Connect with us

Ongoing News

മാലിദ്വീപിന്റെ ടൂറിസം വികസനത്തിന് പുത്തനുണര്‍വ്; ഫുതൂഹ് ടൂര്‍സ് ധാരണാപത്രം ഒപ്പുവച്ചു

മാലിദ്വീപില്‍ നിന്നുള്ളവര്‍ക്ക് ഇന്ത്യയില്‍ ചികിത്സയും വിദ്യാഭ്യാസവും ഉറപ്പാക്കാന്‍ നോളജ് സിറ്റിയുമായി സഹകരിക്കും.

Published

|

Last Updated

മാലെ | മാലിദ്വീപ് ടൂറിസം മേഖലയുടെ വളര്‍ച്ചയ്ക്ക് പുത്തനുണര്‍വ് നല്‍കാനായി മാലിദ്വീപ് ടൂറിസം വകുപ്പുമായി ഫുതൂഹ് ഇന്റര്‍നാഷണല്‍ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് ധാരണാപത്രം ഒപ്പുവച്ചു. മാലിദ്വീപിന്റെ ടൂറിസം മന്ത്രി അഷ്ഹദ് സഈദുമായി ഫുതൂഹ് ഇന്റര്‍നാഷണല്‍ സി ഇ ഒ. അഡ്വ. മുഹമ്മദ് ശംവീല്‍ നൂറാനി മാലെയിലെ ടൂറിസം മന്ത്രാലയത്തില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് മാലിദ്വീപിന്റെ ടൂറിസം പ്രോത്സാഹനത്തിനും പരസ്പര സഹകരണത്തിനുമുള്ള ധാരണാപത്രത്തില്‍ ഒപ്പിട്ടത്. ഇത് ഇരു രാജ്യങ്ങള്‍ക്കും ടൂറിസം മേഖലയില്‍ കൂടുതല്‍ അവസരങ്ങള്‍ തുറക്കുന്നതാണ്.

ഇന്ത്യയില്‍ നിന്നും മറ്റും കൂടുതല്‍ സഞ്ചാരികളെ മാലിദ്വീപിലേക്ക് ആകര്‍ഷിക്കുക എന്നതാണ് ധാരണാപത്രത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. ഇതിനായി, ഫുതൂഹ് ഇന്റര്‍നാഷണല്‍ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് വിവിധ ടൂറിസം പാക്കേജുകളും പ്രചാരണ പരിപാടികളും ആസൂത്രണം ചെയ്യുന്നുണ്ട്. കൂടാതെ, മാലിദ്വീപുകാര്‍ക്ക് ഇന്ത്യയിലെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ചികിത്സാ കേന്ദ്രങ്ങളിലും പ്രവേശനം ലഭ്യമാക്കുന്നതിനുള്ള സഹകരണത്തിനും കൂടിക്കാഴ്ചയില്‍ ധാരണയായി.

പദ്ധതിയുടെ ഭാഗമായി മര്‍കസ് നോളജ് സിറ്റിയുമായി മാലിദ്വീപ് സര്‍ക്കാര്‍ സംവിധാനങ്ങളും സഹകരിക്കുന്നുണ്ട്. ഉന്നത നിലവാരത്തിലുള്ള വിദ്യാഭ്യാസം, ആരോഗ്യ പരിപാലനം എന്നിവ മര്‍കസ് നോളജ് സിറ്റിയിലൂടെ മാലിദ്വീപിലെ പൗരന്മാര്‍ക്ക് ലഭ്യമാക്കാന്‍ ഇത് സഹായിക്കും.

മാലിദ്വീപിന്റെ ടൂറിസം പ്രോത്സാഹനത്തിനായി ഔദ്യോഗികമായി ക്ഷണിക്കപ്പെട്ട ആദ്യത്തെ ഇന്ത്യന്‍ ട്രാവല്‍ ഏജന്‍സിയാണ് ഫുതൂഹ് ഇന്റര്‍നാഷണല്‍ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ്. ഈ പുതിയ നീക്കം ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദ ബന്ധം ശക്തിപ്പെടുത്തുകയും പരസ്പര സഹകരണത്തിന്റെ പുതിയ മേഖലകള്‍ തുറക്കുകയും ചെയ്യുമെന്ന് അധികൃതര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.

മാലിദ്വീപ് ടൂറിസം മന്ത്രി അഷ്ഹദ് സഈദും ഫുതൂഹ് ഇന്റര്‍നാഷണല്‍ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് സി ഇ ഒ. അഡ്വ. മുഹമ്മദ് ശംവീല്‍ നൂറാനിയും ധാരണാപത്രം കൈമാറുന്നു.

 

Latest