Malappuram
ഗ്രീന്‍ ഫീല്‍ഡ് ഹൈവേ നിര്‍മാണം; ഇരകളോട് നീതി കാണിക്കണമെന്ന് കേരള മുസ്ലിം ജമാഅത്ത്
മന്ത്രിമാര്‍ക്കും നാഷണല്‍ ഹൈവേ അതോറിട്ടിക്കും നിവേദനം നല്‍കി.

മലപ്പുറം | പാലക്കാട്-കോഴിക്കോട് ഗ്രീന്‍ ഫീല്‍ഡ് ഹൈവേക്കായി സ്വമേധയാ കിടപ്പാടം വിട്ടുനല്‍കുന്ന ഇരകളോട് നീതി കാണിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്ന് കേരള മുസ്ലിം ജമാഅത്ത് മലപ്പുറം ജില്ലാ കമ്മിറ്റി. വീടും പുരയിടവും നഷ്ടപ്പെടുന്നവര്‍ക്ക് വിപണി വില നിശ്ചയിക്കുന്നതിലുള്ള ഗുരുതരമായ വീഴ്ച അടിയന്തരമായി തിരുത്തണം.
മലപ്പുറത്തും കോഴിക്കോടും വിവിധയിടങ്ങളിലുള്ള വിലവ്യത്യസം വളരെ വലുതാണ്. ഏറ്റവും ചെറിയ നടവഴി ഉള്‍പ്പെടെയുള്ളവയെല്ലാം പരിഗണിക്കണം. കരഭൂമിയെന്നോ വയലെന്നോ വേര്‍തിരിവില്ലാതെ നഷ്ടപ്പെടുന്നവര്‍ക്ക് നിരുപാധികം ആശ്വാസം നല്‍കണം. ഭാഗികമായി വീടുകളും സ്ഥാപനങ്ങളും മറ്റും പൊളിച്ചു മാറ്റുമ്പോഴും പൂര്‍ണമായും നഷ്ടപരിഹാരം ഉറപ്പാക്കണം. നാട്ടിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഇത്രയും കാലം കഠിനാധ്വാനം ചെയ്തുണ്ടാക്കിയ വസ്തുവകകെളെല്ലാം സസന്തോഷം വിട്ടുനല്‍കുന്നവരെ സര്‍ക്കാറും നാഷണല്‍ ഹൈവേ അതോറിറ്റിയും പ്രക്ഷോഭ വഴിയിലേക്ക് തള്ളിവിടരുതെന്നും യോഗം അഭ്യര്‍ഥിച്ചു.
ഇതുസംബന്ധമായി പൊതുമരാമത്ത് മന്ത്രിക്കും ജില്ലയുടെ ചുമതലയുള്ള മന്ത്രി വി അബ്ദുറഹ്മാനും ദേശീയ പാതാ അതോറിട്ടിക്കും നിവേദനം നല്‍കി. പ്രസിഡന്റ് കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി അധ്യക്ഷത വഹിച്ചു. സയ്യിദ് കെ കെ എസ് തങ്ങള്‍ പെരിന്തല്‍മണ്ണ, സയ്യിദ് സ്വലാഹുദ്ധീന്‍ ബുഖാരി, ഊരകം അബ്ദുറഹ്മാന്‍ സഖാഫി, സി കെ യു മൗലവി, വടശ്ശേരി ഹസന്‍ മുസ്ലിയാര്‍, പി എസ് കെ ദാരിമി എടയൂര്‍, അലവിക്കുട്ടി ഫൈസി, മുഹമ്മദ് ഹാജി മുന്നിയൂര്‍, പി കെ മുഹമ്മദ് ബശീര്‍, എം മുഹമ്മദ് പറവൂര്‍, കെ പി ജമാല്‍ കരുളായി, കെ ടി ത്വാഹിര്‍ സഖാഫി, അലിയാര്‍ കക്കാട് പങ്കെടുത്തു.