Connect with us

Editorial

സുതാര്യമാകണം കോടതി നടപടികള്‍

രേഖകള്‍ രഹസ്യമാക്കുന്നത് ജുഡീഷ്യറിയില്‍ അതാര്യവും രഹസ്യാത്മകവുമായ ഒരു സംസ്‌കാരം വളര്‍ന്നു വരാന്‍ ഇടയാക്കുന്നു. കോടതി നടപടികള്‍ ന്യായമാണെന്ന് ജുഡീഷ്യറിക്കകത്തുള്ളവര്‍ക്ക് മാത്രമല്ല പൊതുസമൂഹത്തിനും ബോധ്യപ്പെടേണ്ടതുണ്ട്. അല്ലെങ്കില്‍ ജുഡീഷ്യറിയെക്കുറിച്ചുള്ള വിശ്വാസവും മതിപ്പും നഷ്ടമാകും.

Published

|

Last Updated

സര്‍ക്കാര്‍ രേഖകള്‍ മുദ്രവെച്ച കവറില്‍ സമര്‍പ്പിക്കുന്നതിനെതിരെ സുപ്രീം കോടതിയില്‍ നിന്ന് വീണ്ടും വിമര്‍ശം. തങ്ങള്‍ക്കെതിരായ ആരോപണങ്ങള്‍ എന്താണെന്നറിയാനുള്ള ഹരജിക്കാരുടെ അവകാശം ഹനിക്കുന്നതാണ് മുദ്രവെച്ച കവര്‍ സമ്പ്രദായം. ഇത് സാമാന്യ നീതി തത്ത്വങ്ങള്‍ക്ക് നിരക്കുന്നതല്ലെന്ന് മീഡിയാ വണ്‍ ചാനലിന്റെ വിലക്ക് നീക്കിക്കൊണ്ടുള്ള വിധിപ്രസ്താവത്തിനിടെ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു. രണ്ടാഴ്ച മുമ്പ് “ഒരു റാങ്ക്, ഒരു പെന്‍ഷന്‍’ കേസിലും ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബഞ്ച് മുദ്രവെച്ച കവര്‍ രീതി ജുഡീഷ്യല്‍ നടപടികളുടെ മൗലിക തത്ത്വങ്ങള്‍ക്കെതിരാണെന്ന് ചൂണ്ടിക്കാട്ടുകയും ഈ സമ്പ്രദായം അവസാനിപ്പിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന് പറയുകയും ചെയ്തിരുന്നു.

വിരമിച്ച സൈനികര്‍ക്ക് കുടിശ്ശിക നല്‍കുന്നതുമായി ബന്ധപ്പെട്ട കേന്ദ്ര സര്‍ക്കാര്‍ വിശദീകരണം അറ്റോര്‍ണി ജനറല്‍ മുദ്ര വെച്ച കവറില്‍ സമര്‍പ്പിക്കാന്‍ ശ്രമിച്ചപ്പോഴാണ് അന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് നിലപാട് വ്യക്തമാക്കിയത്. അറ്റോര്‍ണി ജനറല്‍ കൈമാറിയ മുദ്ര വെച്ച കവര്‍ സ്വീകരിക്കാന്‍ വിസമ്മതിക്കുകയും എതിര്‍ കക്ഷികളായ വിമുക്ത ഭടന്മാരുടെ അഭിഭാഷകന് കൂടി രേഖകള്‍ കൈമാറാന്‍ നിര്‍ദേശിക്കുകയും ചെയ്തു ജസ്റ്റിസ് ചന്ദ്രചൂഡ്. രഹസ്യ സ്വഭാവമുള്ളവയാണ് രേഖകളെന്ന് അറ്റോര്‍ണി ജനറല്‍ പറഞ്ഞപ്പോള്‍ കോടതിക്കാര്യത്തില്‍ എന്ത് രഹസ്യ സ്വഭാവമെന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ മറുചോദ്യം. ആരുടെയെങ്കിലും ജീവന്‍ അപായത്തിലാകാന്‍ സാധ്യതയുള്ളപ്പോഴും എന്തെങ്കിലും സ്രോതസ്സ് വെളിപ്പെടുത്തേണ്ടി വരുന്ന ഘട്ടത്തിലും മാത്രമേ ഈ രീതി അവലംബിക്കാവൂ എന്നും അദ്ദേഹം പറഞ്ഞു.

അദാനിയുമായി ബന്ധപ്പെട്ട ഹിന്‍ഡന്‍ബര്‍ഗ് റിപോര്‍ട്ടിനെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജികള്‍ പരിഗണിക്കുന്നതിനിടെ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കൈമാറാന്‍ ശ്രമിച്ച മുദ്രവെച്ച കവര്‍ സ്വീകരിക്കാനും ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ച് വിസമ്മതിച്ചിരുന്നു. എല്ലാം സുതാര്യമായിരിക്കണം. അതുകൊണ്ടാണ് രഹസ്യ സ്വഭാവത്തിലുള്ള കവര്‍ സ്വീകരിക്കാത്തതെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ബിഹാര്‍ സര്‍ക്കാറുമായി ബന്ധപ്പെട്ട ഒരു കേസില്‍ അന്നത്തെ ചീഫ് ജസ്റ്റിസ് രമണയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബഞ്ചും ഇതേ നിലപാടാണ് സ്വീകരിച്ചത്. “എല്ലാ വാദമുഖങ്ങളും തുറന്ന കോടതിയില്‍ അവതരിപ്പിക്കാനാണ് തങ്ങള്‍ക്ക് താത്പര്യം. ദയവു ചെയ്ത് സീല്‍ ചെയ്ത കവറുകള്‍ നല്‍കരുത്. ഞങ്ങള്‍ അത് സ്വീകരിക്കില്ല’- പാറ്റ്‌ന ഹൈക്കോടതി അഭിഭാഷകനോട് ജസ്റ്റിസ് രമണ പറഞ്ഞു.

കാലങ്ങളായി കോടതികളില്‍ നിലവിലുള്ളതാണ് സര്‍ക്കാര്‍ രേഖകള്‍ മുദ്രവെച്ച കവറുകളില്‍ നല്‍കുന്ന സമ്പ്രദായം. റാഫേല്‍ വിമാന ഇടപാട് കേസില്‍ സര്‍ക്കാര്‍ രേഖകള്‍ മുദ്രവെച്ച കവറിലാണ് നല്‍കിയിരുന്നത്. ഭീമാ-കൊറേഗാവ് സംഘര്‍ഷത്തില്‍ ആക്ടിവിസ്റ്റുകള്‍ അറസ്റ്റിലായ കേസില്‍ മഹാരാഷ്ട്ര പോലീസും മുദ്രവെച്ച കവറിലാണ് രേഖകള്‍ സമര്‍പ്പിച്ചത്. അസമിലെ പൗരത്വ പട്ടികയില്‍ നിന്ന് 19 ലക്ഷം പേരെ സര്‍ക്കാര്‍ ഒഴിവാക്കിയ കേസില്‍ വിശദാംശങ്ങള്‍ മുദ്രവെച്ച കവറില്‍ നല്‍കണമെന്ന് എന്‍ ആര്‍ സി കോ-ഓര്‍ഡിനേറ്ററോട് സുപ്രീംകോടതി തന്നെ ആവശ്യപ്പെട്ടിരുന്നു. പ്രസ്തുത രേഖകള്‍ പരിശോധിക്കാന്‍ സര്‍ക്കാറിനെയോ ബാധിത കക്ഷികളെയോ കോടതി അനുവദിച്ചതുമില്ല. മുന്‍ സി ബി ഐ ഡയറക്ടര്‍ അലോക് വര്‍മക്കെതിരായ അഴിമതിക്കേസിലും റിപോര്‍ട്ട് മുദ്രവെച്ച കവറില്‍ നല്‍കണമെന്ന് കേന്ദ്ര വിജിലന്‍സ് കമ്മീഷനോട് കോടതി നിര്‍ദേശിക്കുകയുണ്ടായി. സി ബി ഐയില്‍ പൊതുജന വിശ്വാസം നിലനിര്‍ത്താന്‍ രേഖകള്‍ രഹസ്യമാക്കേണ്ടതുണ്ടെന്ന നിലപാടാണ് അന്ന് കോടതി സ്വീകരിച്ചത്. ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി ചീഫ് ജസ്റ്റിസ് ആയിരുന്ന കാലത്താണ് മുദ്രവെച്ച കവര്‍ സമ്പ്രദായം സുപ്രീം കോടതിയില്‍ കൂടുതലായി കാണപ്പെട്ടത്. പദവിയില്‍ നിന്ന് വിരമിച്ചപ്പോള്‍ അദ്ദേഹം രാജ്യസഭാംഗമായി നോമിനേറ്റ് ചെയ്യപ്പെടുകയുമുണ്ടായി.

അന്വേഷണം പൂര്‍ത്തിയാകാത്ത ഒരു കേസിലോ, വ്യക്തിപരമോ രഹസ്യാത്മകമോ ആയ വിവരങ്ങള്‍ തേടുമ്പോഴോ സമര്‍പ്പിക്കപ്പെടുന്ന വിവരങ്ങള്‍ രഹസ്യമാക്കേണ്ടി വന്നേക്കാം. അന്വേഷണം നടന്നുകൊണ്ടിരിക്കുന്ന കേസുകളില്‍ വിവരങ്ങള്‍ പുറത്തു വരുന്നത് തുടര്‍ അന്വേഷണത്തെ പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുണ്ട്. വ്യക്തിപരമോ രഹസ്യാത്മകമോ ആയ വിവരങ്ങള്‍ പരസ്യമാക്കുന്നത് വ്യക്തിയുടെ മൗലികാവകാശമായ സ്വകാര്യതയുടെ ലംഘനവുമായിത്തീരും. ഇത്തരം ഘട്ടങ്ങളില്‍ വിവരങ്ങള്‍ മുദ്ര വെച്ച കവറില്‍ സമര്‍പ്പിക്കുന്നത് ന്യായീകരിക്കാവുന്നതാണ്. ഇത്തരം പ്രത്യേക സാഹചര്യങ്ങളിലല്ലാതെ വിവരങ്ങള്‍ രഹസ്യമാക്കണമെന്ന് ശഠിക്കുന്നത് ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡും എന്‍ വിരമണയും ചൂണ്ടിക്കാട്ടിയതു പോലെ സുതാര്യമായ നീതിന്യായ വ്യവസ്ഥയെന്ന സങ്കല്‍പ്പത്തിനും ആശയത്തിനും ചേരുന്നതല്ല. തങ്ങള്‍ പുറപ്പെടുവിക്കുന്ന ഉത്തരവുകളുടെയും വിധികളുടെയും കാരണങ്ങള്‍ ബോധ്യപ്പെടുത്താന്‍ കോടതികള്‍ ബാധ്യസ്ഥമാണ്. അവ വെളിപ്പെടുത്താതിരിക്കുന്നത് ജുഡീഷ്യല്‍ തീരുമാനങ്ങളില്‍ ഏകപക്ഷീയതക്കും ഫാസിസ സ്വഭാവം കൈവരാനും ഇടയാക്കും. നേരത്തേ സുപ്രീം കോടതി മുദ്രവെച്ച കവറുകള്‍ സ്വീകരിച്ചതിനെതിരെ നിയമ മേഖലയില്‍ നിന്ന് തന്നെ വ്യാപക വിമര്‍ശം ഉയര്‍ന്നിരുന്നു.

ഒരു കേസില്‍ തനിക്കെതിരെ ഉന്നയിക്കപ്പെടുന്ന ആരോപണങ്ങളും തെളിവുകളും അറിയാന്‍ കക്ഷിക്ക് അവകാശമുണ്ട്. എങ്കില്‍ മാത്രമേ തന്റെ ഭാഗം ഫലപ്രദമായി അവതരിപ്പിക്കാനും മറുഭാഗത്തിന്റെ വാദഗതികളെ പ്രതിരോധിക്കാനും സാധിക്കുകയുള്ളൂ. മാത്രമല്ല, രേഖകള്‍ രഹസ്യമാക്കുന്നത് ജുഡീഷ്യറിയില്‍ അതാര്യവും രഹസ്യാത്മകവുമായ ഒരു സംസ്‌കാരം വളര്‍ന്നു വരാനും ഇടയാക്കുന്നു. കോടതി നടപടികള്‍ ന്യായമാണെന്ന് ജുഡീഷ്യറിക്കകത്തുള്ളവര്‍ക്ക് മാത്രമല്ല പൊതുസമൂഹത്തിനും ബോധ്യപ്പെടേണ്ടതുണ്ട്. അല്ലെങ്കില്‍ ജുഡീഷ്യറിയെക്കുറിച്ചുള്ള വിശ്വാസവും മതിപ്പും നഷ്ടമാകും.