Saudi Arabia
കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ റൗളാശരീഫ് സന്ദര്‍ശിച്ചു
റമസാന്‍ മാസത്തിന്റെ തുടക്കത്തില്‍ മദീനയിലെത്തിയ രാജകുമാരന്‍ പ്രവാചക നഗരിയിലെ വികസന പ്രവര്‍ത്തനങ്ങളും തീര്‍ഥാടകര്‍ക്കായുള്ള സൗകര്യങ്ങളും വിലയിരുത്തി.
മദീന | സഊദി അറേബ്യന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ മദീനയിലെ മസ്ജിദുന്നബവി സന്ദര്‍ശിച്ചു. ഇന്ന് പുലര്‍ച്ചെയായിരുന്നു സന്ദര്‍ശനം. പള്ളിയിലെ അതീവ പ്രാധാന്യമുള്ള റൗള ശരീഫില്‍ അദ്ദേഹം നിസ്‌കാരം നിര്‍വഹിക്കുകയും പ്രവാചകന്‍ മുഹമ്മദ് നബിയുടെയും (സ) അബൂബക്കര്‍ സിദ്ദീഖ് (റ), ഉമര്‍ ബിന്‍ ഖതാബ് (റ) എന്നീ സഹാബികളുടെയും ഖബറിടങ്ങളില്‍ സലാം ചൊല്ലി അഭിവാദ്യം അര്‍പ്പിക്കുകയും ചെയ്തു. മസ്ജിദുന്നബവിയില്‍ എത്തിയ കിരീടാവകാശിയെ ഇരുഹറം കാര്യാലയ മേധാവി ഷെയ്ഖ് ഡോ. അബ്ദുറഹ്മാന്‍ അല്‍ സുദൈസ്, ഹജ്ജ്-ഉംറ മന്ത്രി ഡോ. തൗഫീഖ് അല്‍ റാബിയ, മസ്ജിദുന്നബവിയിലെ ഇമാമുമാര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
മദീന ഗവര്‍ണര്‍ സല്‍മാന്‍ ബിന്‍ സുല്‍ത്താന്‍ രാജകുമാരന്‍, റിയാദ് ഡെപ്യൂട്ടി ഗവര്‍ണര്‍ മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ രാജകുമാരന്‍, സാംസ്‌കാരിക മന്ത്രി ബദര്‍ ബിന്‍ അബ്ദുല്ല ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ തുടങ്ങിയ ഉന്നതതല സംഘവും കിരീടാവകാശിയെ അനുഗമിച്ചിരുന്നു.
റമസാന്‍ മാസത്തിന്റെ തുടക്കത്തില്‍ മദീനയിലെത്തിയ അദ്ദേഹം പ്രവാചക നഗരിയിലെ വികസന പ്രവര്‍ത്തനങ്ങളും തീര്‍ഥാടകര്‍ക്കായുള്ള സൗകര്യങ്ങളും വിലയിരുത്തി. സന്ദര്‍ശനത്തിനു ശേഷം അദ്ദേഹം പ്രമുഖ പണ്ഡിതന്മാരുമായും മന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തി.



