National
സോണിയക്കും രാഹുലിനും നിര്‍ണായകം; നാഷണല്‍ ഹെറാള്‍ഡ് കേസില്‍ വിധി 29ന്
ഇരുവര്‍ക്കുമെതിരെ കേസ് എടുക്കേണ്ടതുണ്ടോ എന്ന കാര്യത്തിലാണ് കോടതി വിധി പ്രസ്താവിക്കുക.

ന്യൂഡല്‍ഹി | കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഉള്‍പ്പെട്ട നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോടതി ഈ മാസം 29 ന് വിധി പറയും. ഇരുവര്‍ക്കുമെതിരെ കേസ് എടുക്കേണ്ടതുണ്ടോ എന്ന കാര്യത്തിലാണ് കോടതി വിധി പ്രസ്താവിക്കുക. വിചാരണ കോടതിയില്‍ കേസിന്റെ വാദങ്ങള്‍ പൂര്‍ത്തിയായി
കേസില്‍ ഇരുവരേയും ഒന്നും രണ്ടും പ്രതികളാക്കി ഇ ഡി കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഇരുവരും കള്ളപ്പണം വെളുപ്പിച്ചെന്ന് ഇ ഡി കണ്ടെത്തിയിരുന്നു. 142 കോടി രൂപ ഇരുവര്‍ക്കുമായി ലഭിച്ചുവെന്നും കണ്ടെത്തലുകള്‍ തെളിയിക്കാന്‍ കൃത്യമായി തെളിവുകള്‍ ഉണ്ടെന്നും ഇ ഡി കോടതിയെ ബോധിപ്പിച്ചിരുന്നു. കോണ്‍ഗ്രസ് നേതാവ് സാം പിത്രോഡ, സുമന്‍ ദുബെ എന്നിവര്‍ക്കും കേസില്‍ പങ്കുണ്ടെന്നാണ് ഇ ഡി ആരോപണം.
ജവഹര്‍ലാല്‍ നെഹ്റു 1937 ല്‍ സ്ഥാപിച്ച നാഷണല്‍ ഹെറാള്‍ഡ് പത്രം പ്രസിദ്ധീകരിച്ചിരുന്ന എജെഎല്‍ യങ് ഇന്ത്യ ലിമിറ്റഡ് ഏറ്റെടുത്തതില്‍ സാമ്പത്തിക ക്രമക്കേടും ഫണ്ട് ദുരുപയോഗവും നടന്നതായാണ് കേസ്. 2014 ല്‍ ഡല്‍ഹി ഹൈക്കോടതിയില്‍ ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി സമര്‍പ്പിച്ച ഹരജിയില്‍ 2021 ല്‍ ഇ ഡി അന്വേഷണം ആരംഭിച്ചത്. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, മറ്റ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ എന്നിവര്‍ ചേര്‍ന്ന് യങ് ഇന്ത്യ വഴി 50 ലക്ഷം രൂപയ്ക്ക് അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡിന്റെ 2,000 കോടി രൂപയിലധികം വിലമതിക്കുന്ന സ്വത്തുക്കള്‍ വഞ്ചനാപരമായി ഏറ്റെടുത്തതായാണ് പരാതിയില്‍ പറയുന്നത്.