Kerala
കൊവിഡ്; സംസ്ഥാനത്ത് കണ്ടുവരുന്നത് ഒമിക്രോണ്‍ വകഭേദം മാത്രം, ആശങ്ക വേണ്ടെങ്കിലും ജാഗ്രത കൈവിടരുത്: മന്ത്രി
എല്ലാവരും മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം. രണ്ടാം ഡോസ് വാക്സിനും പ്രിക്കോഷന്‍ ഡോസും എടുക്കാത്തവര്‍ എടുക്കണം.

തിരുവനന്തപുരം | സംസ്ഥാനത്ത് കൊവിഡ് കേസുകളുടെ എണ്ണം ചെറിയ തോതില്‍ ഉയര്‍ന്നിട്ടുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഒമിക്രോണ്‍ വകഭേദമാണ് നിലവിലുള്ളത്. മറ്റ് വകഭേദങ്ങള്‍ കണ്ടെത്തിയിട്ടില്ല. കൊവിഡ് ഉന്നതതല യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
കൊവിഡിനോടൊപ്പം ജീവിക്കാന്‍ ശീലിക്കുകയാണ് വേണ്ടത്. എല്ലാവരും മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം. രണ്ടാം ഡോസ് വാക്സിനും പ്രിക്കോഷന്‍ ഡോസും എടുക്കാത്തവര്‍ എടുക്കണം. ആരോഗ്യ പ്രവര്‍ത്തകര്‍ നിര്‍ബന്ധമായും പ്രിക്കോഷന്‍ ഡോസ് എടുത്തിരിക്കണം. കൊവിഡ് കേസുകള്‍ കുറഞ്ഞതോടെ പലരും രണ്ടാം ഡോസ് വാക്സിനും പ്രിക്കോഷന്‍ ഡോസും എടുക്കാന്‍ താത്പര്യമെടുക്കാത്ത സ്ഥിതിയുണ്ട്. അത് ആപത്കരമാണ്. രണ്ട് ഡോസ് വാക്സിനും പ്രിക്കോഷന്‍ ഡോസും കൃത്യമായ ഇടവേളകളില്‍ എടുത്താല്‍ മാത്രമേ ഫലമുണ്ടാകൂ. കൊവിഡ് ബാധിച്ച മരിക്കുന്നവരില്‍ വാക്സിനെടുക്കാത്തവരുടെയും അനുബന്ധ രോഗബാധിതരുടെയും എണ്ണം കൂടുതലായി കാണുന്നുണ്ട്. സ്‌കൂള്‍ തുറന്ന സാഹചര്യത്തില്‍ എല്ലാ കുട്ടികള്‍ക്കും വാക്സിനെടുക്കാനുള്ള നടപടികള്‍ വിദ്യാഭ്യാസ വകുപ്പുമായി ആലോചിച്ച് നടപ്പിലാക്കുന്നതാണ്. കിടപ്പ് രോഗികള്‍, വയോജനങ്ങള്‍ എന്നിവരെ സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കേണ്ടതുണ്ട്. വിപുലമായ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്താനും മന്ത്രി യോഗത്തില്‍ നിര്‍ദേശിച്ചു.
സംസ്ഥാനത്തെ കൊവിഡ് സ്ഥിതി മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അവലോകനം ചെയ്തു. എറണാകുളം, തിരുവനന്തപുരം, കോട്ടയം ജില്ലകളിലാണ് കൊവിഡ് കേസുകള്‍ കൂടുതലായി കണ്ടെത്തിയിട്ടുള്ളത്. ഈ ജില്ലകള്‍ കൊവിഡ് പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. രോഗ ക്ഷണങ്ങളുള്ളവര്‍ പരിശോധന നടത്തണം. വാക്സിനേഷന്റെ പുരോഗതിയും ചര്‍ച്ച ചെയ്തു. അനുബന്ധ രോഗങ്ങളുള്ളവര്‍ക്ക് കൊവിഡ് രോഗ ലക്ഷണങ്ങളുണ്ടെങ്കില്‍ ഉടന്‍ തന്നെ പരിശോധന നടത്തി ചികിത്സ തേടേണ്ടതാണെന്നും മന്ത്രി വീണ ജോര്‍ജ് പറഞ്ഞു.