Connect with us

Kerala

പിണറായി വിജയന് സംരക്ഷണം ഒരുക്കുന്നതാണ് സി പി എം തിരുത്തല്‍ യജ്ഞം: കെ സുധാകരന്‍

സി പി എം യഥാര്‍ഥ തിരുത്തല്‍ പ്രക്രിയയ്ക്കു തുടക്കം കുറിക്കണമെന്നും അതു പിണറായില്‍നിന്നായിരിക്കണമെന്നും സുധാകരന്‍

Published

|

Last Updated

തിരുവനന്തപുരം | ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഇടതുമുന്നണിയുടെ യഥാര്‍ഥ പരാജയ കാരണങ്ങളിലേക്കു കടക്കാതെ മുഖ്യമന്ത്രി പിണറായി വിജയന് സംരക്ഷണം ഒരുക്കാനാണ് സി പി എം തിരുത്തല്‍ യജ്ഞം നടത്തുന്നതെന്നു കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു.
ബംഗാളിലും ത്രിപുരയിലും സംഭവിച്ചത് കേരളത്തില്‍ ആവര്‍ത്തിക്കാതിരിക്കണമെങ്കില്‍ സി പി എം യഥാര്‍ഥ തിരുത്തല്‍ പ്രക്രിയയ്ക്കു തുടക്കം കുറിക്കണമെന്നും അതു പിണറായില്‍നിന്നായിരിക്കണമെന്നും സുധാകരന്‍ പറഞ്ഞു.

ആത്മാവ് നഷ്ടപ്പെട്ട പാര്‍ട്ടിയുടെ അസ്ഥികൂടത്തിന് കാവലിരിക്കുന്ന ദുര്‍ഭൂതമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. അണികള്‍ ചോരയും നീരും നല്‍കി കെട്ടിപ്പെടുത്ത പ്രസ്ഥാനത്തിന്റെയും ഭരണത്തിന്റെയും തലപ്പത്തിരിക്കുന്നവര്‍ ചീഞ്ഞുനാറുന്നത് തിരുത്തല്‍ യജ്ഞക്കാര്‍ കണ്ടില്ലെന്ന് നടിച്ചെന്നും അദ്ദേഹം പറഞ്ഞു.

എല്‍ ഡി എഫ് പരാജയത്തിന്റെ കാരണം മുഖ്യമന്ത്രിയാണെന്ന് സി പി ഐയുടെയും സി പി എമ്മിന്റേയും ജില്ലാ യോഗങ്ങള്‍ വരെ ചൂണ്ടിക്കാട്ടിയത് സംസ്ഥാന യോഗത്തിലേക്കു ചര്‍ച്ചയ്‌ക്കെടുക്കാതെ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ കാവല്‍നിന്നു. മുഖ്യമന്ത്രിയെ കത്തുന്ന സൂര്യനെപ്പോലെ കരുതുന്ന ഗോവിന്ദന്‍ പിണറായി വിജയന്റെ പണപ്പെട്ടിയുടെ സൂക്ഷിപ്പുകാരന്‍ എന്ന നിലയിലേക്ക് തരംതാണു. പാര്‍ട്ടിയില്‍നിന്ന് അടപടലം വോട്ട് മറിഞ്ഞിട്ടും തിരുത്തലിനു തയാറാകാതെ കാരണഭൂതനെ ചുമക്കുന്നത് ലാഭവിഹിതം പങ്കുപറ്റിയവരാണെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.

ഇന്ത്യാമുന്നണിയുടെ ഭാഗമായിരിക്കെ മുഖ്യമന്ത്രി, രാഹുല്‍ ഗാന്ധിക്കെതിരേ നടത്തിയ ക്രൂരമായ പരാമര്‍ശങ്ങള്‍പോലും തിരുത്താന്‍ തയാറല്ല. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പിണറായിയെ പിന്തുണച്ച ഗീവര്‍ഗീസ് മാര്‍ കൂറിലോസ് തിരുമേനിയെ വിവരദോഷിയെന്ന് പിണറായി വിജയന്‍ വിളിച്ചത് 19 സീറ്റില്‍ തോറ്റതിനു ശേഷമാണ്. ഇതേ രീതിയിലാണ് 99 സീറ്റില്‍ ജയിപ്പിച്ചുവിട്ട ജനങ്ങളോടുള്ള പെരുമാറ്റമെന്നും ഇതിന് പരിഹാരം കണ്ടില്ലെങ്കില്‍ സി പി എമ്മിന്റെ ശവക്കുഴി തോണ്ടും.

തോല്‍വിയുടെ യഥാര്‍ഥ കാരണമായ മുഖ്യമന്ത്രിയുടെ ധിക്കാരം, അഴിമതി, ആര്‍ഭാടം, വിദേശയാത്രകള്‍, ജനങ്ങളോടുള്ള പുച്ഛം തുടങ്ങിയവയൊന്നും ചര്‍ച്ചയ്ക്കു വരാതെ പാര്‍ട്ടി സെക്രട്ടറി സംരക്ഷിച്ചു. പാര്‍ട്ടി ശക്തികേന്ദ്രങ്ങളില്‍ നടക്കുന്ന ബോംബ് നിര്‍മാണവും ബോംബ് സ്‌ഫോടനവുമൊക്കെ പാര്‍ട്ടി മാത്രം കാണുന്നില്ല. അതിനെതിരേ രംഗത്തുവരുന്ന സ്ത്രീകളെപ്പോലും ഭീഷണിപ്പെടുത്തുന്നു. എസ് എഫ് ഐ ഗുണ്ടകളുടെ ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ട സിദ്ധാര്‍ഥിനെപ്പോലുള്ളവരുടെ നിലവിളി കേള്‍ക്കാന്‍ സി പി എമ്മിനു കഴിയുന്നില്ലെന്നും സുധാകരന്‍ പറഞ്ഞു

 

---- facebook comment plugin here -----

Latest