V D Satheeshan
ക്രിമിനലുകളുടെ വിരല്‍ത്തുമ്പില്‍ വിറയ്ക്കുന്ന പാര്‍ട്ടിയായി സി പി എം മാറി: വി ഡി സതീശന്‍
ബംഗാളിലുണ്ടായ അതേ അവസ്ഥ കേരളത്തിലുമുണ്ടാകും

കണ്ണൂര്‍ | ആകാശ് തില്ലങ്കേരിയെ പോലുള്ള ക്രിമിനലുകളുടെ വിരല്‍ത്തുമ്പില്‍ വിറയ്ക്കുന്ന പാര്‍ട്ടിയായി സി പി എം മാറിയെന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ബംഗാളിലെ സി പി എമ്മിനുണ്ടായ അതേ അവസ്ഥ കേരളത്തിലുണ്ടാകുമെന്നും സതീശന്‍ പറഞ്ഞു.
ക്രിമിനലുകള്‍ പാര്‍ട്ടിയെ ബ്ലാക്ക് മെയില്‍ ചെയ്യുന്ന അപകടകരമായ സ്ഥിതിയിലേക്ക് എത്തി.എല്ലാ സത്യങ്ങളും ഇപ്പോള്‍ പുറത്ത് വരികയാണെന്നും സതീശന്‍ പറഞ്ഞു. സ്വപ്‌നയെ ഉപയോഗിച്ചു കൊണ്ട് മുഖ്യമന്ത്രിയടക്കം നേട്ടങ്ങളുണ്ടാക്കി. ഇതിന്റെ തെളിവുകളും പുറത്ത് വരുന്നു. ധന സമ്പാദനത്തിന് വേണ്ടി മുഖ്യമന്ത്രിയടക്കം സ്വപ്‌നയെ ഉപയോഗിച്ചു. ഒടുവില്‍ അവരും സത്യം വിളിച്ച് പറയുന്നു. ആകാശിന്റെ മറ്റൊരു രൂപമാണ് സപ്‌ന.
മനുഷ്യത്വം തൊട്ട് തീണ്ടിയിട്ടില്ലാത്ത ക്രിമിനലുകളുടെ കൂടാരമായി സി പി എം മാറി. ക്രിമിനലുകള്‍ക്ക് സമൂഹമാധ്യമങ്ങളിലിടം കൊടുത്തത് സി പി എമ്മാണ്. ആ ക്രമിനലുകളിപ്പോള്‍ സി പി എമ്മിനെ നിയന്ത്രിക്കുന്ന രീതിയിലേക്ക് എത്തി. ആകാശിനെതിരെ എന്താണ് സി പി എം അന്വേഷണം നടത്താതിരിക്കുന്നതെന്നും സതീശന്‍ ചോദിച്ചു.
ക്രിമിനലുകളെ സംരക്ഷിക്കാന്‍ നികുതിപ്പണത്തില്‍ നിന്ന് രണ്ടുകോടി ചെലവാക്കി. ഇപ്പോള്‍ എല്ലാ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്കും കുടപിടിക്കേണ്ട ഗതികേടിലാണ് സി പി എം. ക്രിമിനലുകളെ ഉപയോഗിച്ചതിന്റെ തിക്ത ഫലമാണ് സി പി എം അനുഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.