്ചുകളയാന്‍ മതിയാവില്ലെന്നും എം എ ബേബി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.



