Kuwait
കുറ്റകൃത്യങ്ങള്‍; കുട്ടികളുടെ പങ്കാളിത്തത്തില്‍ വന്‍ വര്‍ധന
കഴിഞ്ഞ വര്‍ഷം പ്രായപൂര്‍ത്തിയാകാത്തവര്‍ പ്രതികളായ 5,812 കേസുകളാണ് രാജ്യത്ത് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. രാജ്യ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സംഖ്യ ആണ് ഇത്.

കുവൈത്ത് സിറ്റി | കുവൈത്തില്‍ കുറ്റകൃത്യങ്ങളില്‍ കുട്ടികളുടെ പങ്കാളിത്തം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. പബ്ലിക് പ്രോസിക്യൂഷന്‍ പുറത്തുവിട്ട സ്ഥിതിവിവര കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. ഇത് പ്രകാരം കഴിഞ്ഞ വര്‍ഷം പ്രായ പൂര്‍ത്തിയാകാത്തവര്‍ പ്രതികളായ 5,812 കേസുകളാണ് രാജ്യത്ത് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. രാജ്യ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സംഖ്യ ആണ് ഇത്.
അതേസമയം, കഴിഞ്ഞ വര്‍ഷം ആകെ 39,795 കേസുകളാണ് രാജ്യത്ത് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 38,120 പേര്‍ പ്രതികളായി. മൊത്തം പ്രതികളില്‍ 60 ശതമാനവും സ്വദേശികളാണ്. 89.3 ശതമാനം പേരും പുരുഷന്മാരാണ്. 30 നും 39 നും ഇടയില്‍ പ്രായമായവരാണ് പ്രതികളില്‍ ഭൂരിഭാഗവും. മയക്കുമരുന്ന്, സൈക്കോട്രോപിക് ലഹരിവസ്തുക്കള്‍ മുതലായവയുമായി ബന്ധപ്പെട്ട 2,687 കേസുകളാണ് കഴിഞ്ഞ വര്‍ഷം രാജ്യത്ത് രജിസ്റ്റര്‍ ചെയ്തത് എന്നും സ്ഥിതിവിവര കണക്കില്‍ സൂചിപ്പിക്കുന്നു.
കഴിഞ്ഞ മാസം ഫിലിപ്പൈന്‍സുകാരിയായ വീട്ടുവേലക്കാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കി കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ച് മരുഭൂമിയില്‍ വലിച്ചെറിഞ്ഞ സംഭവത്തില്‍ 16 കാരനായ സ്വദേശി ബാലനാണ് പിടിയിലായത്. സംഭവത്തെ തുടര്‍ന്ന് ഫിലിപ്പൈന്‍സില്‍ നിന്നും കുവൈത്തിലേക്ക് പുതിയ ഗാര്‍ഹിക തൊഴിലാളികളെ അയക്കുന്നത് നിര്‍ത്തിവെക്കാന്‍ ഫിലിപ്പീന്‍സ് സര്‍ക്കാര്‍ തീരുമാനിക്കുകയും ചെയ്തിരുന്നു.