Connect with us

Kerala

കള്ളനോട്ട് കേസ്; ഒരാള്‍കൂടി പിടിയില്‍

ഹരിപ്പാട് ചിങ്ങോലി വെള്ളിശ്ശേരിത്തറയില്‍ വീട്ടില്‍ സുരേഷ് ബാബു (50)വിനെയാണ് അറസ്റ്റ് ചെയ്തത്.

Published

|

Last Updated

ആലപ്പുഴ | വനിതാ കൃഷി ഓഫീസര്‍ ഉള്‍പ്പെട്ട കള്ളനോട്ട് കേസില്‍ ഒരാള്‍ കൂടി പോലീസ് പിടിയിലായി. ഹരിപ്പാട് ചിങ്ങോലി വെള്ളിശ്ശേരിത്തറയില്‍ വീട്ടില്‍ സുരേഷ് ബാബു (50)വിനെയാണ് ആലപ്പുഴ സൗത്ത് പോലീസ് ഇന്‍സ്പെക്ടര്‍ എസ് അരുണിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ സമാന കുറ്റകൃത്യത്തിന് 2009 ല്‍ കേസെടുത്തിട്ടുള്ളതാണെന്ന് പോലീസ് പറഞ്ഞു.

കേസില്‍ ഉള്‍പ്പെട്ട പ്രധാന പ്രതി ആലപ്പുഴ സ്വദേശി അജീഷിനെ പാലക്കാട് നിന്ന് നേരത്തെ പിടികൂടിയിരുന്നു. വാഹനം തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ അജീഷിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൃഷി ഓഫീസര്‍ക്ക് കള്ളനോട്ട് നല്‍കിയ വിവരം പോലീസിന് ലഭിച്ചത്. ഇയാളെ ആലപ്പുഴയിലെത്തിച്ച് ചോദ്യം ചെയ്യും.

കഴിഞ്ഞ മാസം 23ന് ഫെഡറല്‍ ബേങ്കിന്റെ ആലപ്പുഴ കോണ്‍വെന്റ് സ്‌ക്വയര്‍ ശാഖയില്‍ നിക്ഷേപിക്കാനെത്തിയ വല വ്യാപാരിയുടെ സഹായി നല്‍കിയ 500 രൂപയുടെ ഏഴ് നോട്ടുകള്‍ കള്ളനോട്ടുകളാണെന്ന് കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് വനിതാ കൃഷി ഓഫീസര്‍ ജിഷയെ അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ക്ക് കള്ളനോട്ട് എത്തിച്ചു നല്‍കിയവര്‍ക്കായി പോലീസ് അന്വേഷണം വ്യാപിപ്പിച്ചതിനിടെയാണ് സുരേഷ് ബാബു പിടിയിലായത്.

സബ് ഇന്‍സ്പെക്ടര്‍മാരായ വി ഡി റെജിരാജ്, മനോജ് കൃഷ്ണ, എസ് സി പി ഒ. രശ്മി ജി, സി പി ഒമാരായ അനീഷ് കുമാര്‍, ഷാന്‍ കുമാര്‍, ജോജോ ജോയ് എന്നിവരടങ്ങിയ പ്രത്യേക സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

 

Latest