Uae
ഷാർജ; പുസ്തക മേളക്കെത്തിയത് 14 ലക്ഷം പേർ
ലോകത്തിലെ ഏറ്റവും വലിയ പ്രസിദ്ധീകരണ, അവകാശ വിപണിയായി തുടർച്ചയായ അഞ്ചാം വർഷവും മേള മാറി.
ഷാർജ| രാജ്യാന്തര പുസ്തകമേളയുടെ 44-ാമത് പതിപ്പിന് എത്തിയത് 206 രാജ്യങ്ങളിൽ നിന്ന് 14 ലക്ഷത്തിലധികം പേർ. ലോകത്തിലെ ഏറ്റവും വലിയ പ്രസിദ്ധീകരണ, അവകാശ വിപണിയായി തുടർച്ചയായ അഞ്ചാം വർഷവും മേള മാറി. ആഗോള വായനക്കാരുടെയും വ്യവസായ പ്രമുഖരുടെയും റെക്കോർഡ് പങ്കാളിത്തത്തോടെയാണിത്. 12 ദിവസമാണ് നീണ്ടു നിന്നത്. 3,321 പ്രസിദ്ധീകരണ അവകാശ മീറ്റിംഗുകൾക്ക് ആതിഥ്യം വഹിച്ചു. 118 രാജ്യങ്ങളിൽ നിന്ന് 2,350 പ്രസാധകർ പങ്കെടുത്തു. 1,599 പ്രസാധകർ അവകാശ പരിപാടിയിൽ ചേർന്നു. സന്ദർശക സംതൃപ്തി 96.3 ശതമാനം ആയിരുന്നു.
പ്രദർശകരിൽ 90.91 ശതമാനം, പ്രസാധക സമ്മേളനത്തിൽ പങ്കെടുത്തവരിൽ 97.14 ശതമാനം സംതൃപ്തി കണ്ടു. 206 രാജ്യങ്ങളിൽ നിന്നുള്ള 1,400,730 സന്ദർശകരെ ആകർഷിച്ചുവെന്നാണ് കണക്ക്. സംസ്‌കാരം, പുസ്തകങ്ങൾ, വ്യവസായ വിനിമയം എന്നിവയ്ക്കുള്ള ഒരു പ്രധാന ആഗോള കേന്ദ്രമെന്ന നിലയിൽ ഷാർജയുടെ പദവി ശക്തിപ്പെടുത്തി. “നിങ്ങൾക്കും ഒരു പുസ്തകത്തിനും ഇടയിൽ’ എന്ന പ്രമേയത്തിലായിരുന്നു മേള. ലോകത്തിലെ മറ്റൊരിടത്തും ഇല്ലാത്ത അവകാശ-വ്യാപാര അന്തരീക്ഷമുള്ള അന്താരാഷ്ട്രതലത്തിൽ വൈവിധ്യമാർന്ന പതിപ്പുകളിൽ ഒന്നായിരുന്നു മേള. 29 ശതമാനം 35-44 പ്രായമുള്ളവരായിരുന്നു. 25-34 വയസുള്ളവരിൽ 28 ശതമാനം പേർ പങ്കെടുത്തു.
അതേസമയം 125,890 ൽ അധികം സ്‌കൂൾ വിദ്യാർഥികൾ സമർപ്പിത വിദ്യാഭ്യാസ, സാഹിത്യ, സാംസ്‌കാരിക പ്രവർത്തനങ്ങളിൽ പങ്കെടുത്തു. അൽ ഖസ്ബയിൽ നിന്നും ഷാർജ അക്വേറിയത്തിൽ നിന്നുമുള്ള ജല ഗതാഗതം ഉപയോഗിച്ച് ആകെ 87,674 സന്ദർശകർ എത്തി. സംതൃപ്തി നിരക്കുകൾ ഉയർന്ന നിലയിൽ തുടർന്നു.



