Connect with us

Kerala

സി പി എം മതത്തിനെതിരല്ല, വിശ്വാസികള്‍ക്ക് അംഗത്വം നല്‍കുന്ന പാര്‍ട്ടി: കോടിയേരി

Published

|

Last Updated

കോഴിക്കോട് | സി പി എം ഒരു മതത്തിനും എതിരല്ലെന്നും എല്ലാ മതവിശ്വാസികള്‍ക്കും അംഗത്വം നല്‍കുന്ന പാര്‍ട്ടിയാണ് സി പി എമ്മെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സി പി എം കോഴിക്കോട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സി പി എം വിശ്വാസികള്‍ക്ക് എതിരാണെന്ന് പ്രചരിപ്പിച്ച് അവരെ പാര്‍ട്ടിയില്‍ നിന്ന് അകറ്റാനാണ് ഒരു വിഭാഗം ശ്രമിക്കുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ സംശയത്തോടെ കണ്ടിരുന്ന മുസ്‌ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ സി പി എമ്മിനെ സ്വാഗതം ചെയ്യുന്ന സംസ്ഥാനമായി കേരളം മാറിയെന്നും അദ്ദേഹം പറഞ്ഞു.

വഖ്ഫ് വിഷയമുയര്‍ത്തി രണ്ടാം വിമോചന സമരത്തിനുള്ള ശ്രമമാണ് മുസ്ലിം ലീഗിന്റേത്. ആ ശ്രമം വിജയിക്കില്ലെന്നും കോടിയേരി പറഞ്ഞു. കേരള രാഷ്ട്രീയത്തില്‍ മുഖം നഷ്ടമായ ലീഗ് കലാപം നടത്തി തിരിച്ചുവരാന്‍ ശ്രമിക്കയാണ്. കാലം മാറിയെന്ന് അവര്‍ മനസിലാക്കണം. 1957ലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയല്ല ഇന്നുള്ളത്. വിപുലമായ ബഹുജന സ്വാധീനവും വിശ്വാസികളുടെയടക്കം പിന്തുണയുമുള്ള പാര്‍ട്ടിയാണിന്ന് കേരളം ഭരിക്കുന്നത്. അതിനാല്‍ വിമോചന സമര വ്യാമോഹത്തില്‍ നിന്ന് ലീഗ് പിന്തിരിയണം.

വഖ്ഫ് ബോര്‍ഡ് നിയമനം പി എസ് സിക്ക് വിടുന്ന കാര്യത്തില്‍ എല്‍ ഡി എഫ് സര്‍ക്കാറിന് യാതൊരു വാശിയുമില്ല. എല്ലാവരും ചര്‍ച്ച നടത്തിയേ നടപ്പാക്കൂവെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയതുമാണ്. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരും ജിഫ്രി മുത്തുക്കോയ തങ്ങളും നേതൃത്വം നല്‍കുന്ന മുസ്ലിം സംഘടനകള്‍ ലീഗിന്റെ സമരത്തെ പിന്തുണച്ചില്ല. ഒറ്റപ്പെട്ട ലീഗ് ജാള്യം മറക്കാനാണ് കലാപത്തിനും വര്‍ഗീയ ധ്രുവീകരണത്തിനും ശ്രമിക്കുന്നത്. തിരഞ്ഞെടുപ്പില്‍ ലീഗ് വഖ്ഫ് പ്രചാരണ വിഷയമാക്കിയില്ല. ബില്ലിനെ സഭയില്‍ എതിര്‍ത്തതുമില്ല. വഖ്ഫ് സ്വത്തുക്കള്‍ കൈയടക്കിയത് ലീഗ് നേതാക്കളാണ്. അത് തിരിച്ചുപിടിക്കുമെന്ന് വന്നപ്പോഴാണ് എതിര്‍പ്പും കലാപശ്രമവുമെല്ലാം. മതാധിഷ്ഠിത പാര്‍ട്ടിയായ ലീഗ് ഇസ്‌ലാം രാഷ്ട്രീയവുമായി സന്ധിചെയ്തിരിക്കുകയാണ്. അധികാരം നഷ്ടമായ ലീഗിനെ നയിക്കുന്നത് ജമാഅത്തെ ഇസ്ലാമിയുടെ പ്രത്യയശാസ്ത്രമാണെന്നും കോടിയേരി വ്യക്തമാക്കി.

ബദല്‍ കോണ്‍ഗ്രസല്ല
കോഴിക്കോട്: ദേശീയ തലത്തില്‍ മൂന്നാമതും ബി ജെ പി അധികാരത്തില്‍ വരുന്നത് തടയാന്‍ മതനിരപേക്ഷ ജനാധിപത്യശക്തികളുടെ കൂട്ടായ്മ എന്നതാണ് സി പി എം നയമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബി ജെ പിക്ക് ബദല്‍ കോണ്‍ഗ്രസല്ല. മതനിരപേക്ഷ ജനാധിപത്യ ശക്തികള്‍ ബി ജെ പിക്ക് ബദലായി ഇടതുപക്ഷത്തെ ഉറ്റുനോക്കുകയാണ്. ഇതിനനുസൃതമായി ഓരോ സംസ്ഥാനത്തും ബി ജെ പിയെ തോല്‍പ്പിക്കാനുള്ള അടവുനയമാണ് പാര്‍ട്ടി സ്വീകരിക്കുക. അടുത്തമാസം പുറത്തിറക്കുന്ന കരട് രാഷ്ട്രീയ പ്രമേയത്തില്‍ ഇക്കാര്യം വ്യക്തമാക്കും.

ആര്‍ എസ് എസിന്റെ ഹിന്ദുത്വ പ്രത്യയശാസ്ത്രം പ്രതിരോധിക്കുന്നതില്‍ കോണ്‍ഗ്രസ് പരാജയമാണ്. ഇന്ത്യ ഹിന്ദുക്കള്‍ ഭരിക്കണം എന്ന രാഹുല്‍ ഗാന്ധിയുടെ ജയ്പൂര്‍ പ്രസംഗവും ഇത് തെളിയിക്കുന്നു. കോണ്‍ഗ്രസ് വിമുക്ത ഭാരതമല്ല തങ്ങളുടെ ലക്ഷ്യമെന്ന ആര്‍ എസ് എസ് മേധാവി മോഹന്‍ ഭഗവതിന്റെ പ്രസംഗം ഇതൊന്നിച്ച് വായിക്കണം. ഹിന്ദുക്കളുടെ രണ്ട് പാര്‍ട്ടികളില്‍ ഒന്ന് ബി ജെ പിയും രണ്ടാമത്തേത് കോണ്‍ഗ്രസുമെന്നാണ് ആര്‍ എസ് എസ് നേതാവ് പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.