Connect with us

Uae

ദുബൈ എയർ ഷോ തുടങ്ങി

ഈ വർഷത്തെ എയർ ഷോയിൽ 115 രാജ്യങ്ങളിൽ നിന്നായി 1,500-ലധികം പ്രദർശകരും 200-ലധികം വിമാനങ്ങളും പങ്കെടുക്കുന്നു.

Published

|

Last Updated

ദുബൈ|ദുബൈ എയർ ഷോ 19-ാമത് എഡിഷൻ ദുബൈ വേൾഡ് സെൻട്രലിൽ ആരംഭിച്ചു. ഈ വർഷത്തെ എയർ ഷോയിൽ 115 രാജ്യങ്ങളിൽ നിന്നായി 1,500-ലധികം പ്രദർശകരും 200-ലധികം വിമാനങ്ങളും പങ്കെടുക്കുന്നു. നവംബർ 21 വരെയുള്ള പരിപാടിയിൽ 150,000 സന്ദർശകരെയാണ് പ്രതീക്ഷിക്കുന്നത്. സുപ്രധാന പ്രഖ്യാപനങ്ങൾക്കാണ് ഷോ വേദിയാവുന്നത്. ആദ്യദിനത്തിൽ തന്നെ യു എ ഇ നേതാക്കൾ പ്രദർശനത്തിനെത്തിയതും ശ്രദ്ധേയമായി.
വിമാനങ്ങളുടെ വർണാഭവും അവിശ്വസനീയവുമായ പ്രകടനങ്ങൾക്കും ദുബൈ സൗത്ത് വേദിയാവുകയാണ്. എമിറേറ്റ്‌സ് എയർലൈൻസ് 2025 അവസാനത്തോടെ ബോയിംഗ് 777 വ്യാപ്തി വർധിപ്പിക്കും. ബോയിംഗ് 777 എയർബസ് എ380 വിമാനങ്ങളിൽ സൗജന്യ സ്റ്റാർലിങ്ക് വൈ-ഫൈ ലഭ്യമാക്കും. ജോബി ഏവിയേഷൻ 2026-ഓടെ ദുബൈയിൽ എയർ ടാക്‌സി സേവനങ്ങൾ വികസിപ്പിക്കുന്നതിൽ മുന്നേറുകയാണ്.
പാകിസ്താൻ ജെ എഫ്-17 തണ്ടർ പോർവിമാനം പ്രദർശിപ്പിച്ചപ്പോൾ, ഇന്ത്യ തേജസ് ജെറ്റുകളും ഡി ആർ ഡി ഒയുടെ നൂതന കണ്ടുപിടിത്തങ്ങളും അവതരിപ്പിച്ചു. യു എ ഇ-യുടെ എഡ്ജ് ഗ്രൂപ്പ്, ആളില്ലാ സംവിധാനങ്ങൾക്കും സുസ്ഥിര വ്യോമയാനത്തിനും ഊന്നൽ നൽകി ജെനിയ യു സി എ വി പുറത്തിറക്കി.
ചരിത്രത്തിലാദ്യമായി ഷോയിൽ ഇലക്ട്രിക് ലംബമായ ടേക്ക് ഓഫ്, ലാൻഡിംഗ് വിമാനങ്ങളുടെ പറക്കലിന് സാക്ഷ്യംവഹിച്ചു. വ്യോമയാനത്തിന്റെയും എയർ മൊബിലിറ്റി പരിഹാരങ്ങളുടെയും ഭാവി പ്രദർശിപ്പിക്കുന്നതിനുള്ള ഒരു ആഗോള വേദിയാണ് ഇത്.
നേതാക്കൾ എത്തി; വിമാനങ്ങളും ഉപകരണങ്ങളും വീക്ഷിച്ചു
യു എ ഇ പ്രസിഡന്റ്ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്്യാൻ ദുബൈ എയർ ഷോയുടെ ആദ്യ ദിനത്തിൽ എത്തിച്ചേർന്നു. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂമും നേരത്തെ തന്നെ എത്തിച്ചേർന്നു. ഏറ്റവും പുതിയ ഉത്പന്നങ്ങൾ, സേവനങ്ങൾ, അത്യാധുനിക സാങ്കേതികവിദ്യകൾ എന്നിവ ഇരുവരും വിലയിരുത്തി.
ഏറ്റവും പുതിയ മോഡലുകളും സാങ്കേതികവിദ്യകളും പ്രദർശിപ്പിച്ചിരുന്ന സ്റ്റാറ്റിക് ഡിസ്പ്ലേ ഏരിയകളിലാണ് ഭരണാധികാരികൾ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത്. പ്രധാന സവിശേഷതകളെയും കഴിവുകളെയും കുറിച്ച് വിശദീകരണങ്ങൾ നൽകി. പങ്കെടുക്കുന്ന നിർമാതാക്കളും പ്രതിരോധ സംഘടനകളുമായും ആശയവിനിമയവും നടത്തി.
ദുബൈ കിരീടാവകാശിയും യു എ ഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂമും അബൂദബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്്യാനും പ്രദർശനത്തിൽ പങ്കെടുത്തു. അർമേനിയയിലെയും മോണ്ടിനെഗ്രോയിലെയും പ്രതിരോധ മന്ത്രിമാരുമായി ശൈഖ് ഹംദാൻ കൂടിക്കാഴ്ച നടത്തി. ഇമാറാത്തിന്റെ കഴിവുകളും യുവജനങ്ങളുടെ പ്രതിഭാത്വവും പ്രകടമാക്കുന്ന കാലിഡസ് ബി-250 പോലുള്ള ലൈറ്റ് മൾട്ടിറോൾ വിമാനങ്ങൾ ഉൾപ്പെടെയുള്ള ഇമാറാത്തിന്റെ നൂതന കണ്ടെത്തലുകൾ പരിശോധിച്ചതായും ശൈഖ് ഹംദാൻ കൂട്ടിച്ചേർത്തു.
ഫ്ലൈ ദുബൈ നവീന എൻജിനുകൾക്ക് ഓർഡർ നൽകി
ദുബൈയുടെ രണ്ടാമത്തെ കാരിയറായ ഫ്‌ലൈദുബൈ, 60 GEnx-1B എൻജിനുകൾക്ക് ഓർഡർ നൽകി. 30 ബോയിംഗ് 787-9 വിമാനങ്ങൾക്കായുള്ളതാണ് ഈ ഓർഡർ. യു എസ് ഭീമൻ കമ്പനിയായ ജി ഇ എയ്റോസ്പേസുമായിട്ടാണ് കരാർ ഒപ്പിട്ടത്. കരാർ തുക വെളിപ്പെടുത്തിയിട്ടില്ല. ദീർഘകാല സേവന കരാറും ഇതിൽ ഉൾപ്പെടുന്നു.
പ്രവർത്തനങ്ങളുടെയും ഫ്ലീറ്റ് വിപുലീകരണ പദ്ധതികളുടെയും വിജയത്തിൽ എൻജിനുകളുടെ പ്രകടനവും ഈടുനിൽപ്പും ഒരു പ്രധാന പങ്ക് ആണെന്ന് ഫ്ലൈ ദുബൈ സി ഇ ഒ ഗയ്ത്ത് അൽ ഗയ്ത്ത് പറഞ്ഞു. വരും വർഷങ്ങളിൽ ബോയിംഗ് 787 വിമാനങ്ങളെ ഞങ്ങളുടെ ഫ്ലീറ്റിലേക്ക് സ്വാഗതം ചെയ്യാൻ ഒരുങ്ങുന്നതിനാലും ഇത് പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജി ഇഎൻ എക്‌സ് എൻജിനുകൾ വിശ്വസനീയവും കാര്യക്ഷമവും ഈടുനിൽക്കുന്നതുമായ സേവനം നൽകി എയർലൈനിന്റെ ആദ്യത്തെ വൈഡ് ബോഡി ഫ്ലീറ്റിന് ഊർജം നൽകുമെന്ന് ജി ഇ എയ്റോസ്പേസ് പ്രസിഡന്റും സി ഇ ഒയുമായ റസ്സൽ സ്റ്റോക്‌സ് പറഞ്ഞു.
എയർ ചീഫ്‌സ് കോൺഫറൻസിൽ 100 അന്താരാഷ്ട്ര പ്രതിനിധികൾ
ലോകമെമ്പാടുമുള്ള 100-ലധികം ഔദ്യോഗിക പ്രതിനിധികൾ പങ്കെടുത്ത 12-ാമത് ദുബൈ ഇന്റർനാഷണൽ എയർ ചീഫ്‌സ് കോൺഫറൻസ് ദുബൈയിൽ നടന്നു. ദുബൈ എയർ ഷോയുടെ മുന്നോടിയായി പ്രതിരോധ മന്ത്രാലയം അറ്റ്‌ലാന്റിസ്, ദി പാം ഹോട്ടലിലാണ് ഒരു ദിവസത്തെ സമ്മേളനം ഒരുക്കിയത്. പ്രതിരോധ സഹമന്ത്രി മുഹമ്മദ് ബിൻ മുബാറക് ബിൻ ഫാദിൽ അൽ മസ്റൂഇ ഉദ്ഘാടനം ചെയ്തു. ബഹിരാകാശ ഏജൻസി ഡയറക്ടർ ബോർഡ് ചെയർമാനും കായിക മന്ത്രിയുമായ ഡോ. അഹ്‌മദ് ബിൽഹൂൽ അൽ ഫലാസി, പ്രതിരോധ മന്ത്രാലയത്തിന്റെ അണ്ടർസെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ ഇബ്റാഹിം നാസർ അൽ അലവി, വ്യോമസേനയുടെയും വ്യോമ പ്രതിരോധത്തിന്റെയും കമാൻഡർ മേജർ ജനറൽ റാശിദ് മുഹമ്മദ് അൽ ശംസി എന്നിവർ പങ്കെടുത്തു.
പ്രതിരോധത്തിലും സാങ്കേതിക പങ്കാളിത്തത്തിലും ഗണ്യമായ നിക്ഷേപം നടത്തുകയും നൂതന പ്രതിരോധ നിർമാണത്തിനുള്ള ഒരു പ്രാദേശിക കേന്ദ്രമെന്ന രാജ്യത്തിന്റെ സ്ഥാനത്തെ പിന്തുണക്കുകയും ചെയ്യുന്നതാണ് പരിപാടി. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ആഗോള സാഹചര്യത്തിന്റെ വെളിച്ചത്തിൽ വ്യോമ പ്രതിരോധത്തിന്റെ ഭാവിയെക്കുറിച്ചുള്ള തന്ത്രപരമായ സംഭാഷണങ്ങളും കാഴ്ചപ്പാടുകളും കൈമാറുന്നതിൽ ഈ സമ്മേളനം പ്രാധാനമാണ്.

Latest