Editorial
വിദ്യാര്‍ഥികളുടെ സുരക്ഷാപ്രശ്‌നത്തിലെ കോടതി ഇടപെടല്‍
സുരക്ഷിതമല്ലാത്ത പഠനാന്തരീക്ഷം വിദ്യാര്‍ഥികളുടെ ശാരീരികാരോഗ്യത്തെ മാത്രമല്ല, മാനസികാരോഗ്യത്തെയും തകരാറിലാക്കുകയും അത് അക്കാദമിക് പ്രകടനത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യും

പ രിഹരിക്കപ്പെടാത്ത പ്രശ്‌നമായി അവശേഷിക്കുകയാണ് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ സുരക്ഷ. സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങളുടെ കുറവ്, ലഹരി ഉപയോഗം, ലൈംഗികാതിക്രമം, മനുഷ്യക്കടത്ത് ഭീഷണി, വെള്ളക്കെട്ടുകളില്‍ വീണുള്ള മരണങ്ങള്‍, വാഹന യാത്രയിലെ പ്രശ്നങ്ങള്‍, പരിസര ശുചിത്വമില്ലായ്മ തുടങ്ങി പലവിധ സുരക്ഷാ പ്രശ്‌നങ്ങളും നേരിടുന്നുണ്ട് സ്‌കൂള്‍ വിദ്യാര്‍ഥികള്‍. നാളെയുടെ വാഗ്ദാനങ്ങളാണ് ഈ കൗമാര- യൗവനങ്ങള്‍. രാഷ്ട്രത്തിനും സമൂഹത്തിനും മുതൽക്കൂട്ടാകണമെങ്കില്‍ ഇവര്‍ക്ക് സുരക്ഷിതായ അന്തരീക്ഷത്തില്‍ പഠിക്കാനുള്ള സാഹചര്യം സൃഷ്ടിക്കേണ്ടതുണ്ട്. സുര ക്ഷിതമല്ലാത്ത പഠനാന്തരീക്ഷം വിദ്യാര്‍ഥികളുടെ ശാരീരികാരോഗ്യത്തെ മാത്രമല്ല, മാനസികാരോഗ്യത്തെയും തകരാറിലാക്കുകയും അത് അക്കാദമിക് പ്രകടനത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യും.
വിദ്യാര്‍ഥികളുടെ സുരക്ഷക്ക് സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ പ്രഖ്യാപിക്കുകയും മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്യുന്നുണ്ട്. അവ വേണ്ടത്ര ഫലവത്താകുന്നില്ലെന്ന പരാതി വ്യാപകമാണ്. പല രക്ഷിതാക്കളും ആശങ്കയോടെയാണ് കുട്ടികളെ സ്‌കൂളിലയക്കുന്നത്. ഈ സാഹചര്യത്തിലാണ് കേരള ഹൈക്കോടതി പ്രശ്‌നത്തില്‍ ഇടപെടുകയും സ്‌കൂള്‍ വിദ്യാര്‍ഥികളുടെ സുരക്ഷക്ക് സമഗ്ര മാര്‍ഗനിര്‍ദേശങ്ങള്‍ സ്വരൂപിക്കുന്നതിനായി ഉന്നതതല യോഗം വിളിച്ചുചേര്‍ക്കാന്‍ സംസ്ഥാന ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെടുകയും ചെയ്തത്. വിദ്യാഭ്യാസ, ആരോഗ്യ, തദ്ദേശ, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് ശിപാര്‍ശകള്‍ നല്‍കാനും ഈ മാസം 28ന് മുമ്പായി മാര്‍ഗരേഖയുടെ കരട് കോടതിക്ക് സമര്‍പ്പിക്കാനുമാണ് ചീഫ് ജസ്റ്റിസ് നിതിന്‍ ജംദാര്‍, ജസ്റ്റിസ് ശോഭ അന്നമ്മ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവ്. വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ സ്‌കൂളില്‍ വിദ്യാര്‍ഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ സ്വമേധയാ എടുത്ത കേസിന്റെയും സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട മറ്റൊരു ഹരജിയുടെയും പരിഗണനക്കിടെയാണ് കോടതി വെള്ളിയാഴ്ച ഈ ഉത്തരവ് പുറപ്പെടുവിച്ചത്.
സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്ക് എന്തെങ്കിലും അപകടങ്ങളോ അത്യാഹിതങ്ങളോ സംഭവിക്കുമ്പോള്‍ അധികൃതര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുകയും പ്രഖ്യാപനങ്ങള്‍ നടത്തുകയും ചെയ്യും. പ്രശ്‌നം ആറിത്തണുക്കുന്നതോടെ അത് വിസ്മരിക്കും. ഇതാണ് പൊതുവേ അവസ്ഥ. സുല്‍ത്താന്‍ ബത്തേരിയില്‍ വിദ്യാര്‍ഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ ഇനി അത്തരം ദുരന്തങ്ങളുണ്ടാകാതിരിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കിയതാണ്. പിന്നെയും പാമ്പു കടിയേല്‍ക്കേണ്ട ദുര്യോഗമുണ്ടായി പല വിദ്യാര്‍ഥികള്‍ക്കും. തിരുവനന്തപുരം നെയ്യാറ്റിന്‍കര യു പി സ്‌കൂളിലെ ഒരു വിദ്യാര്‍ഥിനിക്ക് കഴിഞ്ഞ ഡിസംബറില്‍ ക്രിസ്മസ് ആഘോഷവേളയില്‍ ക്ലാസ്സ്് മുറിയില്‍ നിന്ന് പാമ്പുകടിയേറ്റു. കഴിഞ്ഞ ഓണാഘോഷ വേളയില്‍ കാസര്‍കോട് നീലേശ്വരം സ്‌കൂളില്‍ ഒരു അധ്യാപികക്കും പാമ്പുകടിയേറ്റു. മൂന്ന് മാസം മുമ്പ് ഒറ്റപ്പാലം വാണിയംകുളത്ത് ഹൈസ്‌കൂളിന്റെ ചുറ്റുമതിലിലെ മാളത്തില്‍ നിന്ന് ഉഗ്രവിഷമുള്ള 28 പാമ്പുകളെയാണ് പിടികൂടിയത്.
സ്‌കൂളുകളിലും സ്‌കൂളുകളിലേക്കുള്ള യാത്രാമധ്യേയും വിദ്യാര്‍ഥികള്‍ ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയാകുന്ന സംഭവങ്ങളും അടിക്കടി റിപോര്‍ട്ട് ചെയ്യപ്പെടാറുണ്ട്. കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ സ്‌കൂള്‍ വാന്‍ യാത്രക്കിടെ വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതിന് വാന്‍ ഡ്രൈവര്‍ അറസ്റ്റിലായത് രണ്ടാഴ്ച മുമ്പാണ്. പ്ലസ് ടു വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ കുന്ദമംഗലം സ്‌കൂള്‍ അധ്യാപകന്‍, എട്ടാം ക്ലാസ്സ്് വിദ്യാര്‍ഥിയെ പീഡിപ്പിച്ച കേസില്‍ മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ സര്‍ക്കാര്‍ സ്‌കൂളിലെ അധ്യപകന്‍ എന്നിങ്ങനെ വിദ്യാര്‍ഥികള്‍ക്കെതിരായ ലൈംഗികാതിക്രമ കേസുകളില്‍ അധ്യാപകര്‍ പിടിയിലായ റിപോര്‍ട്ടുകള്‍ ധാരാളം.
ലഹരിയുടെ മാരക വിപത്ത് വിദ്യാര്‍ഥികള്‍ക്കിടയില്‍ അനുദിനം വര്‍ധിച്ചു കൊണ്ടിരിക്കുന്നു. സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ മൂന്നിലൊന്ന് ലഹരി ഉപയോഗിക്കുന്നവരാണെന്നാണ് മുന്ന് വര്‍ഷം മുമ്പ് നടത്തിയ സര്‍വേ വ്യക്തമാക്കിയത്. ഇന്ന് ശതമാനം പിന്നെയും വര്‍ധിച്ചിരിക്കണം. ലഹരിക്കെതിരെ വിദ്യാര്‍ഥികളില്‍ അവബോധം സൃഷ്ടിക്കുന്നതിനും ലഹരി വിപത്തില്‍ നിന്ന് മോചിപ്പിക്കുന്നതിനും സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കുകയും ക്യാമ്പസ് പോലീസ് യൂനിറ്റ് സ്ഥാപിക്കുന്നതുള്‍പ്പെടെയുള്ള നിര്‍ദേശങ്ങള്‍ കോടതികള്‍ മുന്നോട്ടുവെക്കുകയും ചെയ്തെങ്കിലും വിദ്യാര്‍ഥികള്‍ക്കിടയില്‍ ലഹരി ഉപയോഗത്തിന് കുറവില്ലെന്നു മാത്രമല്ല, പൂര്‍വോപരി വര്‍ധിച്ചുവരികയുമാണ്. മോണിറ്ററിംഗ് ദി ഫ്യൂച്ചര്‍ 2023 ഡിസംബറില്‍ പുറത്തുവിട്ട സര്‍വേ ഫലമനുസരിച്ച് മയക്കുമരുന്നുപയോഗം മാത്രമല്ല, മദ്യപാനവും വര്‍ധിച്ചുവരുന്നുണ്ട് വിദ്യാര്‍ഥി ലോകത്ത്. പ്ലസ് ടു വിഭാഗത്തില്‍ 46 ശതമാനവും പത്താം ക്ലാസ്സില്‍ 31 ശതമാനവും എട്ടാം ക്ലാസ്സില്‍ 15 ശതമാനവും മദ്യം ഉപയോഗിക്കുന്നവരാണെന്നാണ് രാജ്യത്തെ 235 സ്‌കൂളുകളിലെ 22,000 വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തി നടത്തിയ സര്‍വേയില്‍ പറയുന്നത്. വിദ്യാര്‍ഥികളെ ലഹരിമുക്തരാക്കാന്‍ മയക്കുമരുന്നുവേട്ട കൊണ്ടുമാത്രമായില്ല, മദ്യത്തിന്റെ ലഭ്യത കുറയ്ക്കുകയും മദ്യരഹിത കേരളമെന്ന വാഗ്ദാനം യാഥാര്‍ഥ്യമാക്കുകയും വേണമെന്നാണ് സര്‍വേഫലങ്ങള്‍ അധികൃതരെ ഉണര്‍ത്തുന്നത്.
ഫിറ്റ്‌നസ്സ് സര്‍ട്ടിഫിക്കറ്റില്ലാത്ത സ്‌കൂള്‍ വാഹനങ്ങള്‍ സൃഷ്ടിക്കുന്ന അപകടങ്ങള്‍, സ്‌കൂള്‍ ഭക്ഷണ പാചകത്തിലെ അശ്രദ്ധമൂലം സംഭവിക്കുന്ന ഭക്ഷ്യവിഷബാധ, സ്‌കൂള്‍ പരിസരത്തെ മലിനീകരണം മൂലം സാംക്രമിക രോഗങ്ങള്‍ തുടങ്ങി വേറെയും ധാരാളം സുരക്ഷാപ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ട് വിദ്യാര്‍ഥി സമൂഹം. ഈ വിഷയത്തില്‍ പ്രശ്‌നപരിഹാരത്തിന് മുന്‍കൈയെടുക്കുന്ന ഹൈക്കോടതി നിലപാട് സ്വാഗതാര്‍ഹമാണ്.