Connect with us

OBITUARY

ക്രിക്കറ്റ് പിച്ച് ക്യൂറേറ്ററെ മരിച്ച നിലയില്‍ കണ്ടെത്തി

ഇന്നലത്തെ കളിയുടെ പിച്ചൊരുക്കിയതും മോഹന്‍സിങ് ആയിരുന്നു

Published

|

Last Updated

അബൂദബി | മുതിര്‍ന്ന ക്രിക്കറ്റ് പിച്ച് ക്യൂറേറ്ററും അബൂദബി സായിദ് ക്രിക്കറ്റ് സ്റ്റേഡിയത്തിലെ ഹെഡ് പിച്ച് ക്യൂറേറ്ററുമായ മോഹന്‍ സിംഗിനെ (45) മരിച്ച നിലയില്‍ കണ്ടെത്തി. ടി20 ലോകകപ്പില്‍ ഞായറാഴ്ച നടന്ന ന്യൂസിലാന്‍ഡും അഫ്ഗാനിസ്ഥാനും തമ്മിലുള്ള മത്സരത്തിനു മണിക്കൂറുകള്‍ക്കു മുമ്പായിരുന്നു അന്ത്യം. മരണ കാരണം വ്യക്തമല്ല. അബൂദബി പോലീസ് അന്വേഷണം ആരംഭിച്ചതായി അബുദബി ക്രിക്കറ്റ് അസോസിയേഷന്‍ അറിയിച്ചു.

ഇന്നലത്തെ കളിയുടെ പിച്ചൊരുക്കിയതും മോഹന്‍സിങ് ആയിരുന്നു. ഹെഡ് ക്യൂറേറ്ററായ മോഹന്‍ സിംഗ് 15 വര്‍ഷമായി അബുദാബി ക്രിക്കറ്റിന്റെ ഭാഗമായിരുന്നു. നിര്യാണത്തില്‍ അബുദബി ക്രിക്കറ്റ് അസോസിയേഷനും, അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലും (ഐ സി സി), എമിറേറ്റ്സ് ക്രിക്കറ്റ് ബോര്‍ഡും അനുശോചിച്ചു. ഞങ്ങള്‍ക്ക് അഗാധമായ ദുഃഖമുണ്ട്. ഞങ്ങളുടെ ചിന്തകളും പ്രാര്‍ത്ഥനകളും അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും അബുദാബി ക്രിക്കറ്റുമായി ബന്ധപ്പെട്ട എല്ലാവര്‍ക്കുമൊപ്പം ഉണ്ടെന്നും ഐ സി സി വക്താവ് പറഞ്ഞു.

ഉത്തരാഖണ്ഡില്‍ നിന്നുള്ള മോഹന്‍ സിങ് ചണ്ഡീഗഡിലെ മൊഹാലി ക്രിക്കറ്റ് സ്റ്റേഡിയത്തിലായിരുന്നു തുടക്കം. 2004-കളുടെ തുടക്കത്തില്‍ യുഎഇയിലേക്ക് വരുന്നതിന് മുമ്പ് മൊഹാലിയില്‍ മുന്‍ ബി സി സി ഐ ചീഫ് ക്യൂറേറ്റര്‍ ദല്‍ജിത് സിങ്ങിനൊപ്പം പത്ത് വര്‍ഷം പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്റെ അടുത്ത് വരുമ്പോള്‍ അവന്‍ മിടുക്കനായ കുട്ടിയായിരുന്നു. വളരെ കഴിവുള്ള, കഠിനാധ്വാനിയായ വ്യക്തി ദല്‍ജിത് സിങ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു. യു എ ഇയില്‍ പോയതിനുശേഷം, നാട്ടില്‍ വരുമ്പോഴെല്ലാം മോഹന്‍ സിങ് എന്നെ സന്ദര്‍ശിക്കാറുണ്ടായിരുന്നു. പക്ഷേ കുറച്ചുകാലമായി ഞാന്‍ അവനെ കണ്ടിരുന്നില്ല. വളരെ വേഗം പോയി, ഇത് ശരിക്കും ദുരന്തമാണ്. നിര്യാണത്തില്‍ ഞാന്‍ അനുശോചിക്കുന്നു ദല്‍ജിത് പറഞ്ഞു. മോഹന്‍ സിംഗിന്റെ കുടുംബത്തിന്റെ അനുമതിയോടെ നടന്ന അഫ്ഗാനിസ്ഥാന്‍ ന്യൂസിലാന്‍ഡ് മത്സരത്തില്‍ അഫ്ഗാനിസ്ഥാന് പുറത്തായതോടെ ഇന്ത്യയും അഫ്ഗാനും സെമി ഫൈനലില്‍ പ്രവേശിക്കില്ല.

സ്പെഷ്യൽ റിപ്പോർട്ടർ, സിറാജ്, അബൂദബി

Latest